അതിര്‍ത്തിയില്‍ ചൈന വന്‍തോതില്‍ സൈനിക വിന്യാസം നടത്തുന്നതായുള്ള വാര്‍ത്ത പുറത്തുവരുന്നതിനിടെ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. യുദ്ധമുണ്ടായാല്‍ ചൈനീസ് സേനയ്ക്കെതിരേ ഇന്ത്യ ദയനീയമായി പരാജയപ്പെടുമെന്നാണ് സിഎജി പാര്‍ലമെന്റിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ആയുധ ദൗര്‍ബല്യത്തില്‍ ഇന്ത്യന്‍ സൈന്യം വലയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധശേഖരങ്ങളുടെ ലഭ്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനുള്ള ഒരു ശ്രമവും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ഗുരുതരമായ കുറ്റപ്പെടുത്തലാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
ചൈനീസ് മാധ്യമങ്ങള്‍ സിഎജി റിപ്പോര്‍ട്ട് വലിയ വാര്‍ത്തയാക്കിയിട്ടുണ്ട്. യുദ്ധമുണ്ടാകുകയും അത് പത്ത് ദിവസത്തിലധികം നീണ്ടുപോകുകയും ചെയ്താല്‍ ഇന്ത്യന്‍ സൈന്യത്തിന് പ്രതിരോധം സാധ്യമാകില്ലെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിരോധ സേനയുടെ ആയുധശേഖരത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടാണ് സിഎജി ഇപ്പോള്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേന്ദ്രനേതൃത്വത്തിലുള്ള ആയുധസംഭരണ കേന്ദ്രമായ ഒഎഫ്ബി(ഓര്‍ഡ്നന്‍സ് ഫാക്ടറി ബോര്‍ഡ്) ആണ് സേനയ്ക്ക് ആവശ്യമുള്ള ആയുധങ്ങളില്‍ 90 ശതമാനം വിതരണം ചെയ്യുന്നത്. എന്നാല്‍ 2009 ന് ശേഷം സൈന്യം മുന്‍കൈ എടുത്ത് വാങ്ങാന്‍ ആവശ്യപ്പെട്ട ആയുധങ്ങളുടെ പട്ടിക ഇതുവരെ പരിണഗനയ്ക്കുപോലും എടുത്തിട്ടില്ലെന്ന സിഎജി കുറ്റപ്പെടുത്തുന്നു.
രണ്ടുവര്‍ഷം മുന്‍പ്, സമാനമായ വിവരങ്ങളുള്ള റിപ്പോര്‍ട്ട് സിഎജി പാര്‍ലമെന്റില്‍ വച്ചിരുന്നു. ഇന്ത്യന്‍ സേനയുടെ ആയുധശേഖരത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ടെന്നും 15 മുതല്‍ 20 ദിവസം വരെ യുദ്ധം തുടര്‍ന്നാല്‍ ആയുധശേഖരം കാലിയാകുമെന്നുമായിരുന്നു ആ റിപ്പോര്‍ട്ട്. 2019 ഓടെ ആയുധ ശേഖരത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനായി 16,500 കോടി രൂപ ചെലവിട്ട് ആയുധങ്ങള്‍ വാങ്ങാനുള്ള പദ്ധതി 2013ല്‍ പ്രതിരോധ മന്ത്രാലയം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നതില്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.