പരന്പര ഇന്ത്യയ്ക്ക്; കോഹ്‌ലിയുടെ സെഞ്ചുറി മികവിൽ വിൻഡീസിനെ തകർത്തു

kohili കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇൻഡീസിനെതിരായ അവസാനത്തെ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റ് വിജയം. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരന്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ആദ്യ ഏകദിനം മഴയിൽ നഷ്ടപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അന്പത് ഓവറിൽ 205 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ നായകൻ വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ചുറി പ്രകടനമാണ് വിജയത്തിലേക്കു നയിച്ചത്. പുറത്താകാതെ 115 പന്തിൽനിന്ന് 111 റണ്‍സാണ് അദ്ദേഹം നേടിയത്. 12 ഫോറും രണ്ടു സിക്സുമടങ്ങിയതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്സ്. ഏകദിന കരിയറിലെ 28-ാം സെഞ്ചുറിയുമാണ് കോഹ്‌ലി തികച്ചത്.

ഓപ്പണ്‍ ചെയ്ത അജിങ്ക്യ രഹാനെയുടെയും (39) ശിഖർ ധവാന്‍റെയും (4) വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. അർധ സെഞ്ചുറി നേടി പുറത്താകാതെ നിന്ന ദിനേഷ് കാർത്തിക് കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകി. നേരത്തേ, ഷായി ഹോപ് (51), കെയ്ൽ ഹോപ് (46), ജേസണ്‍ ഹോൾഡർ (36), റോവ്മെൻ പവൽ (31) എന്നിവരാണ് വിൻഡീസിനു പൊരുതാനുള്ള സ്കോർ നൽകിയത്.

ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷാമി നാലും ഉമേഷ് യാദവ് മൂന്നു വിക്കറ്റും വീഴ്ത്തി. കോഹ്‌ലിയാണ് കളിയിലെ താരം. പരന്പരയിലെ താരമായി അജിങ്ക്യ രഹാനയേയും തെരഞ്ഞെടുത്തു.

Related posts