ഭൂവനേശ്വർ: ഒളിന്പിക്സ് യോഗ്യത മത്സയത്തിൽ റഷ്യയെ തകർത്ത് ഇന്ത്യ. പുരുഷൻമാരുടെ ഹോക്കിയിൽ 4-2നാണ് ഇന്ത്യ റഷ്യയെ തറപറ്റിച്ചത്. മന്ദീപ് സിംഗിന്റെ ഇരട്ട ഗോളാണ് ഇന്ത്യക്കു കരുത്തായത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഹർമൻപ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ 17-ാം മിനിറ്റിൽ ആന്ദ്രെ കുറേവിന്റെ ഗോളിൽ സന്ദർശകർ ഒപ്പമെത്തി. 24-ാം മിനിറ്റിൽ മന്ദീപ് സിംഗ്് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. 48-ാം മിനിറ്റിൽ സുനിൽ ലീഡ് വീണ്ടും ഉയർത്തി. 53-ാം മിനിറ്റിലായിരുന്നു മന്ദീപ് വീണ്ടും റഷ്യൻ വല ചലിപ്പിച്ചത്.
അവസാന മിനിറ്റിലായിരുന്നു റഷ്യയുടെ രണ്ടാം ഗോൾ പിറന്നത്. രണ്ട് മത്സരങ്ങൾ അടങ്ങുന്നതാണ് യോഗ്യത റൗണ്ട് പോരാട്ടം. ശനിയാഴ്ച നടക്കുന്ന മത്സരത്തിലെ കൂടി ഗോളുകൾ കണക്കാക്കി, രണ്ട് മത്സരങ്ങളിലും കൂടുതൽ ഗോൾ കണ്ടെത്തിയ ടീമാകും ടോക്കിയോ ഒളിന്പിക്സിലേക്ക് അടുക്കുക.