പൂന: സാം കരന്റെ ഒറ്റയാൾ പോരാട്ടത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഇന്ത്യക്ക് ഏഴ് റൺസ് വിജയം.
ഇന്ത്യ ഉയർത്തിയ 329 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഏഴു റൺ അകലെ വീണു. ഇതോടെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. നേരത്തെ ടെസ്റ്റ്, ട്വന്റി 20 പരമ്പരകളും ഇന്ത്യ നേടിയിരുന്നു.
ഏതാണ്ട് അനായാസ വിജയം ഉറപ്പിച്ച ഇന്ത്യയിൽ നിന്ന് മത്സരം തട്ടിയെടുത്ത് ഒറ്റയ്ക്കു പൊരുതിയ സാം കരനാണ് (95*) തോൽവിയിലും ഹീറോയായത്.
ആറിന് 168 എന്ന നിലയിൽനിന്നാണ് കരൻ ഇംഗ്ലണ്ടിനെ ഒറ്റയ്ക്കു തോളിലേറ്റി പുറത്താകാതെ അവസാന പന്തുവരെ പോരാടിയത്. 83 പന്ത് നേരിട്ട കരൻ ഒൻപത് ഫോറും മൂന്ന് സിക്സറും നേടി.
അവസാന ഓവറിൽ ജയിക്കാൻ 14 റൺസ്. നടരാജൻ എറിഞ്ഞ ഓവറിൽ ഒരു ഫോർ ഉൾപ്പെടെ ഏഴ് റൺസ് മാത്രമാണ് വിട്ടു നൽകിയത്. ഇന്ത്യക്ക് ആവേശ ജയം.
കരനെ കൂടാതെ അർധസെഞ്ചുറി നേടിയ ഡേവിഡ് മലനും (50) ലിവിംഗ്സ്റ്റണും (36) ബെൻസ്റ്റോക്സും (35) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ഇംഗ്ലണ്ടിന്റെ മുൻനിരയെ തകർന്ന ഭുവനേശ്വർ കുമാറും മധ്യനിരയെ പിഴുത ശാർദുൽ താക്കൂറും കളി ഇന്ത്യക്ക് അനുകൂലമാക്കിയത്.
എന്നാൽ നാല് വിക്കറ്റ് വീഴ്ത്തിയ ശാർദുൽ അവസാന ഓവറിൽ തല്ല് മേടിച്ചതോടെ ജയം കൈയാലപ്പുറത്തായി. ഭുവനേശ്വർ മൂന്ന് വിക്കറ്റ് വീഴ്ത്തി. നടരാജൻ ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാട്ടിയില്ല. കൃണാൽ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും അടിവാങ്ങി.
അനായാസ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയും ഇംഗ്ലണ്ടിനെ ഇന്ത്യ തുണച്ചു. ഹാർദിക് പാണ്ഡ്യയും നടരാജനും ശാർദുലും ക്യാച്ച് നഷ്ടപ്പെടുത്തി. അവസാന ഓവറിൽ സാം കരന്റെ ഉൾപ്പെടെ ക്യാച്ച് കൈവിട്ടുകളഞ്ഞു. നേരത്തെ ശിഖർ ധവാൻ (67), ഋഷഭ് പന്ത് (78), ഹാർദിക് പാണ്ഡ്യ (64) എന്നിവരുടെ അർധ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ കണ്ടെത്തിയത്.