ഒട്ടാവ: ഖലിസ്ഥാൻ അനുകൂലിയായ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കാനഡയിൽ വച്ച് കൊലപ്പെടുത്തിയത് ഇന്ത്യ ആണെന്ന ആരോപണത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര പോര് തണുപ്പിക്കാൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.
നിജ്ജാറിന്റെ മരണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന പരാമർശത്തിലൂടെ പ്രകോപനമല്ല താൻ ഉദ്ദേശിച്ചതെന്ന് ട്രൂഡോ പറഞ്ഞു. വിഷയം ആളിക്കത്തിക്കാനല്ല കാനഡ ശ്രമിക്കുന്നതെന്നും നിജ്ജാറിന്റെ കൊലപാതകം ഇന്ത്യൻ സർക്കാർ ഗൗരവതരമായി എടുക്കണമെന്നാണ് കാനഡയുടെ നിലപാടെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
നേരത്തെ, നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യയാകാമെന്ന് ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. കാനഡയിലെ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകള്‍ ലഭിച്ചതായും ട്രൂഡോ ആരോപിച്ചു.
ഇതിനു പിന്നാലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന് പവന് കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരുന്നു.
മറുപടിയായി മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടണമെന്ന് ഇദ്ദേഹത്തിന് ഇന്ത്യ നിര്‍ദേശം നല്കി. ഇതേതുടർന്നാണു പ്രകോപനമല്ല താൻ ഉദ്ദേശിച്ചതെന്നു ചൂണ്ടിക്കാട്ടി ട്രൂഡോ രംഗത്തുവന്നത്.