ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു മറുപടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ എയര്‍ സ്ട്രൈക്കിനെ സംശയത്തോടെ കാണുന്ന ആളുകള്‍ പാക്കിസ്ഥാനില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട്. പാക്കിസ്ഥാന് സര്‍ക്കാരും അവിടുത്തെ ജനങ്ങളും ബലാക്കോട്ടെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണം ശുദ്ധനുണയാണെന്ന് ആവര്‍ത്തിക്കുകയാണ്. സമാനമായ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കേരളത്തിലെ ബുദ്ധിജീവികളും. ഒരേസമയം പാക്കിസ്ഥാന്‍കാര്‍ക്കും ഇവിടുത്തെ വിമര്‍ശകര്‍ക്കും മറുപടി പറയേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സൈന്യം.
ബോംബിടുന്നതിന് മുമ്പ് യുദ്ധവിമാനങ്ങള്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നു. ഇവ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വ്യോമസേന വര്‍ഷിച്ച സ്പൈസ്-2000 എന്ന ബോംബില്‍ ഭീകരകേന്ദ്രത്തെക്കുറിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങളും ഭൗമ അടയാളങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ ലക്ഷ്യം തെറ്റുക അസാധ്യമാണെന്നും സേന കരുതുന്നു. ജി.പി.എസ്. പോലുള്ള നാവിഗേഷന്‍ സംവിധാനങ്ങളുപയോഗിച്ചാണ് ബോംബുകള്‍ ലക്ഷ്യം കണ്ടെത്തുന്നത്. അവ ലക്ഷ്യം തെറ്റി മറ്റെവിടെയെങ്കിലും പതിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നും സൈനീക അധികൃതര്‍ പറയുന്നു. നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലെത്തി രണ്ടുമുതല്‍ പത്തുകിലോമീറ്റര്‍വരെ ഉള്ളിലെത്തിയാണ് ബോംബിട്ടത്. നാലുമുതല്‍ ആറ് കേന്ദ്രങ്ങളിലേക്കാണ് ബോംബിട്ടത്. ഇവ ലക്ഷ്യം തെറ്റിപ്പോകാനുള്ള സാധ്യത വെറും മൂന്നുമീറ്റര്‍ മാത്രമാണെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.
ഭീകരരുടെ ക്യാമ്പുകള്‍ ആക്രമിക്കുന്നതിനു മുമ്പും ശേഷവുമുള്ള ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (സാര്‍) പകര്‍ത്തിയിട്ടുണ്ട്. കൂടാതെ, ഓപ്പറേഷന്റെ ഭാഗമായിരുന്ന സുഖോയ്-30 എംകെഐ വിമാനവും ദൃശ്യങ്ങളെടുത്തിട്ടുണ്ട്. അതിരഹസ്യ രേഖകളെന്ന നിലയില്‍ ആണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. അത് നിര്‍ണായകഘട്ടത്തില്‍ മാത്രമേ കേന്ദ്രം പുറത്തുവിടാനിടയുള്ളൂ. ബോംബാക്രമണത്തില്‍ ബലാക്കോട്ടെ ക്യാമ്പുകളിലുണ്ടായ ആള്‍നാശം തിട്ടപ്പെടുത്തുക തീര്‍ത്തും അസാധ്യമാണ്. എന്നാല്‍, ബോംബിട്ട രീതിയും അതിന്റെ കൃത്യതയും കണക്കിലെടുക്കുമ്പോള്‍, ക്യാമ്പുകളിലുണ്ടായിരുന്ന ബഹുഭൂരിപക്ഷവും കൊല്ലപ്പെട്ടിരിക്കാന്‍ തന്നെയാണ് സാധ്യത. ജയ്ഷെയുടെ മുഖ്യതാവളമായ ഭവല്പ്പുരില് ആക്രമണം നടത്താന്‍ പോകുന്നുവെന്ന വ്യാജപ്രതീതി സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് ഓപ്പറേഷനില്‍ മിറാഷിനെക്കൂടാതെ സുഖോയ് വിമാനത്തെയും ഉള്‍പ്പെടുത്തിയതെന്ന സൂചനയുമുണ്ട്.
പാകിസ്ഥാന് സേന അവിടെ ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് ബോംബിട്ടത്. മിന്നലാക്രമണം നടക്കുന്ന സമയത്ത് പാക്കിസ്ഥാന് സൈന്യം 150കിലോമീറ്ററെങ്കിലും അകലെയായിരുന്നു. ബോംബിട്ടെങ്കിലും ഇന്ത്യക്ക് ഒരു നേട്ടവുമുണ്ടാക്കാനായില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം, അവര്‍ തിരിച്ചടിക്ക് എഫ്-16 വിമാനം ഉപയോഗിച്ചില്ലെന്ന് പറയുന്നതുപോലെയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പന്ത്രണ്ടോളം ജയ്ഷ് ഇ മുഹമ്മദ് ഭീകരരും, പഴയ ഐഎസ്ഐ ഏജന്റും പഴയ പാക് സൈനികരും കൊല്ലപ്പെട്ടതായി ഫസ്റ്റ്പോസ്റ്റ് എന്ന ന്യൂസ് വെബ്സൈറ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫ്രാന്‍സെസ്ക മറീനോ എന്ന വിദേശമാധ്യമപ്രവര്ത്തകയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നിട്ടും ഇന്ത്യയിലെ പ്രതിപക്ഷത്തിന് അടക്കം സംശയം മാറുന്നില്ല.
ഈ സാഹചര്യത്തില്‍ വ്യോമസേനയുടെ കൈയിലുള്ള തെളിവുകള്‍ ഏത് സമയവും പുറത്തു വിട്ടേക്കും. ആക്രമണത്തില്‍ 35 പേരെങ്കിലും മരിച്ചിരിക്കാമെന്ന് ഫസ്റ്റ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി ആംബുലന്‍സുകള്‍ പ്രദേശത്തേക്ക് എത്തിയെന്നും പ്രദേശം പാക് സൈന്യം വളഞ്ഞെന്നും ദൃക്സാക്ഷികള്‍ പറയുന്നതായി അവര്‍ വെളിപ്പെടുത്തിയിരുന്നു. മരിച്ചവരില്‍ ക്യാംപിന്റെ ഒരു വശത്ത് ചെറിയ കൂരയില്‍ കിടന്നുറങ്ങിയവരുമുണ്ടായിരുന്നുവെന്നും ദൃക്സാക്ഷികള്‍ വ്യക്തമാക്കുന്നു. മുന്‍ പാക് സൈനികര്‍ക്കും മുന്‍ ഐഎസ്ഐ ഏജന്റിനും പരിക്കേറ്റതിനാലാണ് പാക് സൈന്യം പ്രദേശത്തേക്ക് ഇരച്ചെത്തിയത്. ഇവര്‍ക്ക് അടിയന്തര ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.
ഐഎസ്ഐയില്‍ മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന ‘കേണല്‍ സലിം’ എന്നറിയപ്പെടുന്ന ഇന്റലിജന്‍സ് ഓഫീസര്‍ കൊല്ലപ്പെട്ടെന്നും, ‘കേണല്‍ സരാര്‍ സാക്രി’ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നുമാണ് വിവരം. മുഫ്തി മൊയീന്‍ എന്ന, പെഷവാര്‍ സ്വദേശിയായ ജയ്ഷെ മുഹമ്മദ് പരിശീലകനും അത്യാധുനിക ബോംബുകളുണ്ടാക്കുന്നതില്‍ വിദഗ്ധനായ ഉസ്മാന് ഗനിയും കൊല്ലപ്പെട്ടവരില്‍ പെടുന്നു. ക്യാംപിന്റെ ഒരു വശത്ത് ഉറക്കത്തിലായിരുന്ന പന്ത്രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. പന്ത്രണ്ട് പേരും ക്യാംപിന്റെ ഒരു വശത്ത് കെട്ടിയിരുന്ന ചെറിയ മരക്കുടിലിലായിരുന്നു കിടന്നുറങ്ങിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. സൗത്ത് ഏഷ്യന്‍ മേഖലയില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫ്രാന്‍സെസ്ക മറീനോ. പാക് ഭീകരവാദത്തെക്കുറിച്ച് ‘അപോകാലിപ്സ് പാക്കിസ്ഥാന്’ എന്ന പുസ്തകവും ഇവര്‍ എഴുതിയിട്ടുണ്ട്. ഇതു കൂടാതെ തന്നെ പാക്കിസ്ഥാനെക്കുറിച്ച് നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ ഫ്രാന്‍സെസ്ക മറീനോ തയ്യാറാക്കിയിട്ടുണ്ട്.
ഇതിനൊപ്പം സിഎന്‍എന്നും ബിബിസിയുമെല്ലാം പാക് വാദങ്ങളെ തള്ളിക്കളയുന്ന റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടുണ്ട്. അല്‍ജസീറയെ പോലുള്ള ചില മാധ്യമങ്ങള്‍ മാത്രമാണ് ഇപ്പോഴും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്. ഇതിനിടെയാണ് കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏത് നിമിഷവും തെളിവുകള്‍ വ്യോമസേന പുറത്തു വിടാനും സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടിയാല്‍ എല്ലാ തെളിവും പുറത്തു വിടാമെന്ന് സേനാ തലവന്മാരും അറിയിച്ചു കഴിഞ്ഞു. എന്തായാലും വ്യോമസേന ഇങ്ങനെയൊരു നിലപാടെടുത്തതോടെ ബുദ്ധിജീവികള്‍ ഇനി എന്തു പറയുമെന്ന് കാത്തിരുന്നു കാണണം.