ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും പ്രതിദിനം രാജ്യത്തു 60 ലക്ഷം പാചകവാതക സിലിണ്ടറുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക സ്റ്റീൽ മന്ത്രി ധർമേന്ദ്ര പ്രഥാൻ പ്രസ്താവിച്ചു.
എണ്ണവിതരണ കമ്പനികളുടെ 700ഓളം വരുന്ന ജില്ലാ നോഡൽ ഓഫീസർമാരെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പാചകവാതക ലഭ്യത, സിലിണ്ടറുകളുടെ വിതരണം, പ്രധാനമന്ത്രി ഉജ്വല യോജനയുടെ നടത്തിപ്പ് എന്നിവ അവലോകനം ചെയ്യാനാണ് മെഗാ വീഡിയോ കോൺഫറൻസ് നടത്തിയത്.
കൊറോണ വൈറസിനെതിരെയുള്ള യുദ്ധത്തിൽ പെട്രോളിയം മേഖലയ്ക്ക് നിർണായക പങ്കാണ് വഹിക്കാനുള്ളതെന്നു ധർമ്മേന്ദ്ര പ്രഥാൻ ഓർമിപ്പിച്ചു. 60 ലക്ഷം പാചകവാതക സിലിണ്ടറുകൾ പ്രതിദിനം ഓരോ വീട്ടിലും എത്തിക്കുന്ന ഡെലിവറി ബോയ്സ് മുതൽ വ്യവസായത്തിലെ ഓരോ ആളുകളുടെയും പ്രവർത്തനം മാതൃകാപരമാണ്.
അർപ്പണബോധത്തോടെയുള്ള പ്രവർത്തനമാണ് ഇവരുടേത് എന്ന് പ്രഥാൻ അനുസ്മരിച്ചു. പ്രധാൻമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി 14.2 കിലോഗ്രാമിന്റെ 3 സിലിണ്ടറുകളാണ് സൗജന്യമായി നൽകുക. ഇതിന്റെ വില എണ്ണക്കമ്പനികൾ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഇതിൽ നിന്നാണ് റീഫിൽ സിലിണ്ടറിന്റെ വില നൽകേണ്ടത്.
മൂന്നു മാസത്തെ സൗജന്യ പാചകവാതക സിലിണ്ടറുകളുടെ ഗുണഫലം രാജ്യത്തെ എട്ടു കോടി ജനങ്ങൾക്കാണ് ലഭിക്കുക എന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ 15 പോർട്ട് ടെർമിനലുകളും 195 പാചകവാതക ബോട്ടിലിംഗ് പ്ലാന്റുകളും സുസജ്ജമാണ്.
ട്രാൻസ്പോർട്ടേഷൻ ശൃംഖല ഇടതടവില്ലാതെയാണ് പ്രവർത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ചു പ്രവർത്തിക്കണമെന്നു ജില്ലാ നോഡൽ ഓഫീസർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. ജീവനക്കാർക്ക് അഞ്ചു ലക്ഷം രൂപയുടെ എക്സ് ഗ്രെഷ്യ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
അഞ്ചിനു രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ടു നേരം വെളിച്ചം തെളിച്ചു കൊണ്ട് രാഷ്ട്രത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം എണ്ണക്കമ്പനികളിലെ മുഴുവൻ ജീവനക്കാരോടും ആഹ്വാനം ചെയ്തു.
എൽപിജി, പെട്രോൾ, ഡീസൽ എന്നിവയുടെ വിതരണം ഒരു കാരണവശാലും തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം നോഡൽ ഓഫിസർമാർക്ക് നിർദ്ദേശം നൽകി.