മെൽബണ്‍: ചരിത്രത്തിലൊരിക്കലും ഇന്ത്യ ഇത്ര ആധികാരികമായി ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കിയിട്ടില്ല. മൂന്ന് മത്സര ട്വന്റി-20 പരന്പര 1-1ന് സമനിലയിലാക്കി ഓസീസ് പര്യടനത്തിനു തുടക്കമിട്ട ഇന്ത്യ തുടർന്ന് നടന്ന നാല് മത്സര ടെസ്റ്റ് പരന്പര 2-1ന് സ്വന്തമാക്കി. പിന്നാലെ മൂന്ന് മത്സര ഏകദിന പരന്പരയിലും 2-1ന്റെ കിരീട ധാരണം. അതോടെ നവംബർ 21ന് ആരംഭിച്ച് ഇന്നലെ അവസാനിച്ച ഇന്ത്യയുടെ കംഗാരുവേട്ടയ്ക്ക് ശുഭപര്യവസാനം.
ഇന്നലെ നടന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിനാണ് വെന്നിക്കൊടി പാറിച്ചത്. സ്കോർ: ഓസ്ട്രേലിയ 48.4 ഓവറിൽ 230. ഇന്ത്യ 49.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 234.
കറക്കി വീഴ്ത്തി ചാഹൽ
യുസ്വേന്ദ്ര ചാഹലിന്റെ ബൗളിംഗ് മികവാണ് ഓസ്ട്രേലിയയെ ചുരുങ്ങിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യക്ക് സഹായകമായത്. 10 ഓവറിൽ 42 റണ്‍സ് വഴങ്ങി ചാഹൽ ആറ് വിക്കറ്റുകൾ സ്വന്തമാക്കി. സ്റ്റോയിൻസിനെ ചാഹലിന്റെ പന്തിൽ ഉജ്വല ക്യാച്ചിലൂടെ രോഹിത് ശർമയായിരുന്നു കൈപ്പിടിയിലൊതുക്കിയത്. മാക്സ്വെല്ലിനെ (26 റണ്‍സ്) പുറത്താക്കാൻ ഭുവനേശ്വർ കുമാർ ഓടിവന്ന് ഡൈവ് ചെയ്ത് എടുത്ത ക്യാച്ചും കാണികളെ ആവേശഭരിതരാക്കി.
1000 തികച്ച് ധോണി; കൂട്ടുചേർന്ന് കേദാർ
231 റണ്‍സ് വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ഇന്ത്യക്ക് സ്കോർബോർഡിൽ 15 റണ്‍സ് ഉള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. രോഹിത് ശർമയെ (9 റണ്‍സ്) സിഡിൽ ഷോണ്‍ മാർഷിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ശിഖർ ധവാനും (23 റണ്‍സ്) ക്യാപ്റ്റൻ വിരാട് കോഹ്ലിയും (46 റണ്‍സ്) പുറത്താകുന്പോൾ ഇന്ത്യൻ സ്കോർ 30 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 113. തുടർന്ന് ക്രീസിൽ ഒന്നിച്ച കേദാർ ജാദവും എം.എസ്. ധോണിയും കൂടുതൽ വിക്കറ്റ് നഷ്ടംകൂടാതെ ഇന്ത്യയെ ജയത്തിലെത്തിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് സ്ഥാപിച്ചു.
57 പന്തിൽനിന്ന് ഏഴ് ഫോറിന്റെ സഹായത്തോടെ 61 റണ്‍സുമായി കേദാറും 114 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ 87 റണ്‍സുമായി ധോണിയും പുറത്താകാതെനിന്നു. പൂജ്യത്തിൽനിൽക്കുന്പോഴും 64ൽ നിൽക്കുന്പോഴും ധോണിയുടെ ക്യാച്ച് ഓസീസ് ഫീൽഡർമാർ വിട്ടുകളഞ്ഞിരുന്നു.
ഓസ്ട്രേലിയയിൽ 1000 ഏകദിന റണ്‍സ് കുറിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായി എം.എസ്. ധോണി. വ്യക്തിഗത സ്കോർ 34 റണ്‍സ് നേടിയപ്പോഴാണ് ധോണി ഈ നാഴികക്കല്ലിലെത്തിയത്. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരും ഓസീസിൽ 1000 കടന്നിട്ടുണ്ട്.
സ്കോർബോർഡ്
ഓസ്ട്രേലിയ ബാറ്റിംഗ്: കാറെ സി കോഹ്ലി ബി ഭുവനേശ്വർ 5, ഫിഞ്ച് എൽബിഡബ്ല്യു ബി ഭുവനേശ്വർ 14, ഖവാജ സി ആൻഡ ബി ചാഹൽ 34, ഷോണ്‍ മാർഷ് സ്റ്റംപ്ഡ് ധോണി ബി ചാഹൽ 39, ഹാൻഡ്സ്കോന്പ് എൽബിഡബ്ല്യു ബി ചാഹൽ 58, സ്റ്റോയിൻസ് സി രോഹിത് ബി ചാഹൽ 10, മാക്സ്വെൽ സി ഭുവനേശ്വർ ബി ഷാമി 26, റിച്ചാർഡ്സണ് സി ജാദവ് ബി ചാഹൽ 16, സാംപ സി ശങ്കർ ബി ചാഹൽ 8, സിഡിൽ നോട്ടൗട്ട് 10, സ്റ്റാൻലേക്ക് ബി ഷാമി 0, എക്സ്ട്രാസ് 10, ആകെ 48.4 ഓവറിൽ 230.
ബൗളിംഗ്: ഭുവനേശ്വർ 8-1-28-2, ഷാമി 9.4-0-47-2, വിജയ് ശങ്കർ 6-0-23-0, കേദാർ ജാദവ് 6-0-23-0, രവീന്ദ്ര ജഡേജ 9-0-53-0, ചാഹൽ 10-0-42-6.
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി മാർഷ് ബി സിഡിൽ 9, ധവാൻ സി ആൻഡ് ബി സ്റ്റോയിൻസ് 23, കോഹ്ലി സി കാറെ ബി റിച്ചാർഡ്സണ് 46, ധോണി നോട്ടൗട്ട് 87, കേദാർ ജാദവ് നോട്ടൗട്ട് 61, എക്സ്ട്രാസ് 8, ആകെ 49.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 234.
ബൗളിംഗ്: റിച്ചാർഡ്സണ് 10-1-27-1, സിഡിൽ 9-1-56-1, സ്റ്റാൻലേക്ക് 10-0-49-0, മാക്സ് വെൽ 1-0-7-0, സാംപ 10-0-34-0, സ്റ്റോയിൻസ് 9.2-0-60-1.