ന്യൂഡൽഹി: ഭീകരരവിരുദ്ധ ശൃംഖലയിൽ വിന്യസിച്ചിരിക്കുന്ന അതിർത്തിരക്ഷാ സേനയിലെയും അർധസൈനികവിഭാഗത്തിലെയും അംഗങ്ങൾക്ക് താലിബാൻ ഭീകരരുടെ തന്ത്രങ്ങളെ പരാജയപ്പെടുത്താനാവശ്യമായ പരിശീലനം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നിർദേശം.
അഫ്ഗാനിസ്ഥാനിൽ താലിബാന്റെ നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിലാണിത്.
കാബൂളിന്റെ നിയന്ത്രണം താലിബാന്റെ കൈകളിലെത്തിയത് രാജ്യസുരക്ഷയ്ക്കു കനത്ത വെല്ലുവിളിയാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
അയൽരാജ്യങ്ങളിൽ രൂപംകൊണ്ട സവിശേഷമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ തന്ത്രങ്ങളിലും യുദ്ധമുറകളിലും വലിയ മാറ്റം വരുത്തണമെന്നാണ് സേനാവിഭാഗങ്ങൾക്കും രഹസ്യാന്വേഷണ വിഭാഗത്തിനും ലഭിച്ച നിർദേശം.
പാക് അതിർത്തിയിൽനിന്നുള്ള നുഴഞ്ഞുകയറ്റം ഉൾപ്പെടെ ശക്തമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തിൽ ബിഎസ്എഫ്, എസ്എസ്ബി, സംസ്ഥാന പോലീസുകൾ എന്നിവരെയും ഭീകരവിരുദ്ധനടപടികളിൽ പങ്കെടുക്കുന്ന സിആർപിഎഫ്, ജമ്മു കാഷ്മീർ പോലീസ് എന്നിവരെയും സജ്ജമാക്കണം.
താലിബാൻ ഭീഷണി നേരിടുന്നതിനുള്ള പരിശീലനം ഇവർക്കു കിട്ടിയിട്ടുണ്ടെങ്കിലും അവ കാലോചിതമായി പരിഷ്കരിച്ചിരുന്നില്ല.
രാജ്യത്തും പുറത്തുമുണ്ടായ പ്രത്യേക സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാകണം പരിശീലനമെന്നുമാണു നിർദേശം.