ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്കുട്ടിയ കാണാനായി പാകിസ്ഥാനില് അനധീകൃതമായി കടന്ന ഇന്ത്യന് പൗരന് ആറു വര്ഷത്തിനു ശേഷം മോചനം. ഹമീദ് നെഹാല് അന്സാരി എന്നയാളാണ് ജയില് മോചിതനാവുന്നത്. ഇയാളുടെ മോചനവുമായി ബന്ധപ്പെട്ട് പാക്ക് സര്ക്കാര് ഇന്ത്യന് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു.
അന്സാരിയുടെ മോചനവാര്ത്ത രാജ്യത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും വലിയ ആശ്വാസമുണ്ടാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര് അറിയിച്ചു. തടവ്ശിക്ഷ പൂര്ണമായും അനുഭവിച്ച ശേഷമാണ് ഇയാള് പുറത്തിറങ്ങുന്നത് എന്ന് ദേശീയ മാധ്യമം റിപ്പോര്ട്ട് ചെയ്യുന്നു. ഞായറാഴ്ച്ചയോടെ ഇയാള് ജയിലില് നിന്നും പുറത്തിറങ്ങും.
അപൂര്വ്വമായാണ് ഇത്രവേഗത്തില് ഇത്തരത്തിലുള്ള കുറ്റവാളികളെ ശിക്ഷാ കാലാവധി പൂര്ത്തിയാകുന്നതോടെ പുറത്തിറക്കുന്നത്. അന്സാരിയുടെ പെട്ടന്നുള്ള റിലീസ് സിഖ് തീര്ത്ഥാടകര്ക്കായി കര്തര്പൂര് ഇടനാഴി തുറക്കുന്നതിന് ശേഷമുള്ള ഒരു കാല്വയ്പ്പായാണ് വിദഗ്ദ്ധര് കണക്കാക്കുന്നത്.
ഇന്ത്യന് സര്ക്കാര് മുടക്കമില്ലാതെ ശ്രമം നടത്തിവരികയായിരുന്നു. 96 വട്ടം അന്സാരിയെ കാണാനായി നടത്തിയ പരിശ്രമം പരാജയപ്പെടുകയും ചെയ്തു. രാജ്യവിരുദ്ധ കുറ്റങ്ങളും കൃത്രിമരേഖ കെട്ടിചമച്ചതും അടക്കം നിരവധി കുറ്റങ്ങളാണ് പാകിസ്ഥാന് അന്സാരിയുടെ മേല്ചുമത്തിയിരുന്നത്.
33 കാരനായ അന്സാരി 2012 നവംബര് 12നാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്കുട്ടിയെ കാണുന്നതിന് അഫ്ഗാനിസ്ഥാന് വഴി പാകിസ്ഥാനിലേക്ക് കടന്നത്. പാക്ക് പൗരനാണെന്ന് കാണിക്കുന്ന വ്യാജ തിരിച്ചറിയല് കാര്ഡുമായാണ് ഇയാള് പാകിസ്ഥാനില് എത്തിയത്. കറാക്കില് ഒരു ഹോട്ടലില് താമസിച്ച ഇയാളെ ഇന്റലിജന്സ് ഉദ്യോഗസ്ഥര് എത്തി പിടികൂടുകയായിരുന്നു. മോചനം ലഭിച്ചെങ്കിലും ആ പെണ്കുട്ടിയാരെന്നറിയാതെയാണ് അന്സാരിയുടെ മടക്കം.