കിംഗ്സ്റ്റൺ: ഇന്ത്യയുടെ കരുത്തിനു മുന്നിൽ വെസ്റ്റ് ഇൻഡീസിനു നിവർന്നു നിൽക്കാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ ഇന്ത്യ 257 റൺസിന് ജയിച്ചു. 468 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ഇറങ്ങിയ വിൻഡീസ് 210 റൺസിൽ എല്ലാവരും പുറത്തായി. ജയത്തോടെ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരി.
നാലാം ദിനം 45/2 എന്ന നിലയിൽ ആരംഭിച്ച വിൻഡീസിന് 53 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് കൂടി നഷ്ടമായിരുന്നു. റോസ്റ്റണ്‍ ചെയ്സ്(12), ഷിംറോൺ ഹെറ്റ്മെയർ(1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. 23 റൺസെടുത്ത ഡാരെൻ ബ്രാവോ പരിക്ക് മൂലം ക്രീസ് വിട്ടതും വിന്‍ഡീസിന് തിരിച്ചടിയായി. ഷംറഹ് ബ്രൂക്സും (50) ജെർമയ്ൻ ബ്ലാക്ക്വുഡും (38) ക്രീസിൽ ഒന്നിച്ചതോടെ വിൻഡീസ് കരകയറാൻ തുടങ്ങി. എന്നാൽ ബ്ലാക്ക്വുഡിനെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.
പിന്നാലെ ബ്രൂക്സിനെ കോഹ്ലി റണൗട്ടാക്കി. ജഹ്മാർ ഹാമിൾട്ടണെ റണ്ണെടുക്കും മുമ്പ് ജഡേജ മടക്കി. തുടർന്നെത്തിയ കോൺവാൾ(1), കെമർ റോച്ചും(5) വേഗം മടങ്ങി. ഒടുവിൽ 35 പന്തിൽ 39 റൺസുമായി ആഞ്ഞടിച്ച ജേസൺ ഹോൾഡറെ പുറത്താക്കി ജഡേജ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വീതം വിക്കറ്റ് നേടി. ഇഷാന്ത് ശർമ രണ്ടും ബുംറ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ഒന്നാം ഇന്നിംഗ്സിൽ 299 റണ്‍സിന്റെ ലീഡ് നേടിയെങ്കിലും എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ വീണ്ടും ബാറ്റു ചെയ്യാനായിരുന്നു ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ തീരുമാനം. എന്നാൽ നായകന്റെ തീരുമാനം തുടക്കത്തിൽ പാളുന്നതാണ് കണ്ടത്. ഓപ്പണർമാരായ കെ.എൽ രാഹുലും (6) മായങ്ക് അഗർവാളും (4) പെട്ടെന്ന് മടങ്ങി. പുജാര വീണ്ടും (27) നിരാശപ്പെടുത്തിയപ്പോൾ കോഹ്ലിക്ക് (0) അക്കൗണ്ട് തുറക്കാനായില്ല.
അഞ്ചാം വിക്കറ്റിൽ രഹാനെയും (64) ഹനുമ വിഹാരിയുമാണ് (53) ഇന്ത്യയെ രക്ഷിച്ചത്. ഇരുവരും ചേർന്ന് 111 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തു. രണ്ടു പേരും അർധ സെഞ്ചുറി തികച്ചതിനു പിന്നാലെ ഇന്ത്യ ഡിക്ലയർ ചെയ്ത് വിൻഡീസിനെ ബാറ്റിംഗിന് ക്ഷണിച്ചു.
87/7 എന്ന നിലയിൽ മൂന്നാം ദിനം കളി പുനരാരംഭിച്ച വിൻഡീസിന് വെറും 30 റണ്‍സ് കൂടി മാത്രമാണു കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. മൂന്നാം ദിനത്തിലെ മൂന്നു വിക്കറ്റുകൾ ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, രവീന്ദ്ര ജഡേജ എന്നിവർ ചേർന്നു പങ്കുവച്ചു. രണ്ടാം ദിനത്തിലെ ആറു വിക്കറ്റുകാരൻ ജസ്പ്രീത് ബും റയ്ക്ക് മൂന്നാം ദിനത്തിൽ വിക്കറ്റൊന്നും ലഭിച്ചില്ല. 34 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്മയറാണ് വിൻഡീസ് ടോപ് സ്കോറർ.