“വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ സംഘം നാള്‍ക്കുനാള്‍ മെച്ചപ്പെടുകയേയുള്ളൂ. കോഹ്ലിയുടെ നായകപാടവവും ബാറ്റിഗും ഇന്ത്യയെ പുതിയ മാനങ്ങളിലേക്ക് നയിക്കും”: പറഞ്ഞത് മറ്റാരുമല്ല, ഓസ്ട്രേലിയയുടെ മൈക്ക് ഹസി. ഹസിയെപ്പോലൊരു ലോകക്രിക്കറ്റര്‍ ഇത്തരത്തില്‍ അഭിപ്രായപ്പെടണമെങ്കില്‍ കാര്യം അത്രനിസാരമാകില്ല. മൂന്നാം ടെസ്റ്റിലെ ഇന്ത്യയുടെ ജയത്തിനുശേഷമാണ് ഹസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കാരണം, ആദ്യ രണ്ട് ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. രണ്ടാം ടെസ്റ്റില്‍ നായകന് വിരാട് സെഞ്ചുറി നേടിയതു മുതലായിരുന്നു കാര്യങ്ങള്‍ മാറിമറിഞ്ഞത്. പോരാട്ടവീര്യം നായകനില്‍നിന്ന് മറ്റുള്ള ടീം അംഗങ്ങളിലേക്കുമെത്തിയപ്പോള് മൂന്നാം ടെസ്റ്റ് ഇന്ത്യ 63 റണ്‍സിനു വിജയിച്ചു.
ബംഗ്ലാദേശ്, ഓസ്ട്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരേ പരമ്പര നേടിയശേഷമായിരുന്നു ഇന്ത്യ ആഫ്രിക്കന്‍ വന്‍കരയിലേക്ക് യാത്ര ചെയ്തത്. പതിവ് വിദേശ പര്യടനചരിത്രം ആവര്‍ത്തിച്ച് രണ്ട് ടെസ്റ്റ് പരാജയപ്പെട്ടു. എന്നാല്‍, പിന്നീട് കോഹ്ലിയും ഇന്ത്യയും കാര്യങ്ങള്‍ സ്വന്തംവരുതിയിലേക്ക് കൊണ്ടുവരുന്നതായിരുന്നു കണ്ടത്.
ചരിത്രം പിറന്നപ്പോള്‍
ചരിത്രത്തിന്റെ ഭാഗമാകുക എന്നത് സുഖമുള്ള ഓര്‍മയാണ്: ഏകദിന പരമ്പര 5-1നു സ്വന്തമാക്കിയശേഷം വിരാടിന്റെ വാക്കുകള്‍. അതെ, കാല്‍നൂറ്റാണ്ടായി മഴവില്‍ രാജ്യത്തേക്ക് ബാറ്റും ബോളുമായി പോയെങ്കിലും ഒരു തവണപോലും ടെസ്റ്റ്, ഏകദിന കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ആ പാപക്കറയാണ് വിരാട് കോഹ്ലിയും സംഘവും ഇത്തവണ കഴുകിക്കളഞ്ഞത്. ഏകദിനത്തിനു പിന്നാലെ ട്വന്റി-20 പരമ്പരയും സ്വന്തമാക്കിയതോടെ വിരാടസംഘത്തിന്റെ ഗ്ലാമര്‍ ഇരട്ടിച്ചു. മുന്‍ പര്യടങ്ങളില്‍ ട്വന്റി-20 പരാജയപ്പെട്ട ചരിത്രം ഇന്ത്യക്കില്ലെന്നതും മറ്റൊരു യാഥാര്‍ഥ്യമാണ്.
എന്നാല്‍, അന്ന് ഒരു ട്വന്റി-20 മത്സരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരടാ… എന്നു ചോദിച്ചാല്‍, ഞാനെടാ… എന്ന് മറുപടി നല്കുന്ന നായകന് മുന്നില്‍നിന്ന് നയിച്ചപ്പോള്‍ ഇന്ത്യ ചരിത്രം കുറിച്ചു. അതും ഇരട്ടക്കിരീടവുമായി. പര്യടനത്തില്‍ എട്ട് ജയം വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കി, ഒരു ടെസ്റ്റും അഞ്ച് ഏകദിനവും രണ്ട് ട്വന്റി-20യും. ഇക്കാലമത്രയും വെറുംകയ്യോടെ മടങ്ങേണ്ടിവന്നതിന്റെ കണക്കുതീര്‍ക്കലായിരുന്നു അത്.
പര്യടനം ഇതുവരെ
1992-93ലാണ് ഇന്ത്യയുടെ ആദ്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം. മുഹമ്മദ് അസ്ഹറുദ്ദീന്റെ നായകത്വത്തില്‍ മഴവില്ലിന്റെ രാജ്യത്ത് എത്തിയ ഇന്ത്യക്ക് സാന്നിധ്യമറിയിക്കാന്‍ സാധിച്ചു. നാല് ടെസ്റ്റ് പരമ്പര 1-0നു നഷ്ടപ്പെട്ടെങ്കിലും മിന്നല്പിണറായ അലന് ഡൊണാള്ഡിനു മുന്നില്‍ മൂന്നു മത്സരങ്ങളില്‍ കടപുഴകാതെ പിടിച്ചുനിന്നു. തുടര്‍ന്നു നടന്ന ഏകദിന പരമ്പര 5-2ന് ഇന്ത്യ അടിയറവച്ചു.
1996-97 ല്‍ മൂന്ന് ടെസ്റ്റ് കളിക്കാന്‍ ചെന്നതില്‍ രണ്ടിലും തോല്‍വി വഴങ്ങി തലതാഴ്ത്തി മടങ്ങി. 2001-02ലും കഥയില്‍ മാറ്റമുണ്ടായില്ല. രണ്ട് ടെസ്റ്റ് പരമ്പര 1-0നു വിട്ടുനല്‍കി തിരികെപ്പോന്നു. 2006-07ലാണ് ഇന്ത്യക്ക് ആദ്യമായി ഒരു പരമ്പര ലഭിക്കുന്നത്. ട്വന്റി-20യിലായിരുന്നു അത്. ട്വന്റി-20 ലോകചാമ്പ്യന്മാരായ ഇന്ത്യ ഒരു മത്സര പരമ്പര 1-0നു നേടി. എന്നാല്‍, മൂന്നു മത്സര ടെസ്റ്റ് പരമ്പര 2-1നും അഞ്ച് മത്സര ഏകദിന പരമ്പര 4-0നും അടിയറവച്ചിരുന്നു.
2010-11ല്‍ കഥയില്‍ ചെറിയ മാറ്റംകണ്ടു. ടെസ്റ്റ് പരമ്പര അടിയറവച്ചില്ല, പകരം 1-1ന് പങ്കിട്ടു. മൂന്ന് മത്സരങ്ങളായിരുന്നു അന്നത്തെ ടെസ്റ്റ് പരമ്പരയില്‍ ഉണ്ടായിരുന്നത്. ഏകദിനത്തില്‍ മാറ്റത്തിന്റെ ലാഞ്ഛന കണ്ടതും ആ സീരീസില്‍. ആദ്യ ഏകദിനത്തില്‍ 135 റണ്‍സിന്റെ തോല്‍വി വഴങ്ങിയെങ്കിലും രണ്ടാം ഏകദിനത്തില്‍ ഒരു റണ്ണിന് ഇന്ത്യ ജയിച്ചു, മൂന്നാം മത്സരത്തില്‍ രണ്ട് വിക്കറ്റിനും.
ആരാധകരെ കൊതിപ്പിച്ചെങ്കിലും നാലും അഞ്ചും ഏകദിനങ്ങളില്‍ തോല്‍വി വഴങ്ങി ഇന്ത്യ പരമ്പര 5-2ന് നഷ്ടപ്പെടുത്തി. തുടര്‍ന്ന് ഒരു മത്സര ട്വന്റി-20 ജയിച്ച് മാനംകാത്ത് ഇന്ത്യയിലേക്ക് മടങ്ങി. 2013-14ല്‍ മൂന്നു മത്സര ഏകദിന പരമ്പര 2-0നും രണ്ട് മത്സര ടെസ്റ്റ് പരമ്പര 1-0നും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ഇനി എന്ത്?
ഇന്ത്യയുടെ അടുത്ത വിദേശ പര്യടനം ജൂലൈയില്‍ ഇംഗ്ലണ്ടിലേക്കാണ്. തുടര്‍ന്ന് നവംബറില്‍ ഓസ്ട്രേലിയയിലേക്കും പിന്നാലെ ന്യൂസിലന്‍ഡിലേക്കും. ടെസ്റ്റ് ലോക ഒന്നാം റാങ്ക് ട്രോഫി ശനിയാഴ്ച ദക്ഷിണാഫ്രിക്കയില്‍വച്ച് ഏറ്റുവാങ്ങിയ കോഹ്ലിക്കും സംഘത്തിനും മുന്നിലുള്ള യഥാര്‍ഥ പരീക്ഷണങ്ങളുടെ നാളുകളാണ് വരാനിരിക്കുന്നതെന്ന് ചരുക്കം… ശ്രീലങ്കയിലേക്ക് പോകുന്നുണ്ടെങ്കിലും പ്രമുഖര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ ടീമിലുണ്ടാകില്ല. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്കെത്തുന്നുമുണ്ട്. വിദേശ പര്യടനങ്ങള്‍ എല്ലാ ടീമുകള്‍ക്കും വിഷമകരമാണ്. അത് ഏതുരാജ്യമാണെങ്കില്പോലും: ഹസിയുടെ വാക്കുകളാണിത്.