അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നിർണായക ട്വന്റി-20യിൽ ഇന്ത്യയ്ക്ക് എട്ട് റണ്‍സ് ജയം. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറിയും ഷാർദുൽ താക്കൂറിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരന്പര 2-2ന് സമനിലയിലായി.
എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ഉയർത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനായി ഓപ്പണർ ജയ്സണ്‍ റോയി (27പന്തിൽ 40) മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബെൻസ് സ്റ്റോക്സ് (46), ജോണി ബെയർസ്റ്റോ (25) എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു.
അവസാന ഓവറുകളിൽ തകർത്ത് അടിച്ച സ്റ്റോക്സിനെയും തൊടടുത്ത പന്തിൽ ഇയോൻ മോർഗനെയും വീഴ്ത്തി താക്കൂറാണ് ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തെളിച്ചത്. നിർണായകമായ അവസാന ഓവറിൽ താക്കൂർ പിടിമുറിക്കിയതോടെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സിൽ ഒതുങ്ങി ഇംഗ്ലണ്ട്.
ഇന്ത്യയ്ക്കായി താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയും രാഹുൽ ചഹാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ സൂര്യകുമാർ യാദവിന്റെ കന്നി അന്താരാഷ്ട്ര അർധ സെഞ്ചുറിയുടെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 31 പന്തിൽ ആറു ഫോറിന്റെയും മൂന്നു സിക്സിന്റെയും അകന്പടിയിലാണ് സൂര്യകുമാർ 57 റണ്‍സ് എടുത്തത്.
ഋഷഭ് പന്ത് (30), ശ്രേയസ് അയ്യർ (37) എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ സ്കോറിനു കരുത്തായി.ആദ്യ ഓവറിലെ ആദ്യ പന്ത് സിക്സ് പറത്തി രോഹിത് ശർമ ഗംഭീര തുടക്കമിട്ടു.
ഈ തുടക്കം അധികനേരം നീട്ടുക്കൊണ്ടുപോകാൻ രോഹിതിനായില്ല. ജോഫ്ര ആർച്ചർക്കു റിട്ടേണ്‍ ക്യാച്ച് നൽകി രോഹിത് (12) മടങ്ങി. കെ.എൽ. രാഹുലിന് (14) ഇത്തവണയും തിളങ്ങാനായില്ല. കോഹ്ലിക്ക് ഒരു റണ്‍ മാത്രമാണ് നേടാനായത്.
ആർച്ചർ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദിൽ റഷീദ്, മാർക്ക് വുഡ്, ബെൻ സ്റ്റോക്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി