ന്യൂഡൽഹി: ട്വന്റി 20 ക്രിക്കറ്റിൽ ന്യൂഡിലൻഡിനെതിരേ ആദ്യ ജയം കുറിച്ച് ഇന്ത്യ. ഡൽഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 53 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 203 റണ്‍സ് പിന്തുടർന്ന കിവീസിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സ് മാത്രമാണു നേടാൻ കഴിഞ്ഞത്.
വിരമിക്കുന്ന വെറ്ററൻ ബൗളർ ആശിഷ് നെഹ്റയ്ക്കു വിജയത്തോടെ യാത്രയയപ്പ് നൽകാനും ഇന്ത്യക്കു കഴിഞ്ഞു. മുന്‍പ് ആറു തവണ ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റുമുട്ടിയപ്പോഴും വിജയം കിവീസിനൊപ്പമായിരുന്നു. ജയത്തോടെ മൂന്നു മത്സര പരന്പരയിൽ ഇന്ത്യ മുന്നിലെത്തി.
തകർപ്പൻ ബാറ്റിംഗിനൊപ്പം ബൗളിംഗും മികച്ചുനിന്നപ്പോഴാണ് വിജയം ഇന്ത്യയുടെ വഴിക്കുവന്നത്. 39 റണ്‍സ് നേടിയ ടോം ലാഥമാണ് കിവീസ് ടോപ് സ്കോറർ. നായകൻ കെയ്ൻ വില്ല്യംസണ്(28), ടോം ബ്രൂസ്(10), മിച്ചൽ സാന്റ്നർ(27), ഇഷ് സോധി(11) എന്നിവർക്കൊഴികെ മറ്റാർക്കും കിവീസ് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല. ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ എന്നിവർ രണ്ടും ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവർ ഓരോവിക്കറ്റും നേടി. വിടവാങ്ങൽ മത്സരത്തിൽ നാലോവർ ബൗൾ ചെയ്ത നെഹ്റയ്ക്ക് ഒരു വിക്കറ്റും ലഭിച്ചില്ല.
നേരത്തെ, രോഹിത് ശർമയുടെയും ശിഖർ ധവാന്റെയും റിക്കാർഡ് പ്രകടനങ്ങളുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 202/3 എന്ന സ്കോറിൽ ബാറ്റിംഗ് അവസാനിപ്പിച്ചു.
രോഹിത് ശർമ(55 പന്തിൽ 80), ശിഖർ ധവാൻ(52 പന്തിൽ 80) എന്നിവരുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്കു മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 158 റണ്‍സ് അടിച്ചുകൂട്ടി. രോഹിത് നാലു സിക്സറും ആറു ബൗണ്ടറിയും പായിച്ചപ്പോൾ ധവാന്റെ നേട്ടം പത്തു ബൗണ്ടറികളും രണ്ടു സിക്സറുകളുമായിരുന്നു.
ഇരുവരും പുറത്തായശേഷമെത്തിയ ഹാർദിക് പാണ്ഡ്യ(0) അതിവേഗത്തിൽ മടങ്ങിയെങ്കിലും നായകൻ വിരാട് കോഹ്ലി(11 പന്തിൽ 26)യും എം.എസ്.ധോണി(രണ്ടു പന്തിൽ 7)യും ചേർന്ന് ചടങ്ങു പൂർത്തിയാക്കി. കിവീസിനായി ഇഷ് സോധി രണ്ടും ട്രന്റ് ബോൾട്ട് ഒന്നും വിക്കറ്റ് നേടി. നാല് ഓവറിൽ 25 റണ്‍സ് വഴങ്ങിയ സോധിക്കൊഴികെ മറ്റാർക്കും കിവീസ് ബൗളിംഗ് നിരയിൽ തിളങ്ങാൻ കഴിഞ്ഞതുമില്ല.
രോഹിതും ധവാനും കുറിച്ച 158 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യൻ റിക്കാർഡാണ്. ധർമശാലയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ രോഹിതും കോഹ്ലിയും ചേർന്നു കുറിച്ച 138 റണ്‍സ് റിക്കാർഡാണ് ഫിറോസ് ഷാ കോട്ലയിൽ പഴങ്കഥയായത്. 11 ഇന്നിംഗ്സിനുശേഷമാണ് രോഹിതും ധവാനും ചേർന്ന് 50 റണ്‍സിനു മുകളിൽ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കുന്നത്.