റാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര ഇന്ത്യ സ്വന്തമാക്കി. തുടർച്ചയായ രണ്ടാം ജയത്തോടെയാണിത്. മൂന്ന് മത്സര പരന്പരയിലെ രണ്ടാം മത്സരത്തിൽ 16 പന്ത് ബാക്കിനിൽക്കേ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.
പരന്പരയിലെ മൂന്നാം മത്സരം നാളെ നടക്കും. 154 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരായ കെ.എൽ. രാഹുലും (49 പന്തിൽ 65) രോഹിത് ശർമയും (36 പന്തിൽ 55) തകർപ്പൻ തുടക്കമാണ് കുറിച്ചത്.
ഓപ്പണിംഗ് വിക്കറ്റിൽ 13.2 ഓവറിൽ 117 റണ്‍സ് ചേർത്തശേഷമാണ് ഇവർ പിരിഞ്ഞത്. മൂന്നാം നന്പറായെത്തിയ വെങ്കിടേഷ് അയ്യർ (11 പന്തിൽ 12), അഞ്ചാം നന്പറായെത്തിയ ഋഷഭ് പന്ത് (6 പന്തിൽ 12) എന്നിവർ പുറത്താകാതെനിന്നു. തുടർച്ചയായ രണ്ട് സിക്സിലൂടെ പന്ത് ആണ് വിജയ റണ്‍ കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് മികച്ച തുടക്കമാണിട്ടത്. മികച്ച സ്കോറിലേക്കു പോകുമെന്നു തോന്നിച്ച ന്യൂസിലൻഡിന് മധ്യ ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കൂച്ചുവിലങ്ങിട്ടു. ഐപിഎല്ലിലെ മികവിലൂടെ ദേശീയ ടീമിലെത്തിയ ഹർഷൽ പട്ടേൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.
നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് താരം സ്വന്തമാക്കി. ഡാറെൽ മിച്ചൽ, ഗ്ലെൻ ഫിലിപ്പ്സ് എന്നിവരുടെ വിക്കറ്റാണ് ഹർഷൽ വീഴ്ത്തിയത്.