അടുത്ത ദിവസങ്ങളിൽ ബംഗളൂരുവിലേക്ക് ട്രിപ്പ് പോകാൻ പ്ലാനുള്ളവർ ശ്രദ്ധിക്കണം. കാരണം ബംഗളൂരുവിലെ റോഡുകളിൽ നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള ട്രാഫിക് നിയമ ലംഘനം നടത്തിയാൽ യമരാജനാകും നിങ്ങളെ ശിക്ഷിക്കാനെത്തുക.
ഈ മാസം തുടങ്ങിയതുമുതൽ ബംഗളൂരു നഗരത്തിൽ പലരും യമരാജനെ കണ്ടു കഴിഞ്ഞു. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റോഡിലൂടെ പായുന്നവരുടെ അടുത്താണ് യമരാജൻ എത്തുക.
കഥകളിൽ പറഞ്ഞു കേട്ടിട്ടുള്ളതുപോലെ കറുത്തനിറമുള്ള വസ്ത്രങ്ങളും സ്വർണാഭരണങ്ങളും ധരിച്ച് കൈയിൽ ഗദയുമൊക്കെയായിട്ടാണ് യമരാജൻ എത്തുക. ബംഗളൂരു പോലീസിന്റെ റോഡ് സേഫ്റ്റി മാസാചരണത്തിന്റെ ഭാഗമായാണ് പോലീസുകാർ കാലന്റെ വേഷം ധരിച്ച് ട്രാഫിക് നിയമലംഘകരെ പിടിക്കാൻ നിരത്തിലിറങ്ങിയത്.
പുരാണ കഥകളനുസരിച്ച് മരണത്തിന്റെ ദേവനാണ് യമൻ.ട്രാഫിക് നിയമം ലംഘിച്ചാലുണ്ടാകാവുന്ന ദുരന്തങ്ങളെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്ന് ട്രാഫിക് പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.