വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് ഖാലിസ്ഥാൻ അനുകൂലികൾ തീയിട്ടു. ഉടനെ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്.
കോണ്‍സുലേറ്റിനു തീയിട്ടതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികൾ ഒരു വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ദൃശ്യങ്ങളിൽ ഒരാൾ കോൺസുലേറ്റിനു തീയിടുന്നതു വ്യക്തമായി കാണാം. എന്നാല്‍ വീഡിയോയുടെ ആധികാരികത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ അനുകൂല സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ് ) തലവൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിനെതിരെയാണ് കോൺസുലേറ്റ് ആക്രമണം.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളായ നിജ്ജാറിന്റെ തലയ്ക്ക് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം കാനഡയിലെ ഗുരുദ്വാരയ്ക്കു പുറത്തുവച്ച് നിജ്ജാർ വെടിയേറ്റ് മരിക്കുകയായിരുന്നു.
അഞ്ചു മാസത്തിനിടെ കോൺസുലേറ്റിനു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. സംഭവത്തെ യുഎസ് ശക്തമായി അപലപിച്ചിട്ടുണ്ട്.