പണികിട്ടി ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം! താമസം ആഡംബര ഹോട്ടലില്‍, പക്ഷേ, അത്താഴത്തിനു വകയില്ല

India_U19_team_080217

മുംബൈ: ഇംഗ്ലണ്ടിനെതിരേ ഒരു മാസത്തോളം നീളുന്ന പരന്പരയില്‍ പങ്കെടുക്കുന്ന ഇന്ത്യ അണ്ടര്‍19 ക്രിക്കറ്റ് ടീമിനു നോട്ടുക്ഷാമവും ബിസിസിഐ അഴിച്ചുപണിയും മൂലം പണികിട്ടി. ഇന്ത്യയില്‍ നടക്കുന്ന പരന്പര പകുതി പിന്നിട്ടിട്ടും കോച്ച് രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെയുള്ള സ്റ്റാഫിനും താരങ്ങള്‍ക്കും ദിനബത്തകളൊന്നും ലഭിച്ചിട്ടില്ല.

നോട്ടുക്ഷാമത്താല്‍ 24,000 രൂപവരെ മാത്രമേ ആഴ്ചയില്‍ പിന്‍വലിക്കാനാകൂ എന്നതാണ് പ്രധാന തലവേദന. അതോടൊപ്പം സുപ്രീം കോടതി, ബിസിസിഐ സെക്രട്ടറി അജയ് ഷിര്‍കെ അടക്കമുള്ളവരെ നീക്കം ചെയ്തതോടെ ഫണ്ട് നീക്കവും നിലച്ചു. ഡെയ്‌ലി അലവന്‍സിനുള്ള ഫണ്ട് റിലീസ് ചെയ്യണമെങ്കില്‍ ചെക്കില്‍ സെക്രട്ടറിയുടെ ഒപ്പുവേണം. വിനോദ് റായിയുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെങ്കിലും ഫണ്ട് സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കൊക്കെ നടപടികള്‍ ആരംഭിക്കാന്‍ സമയമെടുക്കും. ഇതുമൂലം യുവതാരങ്ങള്‍ക്കു രണ്ടാഴ്ചയിലേറെയായി ദിനബത്ത ലഭിച്ചിട്ടില്ല.

ദിവസവും 6,800 രൂപയാണു താരങ്ങള്‍ക്കു ലഭിക്കേണ്ടത്. അത്താഴം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു താരങ്ങള്‍ കൈവശമുള്ള പണമാണു സാധാരണ ഉപയോഗിക്കുന്നത്. ഫണ്ട് കിട്ടാതായതോടെ കഷ്ടത്തിലായ താരങ്ങളില്‍ പലരും ഇപ്പോള്‍ മാതാപിതാക്കള്‍ അയച്ചുകൊടുക്കുന്ന പണംകൊണ്ടാണ് അത്യാവശ്യ കാര്യങ്ങള്‍ നടത്തുന്നതെന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം, സീനിയര്‍ ടീമിനു ദൈനംദിന ചെലവുകള്‍ നടത്താന്‍ പണം അനുവദിക്കുന്ന ബാങ്ക് അക്കൗണ്ടില്‍നിന്നു ജൂണിയര്‍ ടീമിനു പണം എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും നൂലാമാലകള്‍ മൂലം ഇതും നടപ്പാക്കാനായിട്ടില്ല. പരന്പര പൂര്‍ത്തിയായ ശേഷം തുക ഒന്നിച്ചു താരങ്ങളുടെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാനേ സാധ്യത കാണുന്നുള്ളൂ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്.

പണം കിട്ടാതായതിനെക്കുറിച്ച് ഒരു താരം പറഞ്ഞതിങ്ങനെ: ഞങ്ങളില്‍ പലരുടെയും സ്ഥിതി ദയനീയമാണ്. മത്സരമുള്ള ദിനങ്ങളില്‍ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന അസോസിയേഷന്‍ ഉച്ചഭക്ഷണം ഏര്‍പ്പാട് ചെയ്യുകയാണ് പതിവ്. പ്രഭാതഭക്ഷണം ഹോട്ടലുകാര്‍ സൗജന്യമായി നല്‍കും. എന്നാല്‍, ഏറ്റവും വലിയ പ്രശ്‌നം രാത്രി ഭക്ഷണമാണ്. മുംബൈയിലെ ഏറ്റവും ആഡംബരം നിറഞ്ഞ ഹോട്ടലുകളിലൊന്നിലാണു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ ഒരു സാന്‍ഡ്‌വിച്ച് കഴിക്കണമെങ്കില്‍ 1,500 രൂപ കൊടുക്കണം, അല്ലെങ്കില്‍ പുറത്തെവിടെയെങ്കിലും പോയി ഭക്ഷണം കഴിക്കേണ്ടി വരും. കളിച്ചു ക്ഷീണിച്ചുവരുന്‌പോള്‍ ഇതു വലിയ പ്രശ്‌നംതന്നെ. വീട്ടുകാര്‍ അയച്ചുതരുന്ന പണംകൊണ്ടാണ് പലരും ഭക്ഷണം കഴിക്കുന്നത്. പണം പിന്‍വലിക്കല്‍ പ്രശ്‌നംമൂലം അതും സംഘടിപ്പിക്കാന്‍ താരങ്ങള്‍ ക്ലേശിക്കുകയാണ്.

Related posts