അതിര്‍ത്തിയില്‍ പാകിസ്ഥാന് ആക്രമണം തുടരുന്നതിനിടെ കേരളം ഉള്‍പ്പെടെയുള്ള സമുദ്രതീരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയില്‍ പാകിസ്ഥാനില്‍ നിന്നും ശ്രീലങ്കയിലേക്ക് പോയ ചൈനീസ് കപ്പല്‍ ദുരൂഹത പടര്‍ത്തി. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള കേരള തീരത്ത് കൂടി ശ്രീലങ്കയിലെ കൊളംബോയിലേക്ക് നീങ്ങിയ കപ്പലിന്റെ ഓരോ നീക്കവും കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കപ്പലുകള്‍ നിരീക്ഷിച്ചിരുന്നു. ഏതാനും ദിവസം മുന്‍പായിരുന്നു സംഭവം. ഇത്തരമൊരു കപ്പലിന്റെ സാന്നിധ്യം മനസിലാക്കിയ ഉടന്‍ തന്നെ സേനയുടെ കൊച്ചി ആസ്ഥാനത്ത് നിന്നുള്ള കപ്പലുകളും വിഴിഞ്ഞത്തുള്ള ചെറിയ കപ്പലും നിരീക്ഷണത്തിന് ഇറങ്ങി. കൊളംബോയിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും കപ്പലിന്റെ ഓരോ ചലനവും കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണത്തിലായിരുന്നു.
കേരള തീരത്ത് ഇനിയും ജാഗ്രത തുടരുമെന്നും സേനാ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, തീരസംരക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിഴിഞ്ഞം സ്റ്റേഷനിലേക്ക് പുതിയ ചെറുകപ്പല്‍ ഉടന്‍ എത്തും. സി 411 എന്ന് പേരുള്ള പുതിയ കപ്പല്‍ ഏപ്രില്‍ ആദ്യ വാരം തന്നെ സേനയ്ക്ക് കൈമാറും. രണ്ട് ഓഫീസര്‍മാരും 14 നാവികരും ഉള്‍പ്പെട്ട കപ്പലില്‍ അത്യാധുനിക സാങ്കേതിക ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാകുമെന്നാണ് വിവരം. അതേസമയം സംസ്ഥാനത്തെ തീരദേശത്ത് പോലീസും രഹസ്യാന്വേഷണവിഭാഗവും ജാഗ്രതയും സുരക്ഷയും കര്‍ശനമാക്കുകയാണ്. കടല്‍മാര്‍ഗം തീവ്രവാദികള്‍ നുഴഞ്ഞുകയറാനും ആക്രമിക്കാനും സാധ്യതയുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണിത്. ഇതുസംബന്ധിച്ച് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലേക്കും ഫിഷറീസ് ഓഫീസുകള്‍ക്കും അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. കടലിലൂടെ അന്തര്‍വാഹിനികള്‍ വഴിയാണ് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകളും വള്ളങ്ങളും തൊഴിലാളികളും അതീവജാഗ്രത പുലര്‍ത്തണം. അന്തര്‍വാഹിനികള്‍ക്ക് 25 മുതല്‍ 30 ദിവസം വരെ കടലില്‍ തങ്ങുവാന്‍ സാധിക്കും. എന്നാല്‍, ബാറ്ററി ചാര്‍ജിങ്ങിനുവേണ്ടി ഇവയ്ക്ക് സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്നുവരേണ്ടതുണ്ട്. ഈ സമയം അന്തര്‍വാഹിനികളുടെ മുകള്ഭാഗം ഒരു കുന്തമുനപോലെയാണ് സമുദ്രോപരിതലത്തില്‍ ദൃശ്യമാവുക. ഇത്തരത്തിലുള്ള വസ്തുക്കള്‍ കാണുകയാണെങ്കില്‍ അവയുടെ ജി.പി.എസ്. ഏരിയ സഹിതം മത്സ്യത്തൊഴിലാളികള്‍ അടിയന്തരമായി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.
അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്ത് കിടക്കുന്ന വിഴിഞ്ഞം തീരത്തും സമീപ തീരപ്രദേശങ്ങളിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം ഉണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ വിഴിഞ്ഞം ഉള്‍പ്പെടെയുള്ള തീരദേശമേഖലയിലും കടലിലും അതീവ ജാഗ്രത പുലര്‍ത്താനാണ് തീരസംരക്ഷണ സേന, തീരദേശ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് ഉന്നതതല നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
കടലില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്താനും, ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്കിയ അധികൃതര്‍ ഇപ്പോള്‍ അവധിയിലുള്ള സേനാംഗങ്ങളെ മടക്കിവിളിക്കാനും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആര്‍ക്കും അവധി അനുവദിക്കില്ല. കഴിഞ്ഞ ദിവസത്തോടെയാണ് സേനാ വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചത്. നിര്‍ദ്ദേശം ലഭിച്ച ഉടന്‍ തന്നെ സുരക്ഷാ ഏജന്‍സികളുടെ ബോട്ടുകള്‍ കടലില്‍ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും സ്ഥിതി വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നിര്‍ദേശമുണ്ട്. തീരദേശത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.