നോട്ടിംഗ്ഹാം: മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകർത്ത് ഇന്ത്യ ടെസ്റ്റ് പരന്പരയിൽ ശക്തമായ തിരിച്ചുവരവ് നടത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരന്പര 1-2 എന്ന നിലയിലായി. ആദ്യ രണ്ടു ടെസ്റ്റും ഇംഗ്ലണ്ട് വിജയിച്ചിരുന്നു.
ഒരു വിക്കറ്റ് മാത്രം അകലെയായിരുന്ന ഇന്ത്യയുടെ വിജയം തടുക്കാൻ ആൻഡേഴ്സണ്‍-റഷീദ് സഖ്യത്തിന് ആകുമായിരുന്നില്ല. അഞ്ചാം ദിവസം മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ ആൻഡേഴ്സണെ വീഴ്ത്തി അശ്വിനാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 33 റണ്‍സുമായി ആദിൽ റഷീദ് പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ രണ്ടു വിക്കറ്റ് നേടി. 311/9 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് ആറ് റണ്‍സ് കൂടി മാത്രമാണ് ഇംഗ്ലണ്ടിന് ചേർക്കാൻ കഴിഞ്ഞത്.
നേരത്തെ നാലാം ദിനം സെഞ്ചുറി നേടിയ ജോസ് ബട്ലർ അർധ സെഞ്ചുറി നേടിയ ബെൻ സ്റ്റോക്സ് എന്നിവർ മാത്രമാണ് ഇംഗ്ലണ്ടി നിരയിൽ പൊരുതിയത്. ബട്ലർ 106 റണ്‍സും സ്റ്റോക്സ് 62 റണ്‍സും നേടി പുറത്തായി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 169 റണ്‍സ് കൂട്ടിച്ചേർത്തു. സെഞ്ചുറിക്ക് പിന്നാലെ ബട്ലർ വീണതോടെ ഇംഗ്ലണ്ട് കൂട്ടത്തകർച്ചയിലായി.
സ്കോർ: ഇന്ത്യ ഒന്നാം ഇന്നിംഗ്സ് 329, രണ്ടാം ഇന്നിംഗ്സ് 352/7 ഡിക്ലയേർഡ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 161, രണ്ടാം ഇന്നിംഗ്സ് 317. ആദ്യ ഇന്നിംഗ്സിൽ 97 റണ്‍സും രണ്ടാം ഇന്നിംഗ്സിൽ സെഞ്ചുറിയും നേടി ഇന്ത്യൻ ബാറ്റിംഗിന് നെടുംതൂണായ നായകൻ കോഹ്‌ലിയാണ് മാൻ ഓഫ് ദ മാച്ച്.