ചരിത്രത്തില്‍ ഇടംപിടിക്കുന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ സൈന്യം. രാജ്യത്തെ യുവാക്കള്‍ക്ക് സൈന്യത്തില്‍ മൂന്നു വര്‍ഷത്തെ ഹ്രസ്വകാല സര്‍വീസ് അവസരമൊരുക്കുന്ന പദ്ധതിയാണ് സൈന്യം ആവിഷ്‌കരിച്ചിരിക്കുന്നത്.
നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്‍പ്പെടെ ഓഫിസര്‍മാരായും ജവാന്മാരായും മൂന്നു വര്‍ഷത്തേക്ക് സൈനിക സേവനം നടത്താന്‍ കഴിയുന്ന ടൂര്‍ ഓഫ് ഡ്യൂട്ടി (ടിഒഡി) പദ്ധതിയാണ് സൈന്യം കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
അര്‍ധസൈനിക വിഭാഗത്തില്‍നിന്നും കേന്ദ്രപൊലീസ് സേനയില്‍നിന്നും ഏഴു വര്‍ഷത്തേക്കുവരെ സൈന്യത്തിലേക്കു ഡപ്യൂട്ടേഷനില്‍ ആളുകളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ടെന്ന് ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിശ്ചിത കാലാവധിക്കു ശേഷം ഇവര്‍ക്കു മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങാന്‍ കഴിയും.
രാജ്യത്തെ യുവാക്കളില്‍ ദേശസ്‌നേഹം വളര്‍ത്താനും അവര്‍ക്കു സൈനിക ജീവിതം പരിചയപ്പെടുത്താനും ഉദ്ദേശിച്ചാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിരിക്കില്ല. ആദ്യഘട്ടത്തില്‍ 100 ഓഫിസര്‍മാരെയും 1000 ജവാന്മാരെയും തിരഞ്ഞെടുക്കാനാണ് തീരുമാനമെന്ന് സൈനിക വക്താവ് അറിയിച്ചു.
പ്രായവും ശാരീരികക്ഷമതയും ആകും പ്രധാന മാനദണ്ഡം. ഇവരുടെ ജോലിയിലും ഇളവുകള്‍ ഉണ്ടായിരിക്കില്ല. അതിര്‍ത്തിയിലും മുന്‍നിരയിലും ജോലിക്കു നിയോഗിക്കും.
രാജ്യത്തെ പല യുവാക്കളും ഹ്രസ്വകാല സൈനിക ജീവിതം ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാരെ ആകര്‍ഷിക്കാനാണ് പുതിയ പദ്ധതി.
നിലവില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ വ്യവസ്ഥയില്‍ പത്തു വര്‍ഷത്തേക്കാണു യുവാക്കളെ നിയോഗിക്കുന്നത്. ഈ കാലാവധി 14 വര്‍ഷം വരെ നീട്ടാന്‍ കഴിയും.
ഒരു ഓഫിസര്‍ 10 വര്‍ഷത്തിനുള്ളില്‍ വിരമിച്ചാല്‍ പരിശീലനം, ശമ്പളം, മറ്റ് ചിലവുകള്‍ എന്നിവയ്ക്കായി 5.12 കോടിയും 14 വര്‍ഷത്തിനു ശേഷം വിരമിച്ചാല്‍ 6.83 കോടിയുമാണ് സൈന്യത്തിന് ചെലവാകുന്നത്.
അതേസമയം മൂന്നു വര്‍ഷത്തിനു ശേഷം വിരമിച്ചാല്‍ ഇത് 80-85 ലക്ഷത്തില്‍ ഒതുങ്ങുമെന്നാണു കണക്കുകൂട്ടല്‍.
ഇത്തരത്തില്‍ 1000 ജവാന്മാരെ തിരഞ്ഞെടുത്താല്‍ 11,000 കോടി ലാഭിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കള്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. ടീംവര്‍ക്ക്, ഉത്തരവാദിത്തം, സ്ട്രെസ് മാനേജ്മെന്റ്, സാമൂഹിക ശേഷി എന്നിവ വര്‍ധിക്കുന്നതോടെ പിന്നീടു കൂടുതല്‍ തൊഴില്‍സാധ്യതകള്‍ക്ക് ഉപകരിക്കുമെന്നും സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു.
22-23 വയസുള്ള സാധാരണ യുവാക്കളേക്കാള്‍ സൈനിക പരിശീലനം ലഭിച്ച 26-27 വയസു പ്രായമുള്ളവരെയാകും കോര്‍പ്പറേറ്റ് ലോകം ഉള്‍പ്പെടെ പരിഗണിക്കുകയെന്നും ഇവര്‍ സൂചിപ്പിക്കുന്നു.
റഷ്യയും ഇസ്രയേലുമടക്കം ലോകത്ത് മുപ്പതോളം രാജ്യങ്ങളില്‍ നിര്‍ബന്ധിത സൈനിക സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റു ചില രാജ്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് സൈനിക സേവനം നിര്‍വഹിക്കാമെന്ന വ്യവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഈ നീക്കം.