മുംബൈ: ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാൽ അയോധ്യയിലെ രാമക്ഷേത്രത്തിൽ ശുദ്ധികലശം നടത്തുമെന്നു കോൺഗ്രസ് നേതാവ് നാനാ പട്ടോലെ.
ക്ഷേത്രനിർമാണത്തിൽ ഗുരുതര പിഴവുകൾ വന്നതായി നാലു ശങ്കരാചാര്യന്മാരും ചൂണ്ടിക്കാണിച്ചിരുന്നതായി പട്ടോലെ പറഞ്ഞു. ശരിയായ രീതിയിലല്ല രാമക്ഷേത്രം നിർമിച്ചത്. ക്ഷേത്രം നിർമിക്കുമ്പോൾ പാലിക്കേണ്ട എല്ലാ മര്യാദകളും നരേന്ദ്ര മോദി തെറ്റിച്ചെന്നും നാനാ പട്ടോലെ വിമർശിച്ചു.
രാമക്ഷേത്രം മുഴുവനായും പൂർത്തിയാവാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇത് രാമനെ അപമാനിക്കലാണ്. ശങ്കരാചാര്യന്മാരെ കൊണ്ടുവന്നു പ്രതിവിധികൾ നടത്തി അയോധ്യ ക്ഷേത്രത്തെ സംശുദ്ധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ മുന്നണിയുടെ സർക്കാർ അധികാരത്തിലെത്തിയാൽ രാമക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കുമെന്നും പട്ടോലെ പറഞ്ഞു.