ദോഹ: സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ ലോകകപ്പ്, ഏഷ്യന്‍ കപ്പ് യോഗ്യതാ ഫുട്ബോളില്‍ ഇന്ത്യക്കു ജയം. ഇന്ത്യ 2-0ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി. ജയത്തോടെ ഇന്ത്യ 2023 ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ടിലേക്കു നേരിട്ടു പ്രവേശനത്തിനുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്തി.
ലോകകപ്പ് യോഗ്യതയില്നിന്നു പുറത്തായ ഇന്ത്യ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടും. ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യന്‍ പരിശീലകന് ഇഗോര്‍ സ്റ്റിമാച്ചിന്റെ ആദ്യ ജയമാണ്.
ഇന്ത്യക്കു ജയം അനിവാര്യമായ മത്സരത്തില്‍ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ ഇന്ത്യ ആക്രമണം കൂടുതല്‍ ശക്തമാക്കി. അര്‍ഹിച്ച ലീഡ് ഇന്ത്യ 79-ാം മിനിറ്റില്‍ നേടി. തകര്‍പ്പനൊരു ഹെഡറിലൂടെ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. 90+2-ാം മിനിറ്റില്‍ മികച്ചൊരു ലോംഗ് റേഞ്ചറിലൂടെ ഛേത്രി രണ്ടാം ഗോളും നേടി ഇന്ത്യയുടെ ജയം ഉറപ്പിച്ചു.