ദാവോസ്: ഇന്ത്യയിൽ കഴിഞ്ഞ ഒരു വർഷംകൊണ്ട് 18 പുതിയ ശതകോടീശ്വരൻമാരാണ് ഉണ്ടായതെന്ന് പഠന റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ശതകോടീശ്വരൻമാരുടെ എണ്ണം 119 ആയി. 28 ലക്ഷം കോടിയാണ് ഇവരുടെ ആകെ സന്പത്തെന്ന് അന്താരാഷ്ട്ര ഏജൻസിയായ ഓക്സ്ഫാമിന്റെ വാർഷിക പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒരു വർഷംകൊണ്ട് ഒരു ശതമാനം വരുന്ന അതിസന്പന്നരുടെ സന്പത്തിൽ 36 ശതമാനമാണ് വർധനയുണ്ടായത്. അതേസമയം, രാജ്യത്തെ പകുതിയോളംവരുന്ന ദരിദ്രരുടെ സന്പത്തിലുണ്ടായ വർധനവ് മൂന്നു ശതമാനം മാത്രമാണ്. ആകെ സന്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത് ഏതാനും ചില അതി സന്പന്നരുടെ കൈകളിലാണ്.
ഇന്ത്യയിലെ 10 ശതമാനം വരുന്ന ജനങ്ങളുടെ കൈകളിലാണ് രാജ്യത്തെ 77.4 ശതമാനം സന്പത്തുളളത്. ജനസംഖ്യയുടെ അറുപത് ശതമാനത്തോളം പേർക്ക് ലഭ്യമായിരിക്കുന്നത് ദേശീയ സന്പത്തിന്റെ 4.8 ശതമാനം മാത്രമാണെന്നും പഠനം പറയുന്നു.
സന്പത്തിന്റെ വിതരണത്തിലുള്ള കടുത്ത അസന്തുലിതത്വം ജനാധിപത്യ സംവിധാനത്തെ തന്നെ തകിടംമറിക്കാൻ ഇടയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. വേൾഡ് എക്കണോമിക് ഫോറം വാർഷിക സമ്മേളനത്തിന്റെ ഭാഗമായാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.