ഐസിസി 2023 ഏകദിന ലോകകപ്പിനുള്ള ടീമിനെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് പുറപ്പെട്ടത്.
പരന്പര 3-0ന് പരാജയപ്പെട്ടു എന്നു മാത്രമല്ല, നാളുകളായി തുടരുന്നു പ്രശ്നങ്ങൾക്കൊന്നും പരിഹാരം കാണാനും സാധിച്ചില്ല.
കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം വിക്കറ്റ് വീഴ്ത്തി എതിരാളികളെ സമ്മർദത്തിലേക്ക് തള്ളിവിടാനുള്ള ഒരു ബൗളിംഗ് സംഘമില്ല.
അതോടൊപ്പം മധ്യനിരയിൽ ആവശ്യ സമയത്ത് തലയുയർത്തിനിന്ന് ടീമിനെ കരയ്ക്കടുപ്പിക്കാനുള്ള ബാറ്റിംഗ് ആഴ്മില്ല.
ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രശ്നം ആറാം ബൗളർ എന്ന സങ്കൽപ്പത്തിന് അടുത്തെത്താവുന്ന ഒരു കളിക്കാരൻ പോലും ടീമിലില്ല. ഈ പ്രശ്നങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് സർവനാശം.
ബൗളിംഗ്
2019 ഏകദിന ലോകകപ്പിനു പിന്നാലെയാണ് ഇന്ത്യയുടെ ബൗളിംഗ് മൂർച്ച കുറഞ്ഞത്. ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ആയി അറിയപ്പെട്ടിരുന്ന ഭുവനേശ്വർ കുമാറിന്റെ ഫോം പൂർണമായി നഷ്ടപ്പെട്ടു.
പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ ഭുവി തിരിച്ചെത്തിയെങ്കിലും പഴയ ആക്രമണവും വേഗവും കുറഞ്ഞു. ജസ്പ്രീത് ബുംറയായിരുന്നു ഇന്ത്യയുടെ ബൗളിംഗിലെ കുന്തമുന.
ഒൗട്ട് ഓഫ് ബോക്സ് ബൗളിംഗ് ആക്ഷനുൾപ്പെടെയുമായി ബുംറ തകർത്ത കാലവും കഴിഞ്ഞു. എതിരാളികൾ ബുംറയെ പ്രതിരോധിക്കാൻ പഠിച്ചു. അതോടെ ഇന്ത്യയുടെ വിക്കറ്റ് കൊയ്ത്തിനു തടവീണു.
കുൽദീപ് യാദവ് – യുസ്വേന്ദ്ര ചാഹൽ സ്പിൻ ആക്രമണം പഴയ കഥയായി മാറി. കുൽദീപ് ടീമിൽനിന്നും ചാഹൽ ഫോമിൽനിന്നും പുറത്തായി. നാളുകൾക്ക് ശേഷം ഏകദിന ടീമിൽ എത്തിയ ആർ. അശ്വിനും മധ്യഓവറുകളിൽ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയമായി.
പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ എന്നിവരെ മൂന്നാം ഏകദിനത്തിൽ കൊണ്ടുവന്നെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ദീപക് ചാഹറിന്റെ ബാറ്റിംഗ് മാത്രമായിരുന്നു ഏക വ്യത്യാസം. ഷാർദുൾ ഠാക്കൂറും ഇതുതന്നെ മുൻ ഏകദിനങ്ങളിൽ ചെയ്തിരുന്നു.
മധ്യനിര
രോഹിത് ശർമയുടെ അഭാവത്തിൽ കെ.എൽ. രാഹുൽ ഓപ്പണറുടെ റോളിലേക്ക് എത്തിയതോടെ ഇന്ത്യയുടെ നന്പർ 4, 5 ബാറ്റിംഗ് പൊസിഷന്റെ പ്രശ്നം വീണ്ടും ഉദിച്ചു.
ഋഷഭ് പന്തിനും ശ്രേയസ് അയ്യറിനും സൂര്യകുമാർ യാദവിനുമൊന്നും ഇന്ത്യയുടെ മധ്യനിരയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ സാധിച്ചില്ല.
നാലാം നന്പറിൽ എത്തിയ പന്ത് രണ്ടാം ഏകദിനത്തിൽ 71 പന്തിൽ 85 റണ്‍സ് അടിച്ചെടുത്തത് മാത്രമാണ് ഈ പരന്പരയിൽ ആശ്വാസകരമായ ഏക പ്രകടനം.
രോഹിത് ശർമ ടീമിലേക്ക് തിരിച്ചെത്തുന്നതോടെ കെ.എൽ. രാഹുൽ മധ്യനിരയിലേക്ക് എത്തി കെട്ടുറപ്പ് നൽകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ പ്രതീക്ഷ.
ഐസിസിയുടെ മികച്ച പുരുഷ ക്രിക്കറ്റ് താരം പാക് താരം ഷഹീന് ഷാ അഫ്രീദിയാണ്. ട്വന്റി-20 താരമായി മുഹമ്മദ് റിസ്വാനേയും ഏകദിന കളിക്കാരനായി ബാബര്‍ അസമിനെയും തെരഞ്ഞെടുത്തു.