സ്വന്തം ലേഖൻ
ന്യൂഡൽഹി: അതിർത്തിയിൽ ഇന്ത്യൻ സൈനികർക്ക് നേരെ പാട്ട് തന്ത്രവുമായി ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമി. പാങ്ങോംഗിലെ ഫിംഗർ പോയിന്റ് നാലിൽ ലൗഡ്സ്പീക്കറുകൾ വച്ച് ചൈനീസ് പട്ടാളം പഞ്ചാബി പാട്ടുകൾ കേൾപ്പിക്കുകയാണ്.
സൈനികരുടെ മനോവീര്യം കെടുത്താൻ, തണുപ്പ് കാലത്ത് ഇത്രയും മുകളിൽ നിലയുറിപ്പിക്കുന്നത് അസാധ്യമാണെന്നുള്ള സംഭാഷണങ്ങൾ ഹിന്ദിയിലും കേൾപ്പിക്കുന്നുണ്ട്.
ഫിംഗർ പോയിന്റ് നാലിൽ ചൈനീസ് സേന നിൽക്കുന്നതിനും മുകളിലായാണ് ചൈനയുടെ കടന്നുകയറ്റം ചെറുത്ത് ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുന്നത്.
1962ലെ യുദ്ധത്തിന് മുൻപും ചൈന ഹിന്ദി ഗാനങ്ങളും മറ്റും കേൾപ്പിച്ചിരുന്നതായി മുൻ സൈനീക മേധാവി ഉൾപ്പെ ടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. സൈനികരുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണിതെന്നാണ് മുൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്.
ഫിംഗർ പോയിന്റിന് മുകളിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്ക് താഴെ ചൈനീസ് ക്യാന്പിൽ നടക്കുന്ന സൈനിക നീക്കങ്ങളെല്ലാം സുവ്യക്തമായി വീക്ഷിക്കാനാകും. ഇതാണ് ചൈനീസ് പക്ഷത്തെ അസ്വസ്ഥരാക്കുന്നത്.