തിരുവനന്തപുരം: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അഞ്ച് നിയമങ്ങൾ പിൻവലിക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീർ. സൈനിക വിരുദ്ധ നടപടിയാണതെന്നും ചിദംബരം പറഞ്ഞു.
നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം ഉപയോഗിക്കുന്നു എന്നും ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പൗരത്വ നിയമത്തെ കുറിച്ച് കോൺഗ്രസ് പ്രകടനപത്രിയിൽ പരാമർശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും ചിദംബരം പറഞ്ഞു. 22-ാം പേജിൽ സിഎഎയുടെ കാര്യം പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.