ന്യൂഡൽഹി: ചിരവൈരികളായ പാക്കിസ്ഥാനെ ടീം ഇന്ത്യ കെട്ടുകെട്ടിച്ചതോടെ രാജ്യം ആഘോഷ തിമിർപ്പിലായി. രാജ്യത്തെ വിവിധ നഗരങ്ങളും തെരുവുകളും ദേശീയ പതാകയേന്തിയ ക്രിക്കറ്റ് ആരാധകരെ കൊണ്ട് നിറഞ്ഞു.
ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ ഇന്ത്യ 89 റൺസിനാണ് പരാജയപ്പെടുത്തിയത്. മഴ നിയമപ്രകാരം 40 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ പാക് വിജയലക്ഷ്യം 302 റൺസായി പുതുക്കി നിശ്ചയിച്ചു. എന്നാൽ പാക്കിസ്ഥാന് 212 റൺസ് എടുക്കാൻ മാത്രമാണ് സാധിച്ചത്.
സമീപകാല അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ഇന്ത്യ കളിക്കേണ്ടെന്ന അഭിപ്രായങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ലോകകപ്പ് പോലെയുള്ള സുപ്രധാന ടൂർണമെന്റിൽ മത്സരിച്ച് ജയിക്കണം എന്ന വാദങ്ങളും ഉയർന്നു വന്നു. ഇതോടെ കടുത്ത നിലപാടിൽ ബിസിസിഐ അയവു വരുത്തുകയായിരുന്നു.
അക്രമ സംഭവങ്ങളും തുടർന്ന് പാക്കിസ്ഥാനുമായി കളിക്കണോ എന്നുള്ള ചർച്ചകളുമെല്ലാം ഉയർന്നതോടെ ഞായറാഴ്ചത്തെ മത്സരം ടോസ് ഇടുന്നതിനു മുന്നേ തന്നെ ആവേശക്കൊടുമുടി കയറിയിരുന്നു. ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നേ വിംഗ് കമാൻഡർ അഭിന്ദൻ വർധമാനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഒരു പരസ്യവും കൂടി പാക്മാധ്യമങ്ങൾ പുറത്ത് വിട്ടപ്പോൾ ഇന്ത്യൻ ആരാധകരുടെ എതിർപ്പ് ഇരട്ടിയായി.
ഈ എതിർപ്പുകളെല്ലാമാണ് ഇന്ത്യൻ ജയത്തോടെ അണപൊട്ടിയൊഴുകിയത്.