ന്യൂഡൽഹി: ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പരാജയമെന്ന് പ്രധാനമന്ത്രിയുടെ കോവിഡ് -19 നാഷണൽ ടാസ്ക് ഫോഴ്സ് വിലയിരുത്തിയതായി റിപ്പോർട്ട്.
കോവിഡിനെ നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാനും ഉപദേശം നൽകാനുമായി നീതി ആയോഗ് അംഗം വിനോദ് പോൾ അധ്യക്ഷനായി രൂപീകരിച്ച, ശാസ്ത്രജ്ഞരും ഡോക്ടർമാരും വിദഗ്ധരും അടങ്ങിയ കർമസമിതിയുടെ ശിപാർശ ഇല്ലാതെയാണു നാലു തവണയായി രണ്ടു മാസം നീണ്ട ലോക്ക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്നും ആരോപണമുണ്ട്.
130 കോടി ജനങ്ങളുള്ള രാജ്യം രണ്ടു മാസം തുടർച്ചയായി അടച്ചിട്ട ലോക്ക്ഡൗണിലൂടെ ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാനായില്ല. എന്നു മാത്രമല്ല, സന്പദ്ഘടന തകർന്നു തരിപ്പണമാവുകയും ചെയ്തു.
നോവൽ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയെ പിന്നിലാക്കി ഏഷ്യയിലെയും പസഫിക് മേഖലയിലെയും പുതിയ പ്രഭവകേന്ദ്രമായി ഇന്ത്യ മാറുന്നു എന്ന അപായസൂചനയും നിലവിലുണ്ട്. ഒരു ദിവസം 6,000ത്തിലേറെ പുതിയ കോവിഡ് കേസുകളാണ് ഇപ്പോൾ രാജ്യത്തു റിപ്പോർട്ട് ചെയ്യുന്നത്.
“ലോക്ക്ഡൗണ്‍ പരാജയപ്പെട്ടെന്ന കാര്യത്തിൽ സംശയമില്ല.’’- കോവിഡ് കർമസമിതി അംഗമായ എപ്പിഡെമിയോളജിസ്റ്റ് പറഞ്ഞു. സാമൂഹ്യ അകലം പാലിക്കൽ, മാസ്കുകൾ ധരിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അടക്കമുള്ള വ്യക്തി ശുചിത്വം എന്നിവയെല്ലാം ചേർന്നാൽ രോഗവ്യാപനം പരമാവധി തടയാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍കൊണ്ട് വൈറസ് വ്യാപനം തടയാനാകുമെന്നു തെളിവുകളില്ല.
ജനസംഖ്യ കുറവുള്ള പാശ്ചാത്യ രാജ്യങ്ങളിലേതുപോലെ ഇന്ത്യയിൽ ഫലപ്രദമാകില്ല. സാമൂഹ്യ അകലവും ആരോഗ്യമേഖലയിലെ സൗകര്യങ്ങൾ കൂട്ടലും അടക്കമുള്ളവയാണ് ഇന്ത്യയിൽ വേണ്ടതെന്നും പേരു വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിലൂടെ രോഗവ്യാപനം തടയാമെന്നതു തെറ്റായ ധാരണയാണെന്ന് ഐക്യരാഷ്ട്രസഭയുടെ എയിഡ്സ് പ്രതിരോധ (യുഎൻഎയിഡ്സ്) സമിതിയുടെ മേഖലാ ഉപദേശകൻ ഡോ. പി. സലീൽ പറഞ്ഞു.
ലോകത്തെതന്നെ ഏറ്റവും കഠിനവും നീണ്ടതുമായ ലോക്ക്ഡൗണ്‍ ഇന്ത്യയിൽ പ്രഖ്യാപിച്ചതിനു വേണ്ടത്ര ശാസ്ത്രീയ അടിത്തറയോ വിലയിരുത്തലോ ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.
ജോർജ് കള്ളിവയലിൽ