ബാർബഡോസ്: ‘മുംബൈ ഗാങ്’, ഇന്ത്യൻ ക്രിക്കറ്റിൽ ഒരുകാലത്ത് ഏറ്റവും ശക്തമായി വേരോട്ടമുണ്ടായിരുന്ന സംഘം. മുംബൈക്കാരനായാൽ ഇന്ത്യൻ ടീമിൽ കളിക്കാമെന്നതായിരുന്നു അന്നത്തെ അവസ്ഥ.
അതേ കാലത്തിലേക്കുള്ള പിന്നോട്ടു നടത്തമാണോ ഇപ്പോഴത്തെ ഇന്ത്യൻ പുരുഷ ടീമിലുള്ളതെന്ന സംശയമാണ് ക്രിക്കറ്റ് നിരീക്ഷകരുടെ ചോദ്യം.
ആ ചോദ്യത്തിനു കാരണം ഒന്നുമാത്രം, വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിന് അവസരം നൽകാതെ മുംബൈ താരം സൂര്യകുമാർ യാദവിനെ തുടർച്ചയായി കളിപ്പിക്കുന്നു!
ഏകദിനത്തിൽ ഇതുവരെ ലഭിച്ച ഒരു അവസരം പോലും മികച്ച രീതിയിൽ ഉപയോഗിക്കാത്ത സൂര്യകുമാർ യാദവിനെ ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ നടക്കുന്ന രണ്ടാം ഏകദിനത്തിലും ക്യാപ്റ്റൻ രോഹിത് ശർമ കളിപ്പിച്ചേക്കാം. സഞ്ജു സാംസണിനു പുറത്തിരിക്കേണ്ടിയും വന്നേക്കാം.
രണ്ടാം ഏകദിനത്തിലുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിനായാണ് ഇന്ന് ആരാധകരുടെ ഏറ്റവും വലിയ കാത്തിരിപ്പ്. രാത്രി 7.00ന് ബാർബഡോസിലെ കെൻസിങ്ടണ് ഓവലിലാണ് രണ്ടാം ഏകദിനം. ആദ്യ ഏകദിനത്തിൽ ജയിച്ച ഇന്ത്യ ഇന്നും ജയം തുടർന്ന് പരന്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.
ഏകദിനത്തിലെ സൂര്യ
ട്വന്റി-20 ക്രിക്കറ്റിൽ ബാറ്റർമാരുടെ ലോക ഒന്നാം റാങ്കിൽ എത്തിയ താരമാണു സൂര്യകുമാർ യാദവ്. എന്നാൽ, ഏകദിനത്തിൽ സൂര്യയുടെ ബാറ്റിംഗ് അത്ര പോരാ. അത് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ അവസാന ആറ് ഇന്നിംഗ്സ്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയിലെ തുടർച്ചയായി മൂന്നു തവണ പൂജ്യത്തിനു പുറത്തായിട്ടുപോലും സൂര്യകുമാർ യാദവിന് അവസരം നൽകുന്ന ‘വിശാല’മനസാണു രോഹിത് ശർമയ്ക്കുള്ളത്. അതാണു ‘മുംബൈ ഗാങ്’ എന്ന സംശയത്തിലേക്കു കാര്യങ്ങളെത്തിച്ചതും. ഇന്ത്യക്കായി 24 ഏകദിനങ്ങൾ സൂര്യകുമാർ ഇതുവരെ കളിച്ചു.
19, 0, 0, 0, 14, 31 എന്നതാണ് സൂര്യകുമാർ യാദവിന്റെ അവസാന ആറ് ഇന്നിംഗ്സ്. വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ മൂന്നാം നന്പറായെത്തിയ സൂര്യകുമാർ യാദവ് ട്രേഡ്മാർക്ക് ഷോട്ടായ ഓവർ ഹെഡ് സ്കൂപ്പിലൂടെ സിക്സർ നേടിയത് മാത്രമാണ് ആകെ ശ്രദ്ധിക്കപ്പെട്ടത്.
എന്നാൽ, അതിലും ശ്രദ്ധയാകർഷിച്ചത് സഞ്ജുവിന്റെ ജഴ്സി അണിഞ്ഞായിരുന്നു സൂര്യകുമാർ യാദവ് മൈതാനത്ത് എത്തിയതെന്നതായിരുന്നു. സ്വന്തം ജഴ്സിയുടെ സൈസ് പാകമല്ലാത്തതിനാലായിരുന്നു സൂര്യകുമാർ, സഞ്ജുവിന്റെ ജഴ്സിയിട്ടത്.
സഞ്ജുവിന് അവസരം
സൂര്യകുമാറിനു വാരിക്കോരി അവസരം കൊടുക്കുന്പോൾ സഞ്ജുവിനെ തഴയുന്നതാണു ക്രിക്കറ്റ് നിരീക്ഷകരെ ചൊടിപ്പിക്കുന്നത്. രോഹിത് ശർമയുടെ മനോഭാവം സഞ്ജുവിന്റെ കരിയർ നശിപ്പിക്കുന്നു എന്ന നിരീക്ഷണമാണു സോഷ്യൽ മീഡിയയിൽ ഉയർന്നത്.
ആ നിരീക്ഷണത്തിൽ കാര്യമുണ്ട്. സഞ്ജുവിന്റെ അവസാന ആറ് ഇന്നിംഗ്സ് പരിശോധിച്ചാൽ മിഡിൽ ഓഡറിൽ ഈ മലയാളി ബാറ്റർ പെർഫെക്ട് ഓക്കെ ആണെന്നു വ്യക്തമാകും.
അവസാന ആറ് ഇന്നിംഗ്സിൽ ഒരു തവണ മാത്രമാണു സഞ്ജു ഒരക്കത്തിൽ നിന്നത്, അത് നോട്ടൗട്ടുമായിരുന്നു. 36, 2*, 30*, 86*, 15, 43* എന്നതാണു സഞ്ജുവിന്റെ അവസാന ആറ് ഇന്നിംഗ്സ്. നാല് തവണ നോട്ടൗട്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. 11 ഏകദിനം സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
സഞ്ജു x സൂര്യകുമാർ
ഏകദിന കരിയർ
11 മത്സരം 24
10 ഇന്നിംഗ്സ് 22
330 റണ്സ് 452
86* ഉയർന്ന സ്കോർ 64
5 നോട്ടൗട്ട് 3
66.00 ശരാശരി 23.78
104.76 സ്ട്രൈക്ക് റേറ്റ് 100.66
0/2 100/50 0/2