കോഴിക്കോട്: കോര്പറേഷന് ഓഫീസ് വളപ്പില്‍ ഇനി രുചി പകരാന്‍ ഇന്ത്യന്‍ കോഫി ഹൗസ്. കോര്പറേഷന് ഓഫീസിനുള്ളിലെ നവീകരിച്ച കാന്റീന് നടത്തുന്നതിനാണ് ഇന്ത്യന്‍ കോഫി ഹൗസിന് അനുമതി നല്കാന് തീരുമാനിച്ചത്. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇക്കാര്യം അംഗീകരിച്ചതിനു ശേഷം ഈ മാസം അവസാനം കാന്റീന് പ്രവര്‍ത്തനമാരംഭിക്കും.
കോഫി ഹൗസ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സ്റ്റിയറിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ശാഖ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഡെപ്യൂട്ടിമേയറേയും ആരോഗ്യസ്ഥിരം സമിതി ചെയര്‍മാനേയും ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ധനകാര്യ സ്ഥിരം സമിതിയുടെ തീരുമാനപ്രകാരം കാന്റീന് നടത്താന്‍ കോഫി ഹൗസിന് അനുമതി നല്കാന് ധാരണയായത്.
പ്രതിമാസം 25,000 രൂപയും ജിഎസ്ടിയും ഒരു സൊസൈറ്റി എന്ന പരിഗണനയില്‍ മൂന്നുമാസത്തെ വാടകയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റായി ഈടാക്കാനുമാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ രാത്രി 10 വരെയാണ് കോഫിഹൗസ് പ്രവര്‍ത്തിക്കുക.
നഗരസഭാ ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഭക്ഷണസാധനങ്ങളില്‍ ചെറിയ സബ്സിഡി നല്‍കും. വൈദ്യുതി,വെള്ളം എന്നിവയ്ക്കുള്ള തുക കോഫി ഹൗസ് തന്നെ നല്‍കും. മലീമസമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന നഗരസഭാ കാന്റീനെതിരെ വ്യാപക പരാതികൾ ഉയർന്നതിനെതുടർന്നാണ് കെട്ടിടം നവീകരിച്ച് ഇന്ത്യൻ കോഫി ഹൗസിനു കൈമാറുന്നത്.