കാഷ്മീർ: ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ സേന വികൃതമാക്കിയ സംഭവത്തിൽ ഇന്ത്യ തിരിച്ചടിച്ചു. പാക്കിസ്ഥാന്റെ കിർപാനിലെയും കൃഷ്ണ ഗാട്ടിയിലെയും ബങ്കറുകൾ തകർത്ത് ഏഴ് പാക് സൈനികരെ വധിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 647 മുജാഹ്ദീൻ ബറ്റാലിയനിൽപ്പെട്ട സൈനികരാണ് ഈ പോസ്റ്റുകളിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പട്രോളിംഗിന് പോയ ഇന്ത്യൻ സൈനികരെ പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കുകയായിരുന്നു.
പ്രത്യേകസേന വികൃതമാക്കിയ സംഭവത്തിൽ പാക് സൈന്യം ഇന്ത്യൻ സൈനികരെ മനപ്പൂർവ്വം കെണിയിൽ വീഴ്ത്തുകയായിരുന്നു എന്ന് റിപ്പോർട്ട്. ബിഎസ്എഫ് ന്റെ 200 ബറ്റാലിയൻ ഹെഡ് കോണ്‍സ്റ്റബിൾ പ്രേം സാഗറും 22 സിഖ് റജിമെന്റിലെ നായ്ബ് സുബേദാർ പരംജീത് സിംഗ് എന്നിവരെയാണ് പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്.
പാക്കിസ്ഥാൻ സേന നേരത്തേ തയ്യാറാക്കിയ കെണിയിൽ ഇവർ വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയിലെ കൃഷ്ണാ ഘാട്ടി മേഖലയിൽ പാക്കിസ്ഥാൻ സൈന്യം മൈനുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിൽ അന്വേഷണം നടത്താൻ പോയ ബിഎസ്എഫ് ജവാന്മാരാണ് അപകടത്തിൽപ്പെട്ടത്. മൈൻ നോക്കി പോകുന്നതിനിടയിൽ പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം (ബാറ്റ്) സൈനികർക്കായി ഒളിച്ചിരിക്കുകയായിരുന്നു. ഇതിനായി പാക് സൈനികർ ഇന്ത്യൻ മേഖലയിൽ കടന്നുകയറുകയും ചെയ്തു.
ഇന്ത്യൻ സൈനികർ അടുത്തെത്തിയതും ഇവർ വെടിവയ്ക്കുകയായിരുന്നു. ബാറ്റ് സൈനികർ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമാക്കി. ഇവരുടെ തലകൾ അറുത്തെടുത്തതായും റിപ്പോട്ടുണ്ട്.
ഈ മേഖലയിൽ മൈനുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല. പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം ഇന്ത്യൻ ഭാഗത്ത് 250 മീറ്റർ അകത്ത് കടന്നു കയറി ഇന്ത്യൻ സൈനികരെ ലക്ഷ്യമിടുകയായിരുന്നെന്ന് ഒരു ഉന്നത സൈനികനും വ്യക്തമാക്കി. .
പാക്കിസ്ഥാന്റെ നിയന്ത്രണരേഖയുടെ ചുമതല ഏൽപ്പിച്ചിരിക്കുന്ന വിഭാഗമാണ് ബാറ്റ്. പാക്കിസ്ഥാന്റെ സ്പെഷൻ സെർവീസ് ഗ്രൂപ്പിന് കീഴിലാണ് ഇത് രൂപീകരിച്ചിട്ടുള്ളത്. നിയന്ത്രണരേഖയിൽ സ്ഥിരം പ്രകോപനം സൃഷ്ടിക്കുന്ന ഇവർ മുന്‍പും ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കുന്ന സംഭവങ്ങൾ ചെയ്തിട്ടുണ്ട്. 2016 ഒക്ടോബറിൽ ഒരു ഇന്ത്യൻ സൈനികന്റെ ശരീരം തലയില്ലാത്ത നിലയിൽ നിയന്ത്രണ രേഖയിൽ കണ്ടെത്തിയിരുന്നു.
അതിന് മുന്‍പ് 2013 ജനുവരിയിൽ ലാൻസ് നായക്മാരായ ഹേംരാജിന്റെയും സുധാകർ സിംഗിന്റെയും മൃതദേഹവും ഈ നിലയിൽ കണ്ടെത്തിയിരുന്നു. ഈ ആക്രമണത്തിൽ കോണ്‍സ്റ്റബിൾ രജീന്ദർ സിംഗിനും പരിക്കേറ്റിരുന്നു.