മാഞ്ചസ്റ്റർ: കപിലിനും ധോണിക്കും ശേഷം ഇന്ത്യക്കായി ലോകകപ്പുയർത്താമെന്ന വിരാട് കോഹ്ലിയുടെ മോഹങ്ങൾ മാഞ്ചസ്റ്ററിന്റെ മണ്ണിൽ പൊലിഞ്ഞു വീണു. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ 18 റൺസിന് തോറ്റ് പുറത്തായി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ 221 റൺസിന് പുറത്തായി. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 239/8, ഇന്ത്യ 49.3 ഓവറിൽ 221ന് ഓൾഔട്ട്.
ഫോമിലുള്ള ഇന്ത്യൻ ബാറ്റിംഗ് നിരയെ സംബന്ധിച്ച് വലിയ സ്കോറേ അല്ലാതിരുന്ന 239 പിന്തുടരുമ്പോൾ ആരാധകർ പ്രതീക്ഷിച്ചത് ഒരു അനായാസ ജയമായിരുന്നു. എന്നാൽ,തുടക്കത്തിൽ തന്നെ പിച്ചിലെ ഈർപ്പം മുതലാക്കി പന്തെറിഞ്ഞ ന്യൂസിലൻഡ് അതിവേഗത്തിൽ ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത് ആധിപത്യം നേടി. ഓപ്പണർമാരായ രോഹിത് ശർമയും കെ.എൽ.രാഹുലും ക്യാപ്റ്റൻ വിരാട് കോഹ്ലിയും പവലിയനിൽ മടങ്ങിയെത്തുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് അഞ്ചു റൺസ് മാത്രം. ഈ മൂന്ന് വിക്കറ്റുകൾ വീണതോടെ തന്നെ ഇന്ത്യൻ ക്യാംപും ആരാധകരും ഞെട്ടിത്തരിച്ചു. ഒരോ റൺസ് വീതമായിരുന്നു മൂന്ന് പേരുടെയും സമ്പാദ്യം.
തകർച്ചയിൽ നിന്ന് മെല്ലെ കരകയറാനുള്ള ശ്രമത്തിനിടെ സ്കോർ ബോർഡിൽ 24 എത്തിയപ്പോൾ ദിനേഷ് കാർത്തിക്കും മടങ്ങി. ഹെൻട്രിയുടെ പന്തിൽ ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ നീഷാമാണ് കാർത്തിക്കിനെ മടക്കിയത്. എന്നാൽ, അവിടെ വച്ച് ഒത്തു ചേർന്ന ഋഷഭ് പന്തും ഹർദിക് പാണ്ഡ്യയും ഇന്ത്യയെ തകർച്ചയിൽ നിന്ന് കൈപിടിച്ചുയർത്തുമെന്ന തോന്നലുണർത്തിച്ചു. പക്ഷേ, രണ്ടു പേരും അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യയുടെ നില വീണ്ടും പരുങ്ങലിലായി. സ്കോർ ബോർഡിൽ 71 റൺസ് മാത്രമുള്ളപ്പോൾ അഞ്ചാം വിക്കറ്റ് പന്തിന്റെ രൂപത്തിലും 92 ലെത്തിയപ്പോൾ ആറാം വിക്കറ്റ് പാണ്ഡ്യയുടെ രൂപത്തിലും നഷ്ടപ്പെട്ടു.
ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ബോൾ ലെഗ്സൈഡിലേക്ക് ഉയർത്തിയടിക്കാനുള്ള പന്തിന്റെ അനാവശ്യ ശ്രമമാണ് പുറത്താകലിൽ കലാശിച്ചതെങ്കിൽ സാന്റ്നറെ ഉയർത്തിയടിക്കാനുള്ള ശ്രമമാണ് പാണ്ഡ്യയ്ക്ക് വിനയായത്. പന്ത് 56 പന്തിൽ നിന്ന് 32 റൺസെടുത്തപ്പോൾ പാണ്ഡ്യ 62 പന്തിൽ 32 റൺസ് എടുത്തു.
എന്നാൽ, മത്സരത്തിൽ ഇന്ത്യയുടെ സാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ഉറപ്പിക്കുന്ന തരത്തിൽ ഒരിന്നിംഗ്സ്.., അത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. രവീന്ദ്ര ജഡേജയുടെ രൂപത്തിലായിരുന്നു ആ ഇന്നിംഗ്സ്. ഇന്ത്യൻ പ്രതീക്ഷകൾക്ക് ജീവൻ വെപ്പിച്ച, ഒരു ഘട്ടത്തിൽ ജയം സാധ്യം എന്ന് തോന്നിച്ച ഇന്നിംഗ്സ്. ധോണിയെ ഒരറ്റത്ത് നിർത്തി കരുതലോടെയും എന്നാൽ, മോശം പന്തുകളെ അതിർത്തിവരയ്ക്കപ്പുറതേക്ക് കടത്തിയും ജഡേജ ജയത്തിലേക്ക് ഇന്ത്യയെ അടുപ്പിക്കാൻ ശ്രമിച്ചു. 59 പന്തിൽ നിന്ന് 77 റൺസ് നേടി ഉജ്ജ്വല ഫോമിൽ കളിക്കുന്നതിനിടെ ബോൾട്ടിനെ ഉയർത്തിയടിക്കാനുള്ള ജഡ്ഡുവിന്റെ ശ്രമം അവസാനിച്ചത് കിവീസ് നായകൻ വില്യംസണിന്റെ ചോരാത്ത കൈകളിൽ.
ഇന്ത്യൻ പ്രതീക്ഷകളുടെ അവസാന കണികയും നഷ്ടപ്പെട്ടെന്ന് ഉറപ്പിച്ച നിമിഷം. അവിടെ ഇന്ത്യൻ ആരാധകരെ ആവേശം കൊള്ളിച്ച് വീണ്ടും ഒരു സിക്സ്, അതും ധോണിയുടെ വക. ധോണിയുടെ ബാറ്റിൽ നിന്ന് നിർണായകമായ ആ സിക്സ് പിറക്കുമ്പോൾ വീണ്ടും ഒരത്ഭുതം കൂടി ഇന്ത്യൻ ക്യാംപ് പ്രതീക്ഷിച്ചു.
എന്നാൽ, 50ാം ഓവറിന്റെ മൂന്നാം പന്തിൽ ബാറ്റിംഗ് എൻഡിൽ തിരിച്ചെത്താനുള്ള വ്യഗ്രതയിൽ രണ്ടാം റണ്ണിനോടിയ ധോണിക്ക് പിഴച്ചു. വിക്കറ്റിനിടയിലെ എക്കാലത്തെയും മികച്ച ഓട്ടക്കാരനെ അവിസ്മരണീയമായ ഒരു ത്രോയിലൂടെ മാർട്ടിൻ ഗപ്റ്റിൽ മടക്കുന്പോൾ മാഞ്ചസ്റ്റർ മൈതാനം നിശബ്ദമായി. ആ ത്രോ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കുകയും ന്യൂഡസിലൻഡിന് കിരീട നേട്ടത്തിലേക്കുള്ള ദൂരം കുറയ്ക്കുകയുമായിരുന്നു.
നേരത്തെ കിവീസ് 50 ഓവറിൽ എട്ട് വിക്കറ്റിന് 239 റണ്‍സ് നേടി. 46.1 ഓവറിൽ 211/5 എന്ന നിലയിലാണ് റിസർവ് ദിനത്തിൽ കിവീസ് ബാറ്റിംഗ് തുടങ്ങിയത്. ഇന്ന് 23 പന്തിൽ കിവീസ് 28 റണ്‍സ് നേടി.
റോസ് ടെയ്ലർ (74), ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (67) എന്നിവരുടെ അർധ സെഞ്ചുറികളാണ് കിവീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഓപ്പണർ ഹെൻട്രി നിക്കോൾസ് 28 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബുംറ, ഹാർദിക് പാണ്ഡ്യ, ചഹൽ, ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.