ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തിയിൽ അതീവ ജാഗ്രത. ഇന്ത്യ 15,000 സൈനികരെ അതിർത്തിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. ആയുധങ്ങളും എത്തിച്ചിട്ടുണ്ട്.
നാവിക- വ്യോമ സേനകൾക്ക് ജാഗ്രത നിർദേശവും നൽകി. ഗാൽവൻ താഴ്വരയിൽ ഇന്നല വൈകിട്ട് നടന്ന മേജർ തലചർച്ചകളും ധാരണയാകാതെ പിരിഞ്ഞതായാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മേഖലയിൽ നിന്ന് സേനാപിൻമാറ്റം നടക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും നിലവിലുള്ള ഇടങ്ങളിൽ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സേനാംഗങ്ങൾ പിൻമാറിയിട്ടില്ല. അതിർത്തി ജില്ലകളിൽ അതീവജാഗ്രതയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും പരമാവധി ചർച്ചകൾ നടക്കുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ച രാത്രി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുമായി നടന്ന സംഘർഷത്തിൽ 20 ഇന്ത്യൻ ജവാ·ാരാണ് വീരമൃത്യു വരിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ബുധനാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യിയുമായി ചർച്ച നടത്തിയിരുന്നു.
മേഖലയിലുണ്ടായ ഈ അപ്രതീക്ഷിതസംഭവം രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയതായാണ് സൂചന.
ഇത് ആസൂത്രിതമായ അക്രമമായിരുന്നെന്നും, ഇതിന് ഉത്തരവാദികൾ ചൈന മാത്രമാണെന്നും ജയശങ്കർ ചർച്ചയിൽ ഉറച്ച നിലപാടെടുത്തെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്.
വൈകുന്നേരം അഞ്ചുമണിക്കാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര് പങ്കെടുക്കുന്ന വീഡിയോ കോണ്‍ഫറന്‍സ്.
ചൈനീസ് ഉത്പന്നങ്ങൾക്കു വിലക്ക്
ചൈനീസ് ഉത്പന്നങ്ങൾക്കു വിലക്കേർപ്പെടുത്താൻ നീക്കവുമായി കേന്ദ്ര സർക്കാർ. 4ജി എക്യുപ്മെന്റ്സ് നവീകരണത്തിൽ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്എല്ലിനോട് ആവശ്യപ്പെടാനാണ് ടെലികോം വകുപ്പിന്റെ നീക്കമെന്നു എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കരുതെന്നു ബിഎസ്എല്ലിനോട് കർശനമായി നിർദേശിക്കാൻ മന്ത്രാലയം തീരുമാനിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇതുസംബന്ധിച്ച് ടെൻഡർ പുനർനിർമിക്കാനും വകുപ്പ് തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് ബന്ധമുള്ള 55 മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിക്കാൻ രഹസ്യാന്വേഷണ വിഭാഗങ്ങൾ ശിപാർശ ചെയ്തതിനു പിന്നാലെയാണ് സർക്കാർ പുതിയ നീക്കം നടത്തുന്നത്.
സൂം, ടിക് ടോക്ക്, യുസി ബ്രൗസർ, ഷെയർ ഇറ്റ് തുടങ്ങി ജനപ്രിയമായ ആപ്പുകളുടെ ഉപയോഗം നിർത്താൻ ജനങ്ങളെ സർക്കാർ ഉപദേശിക്കണമെന്നും രഹസ്യാന്വേഷണ വിഭാഗം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.