ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വി.വി.എസ്. ലക്ഷ്മണും വരാൻ താത്പര്യമില്ലെന്ന് റിപ്പോർട്ടുകൾ.
2024 ട്വന്റി 20 ലോകകപ്പോടെ നിലവിലെ കോച്ച് രാഹുൽ ദ്രാവിഡിന്റെ കാലാവധി പൂർത്തിയാകും. ജൂണിൽ ലോകകപ്പ് സമാപിക്കും. ബിസിസിഐ പുറത്തിറക്കിയ പരസ്യപ്രകാരം ജൂലൈ ഒന്നിന് പുതിയപരിശീലകൻ ചുമതലയേൽക്കേണ്ടതാണ്.
2027 അവസാനം വരെ ഇവർക്ക് പരിശീലകനായി തുടരുകയും ചെയ്യാം. 2025ലെ ചാന്പ്യൻസ് ട്രോഫി, 2027ലെ ഏകദിന ലോകകപ്പ് എന്നിവയാകും പുതിയ ആളുടെ ചുതലകൾ. ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഒരു വിദേശി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വ്യക്തിപരമായ കാരണങ്ങളെത്തുടർന്ന് പരിശീലകനായി കലാവധി ഇനിയും നീട്ടാൻ താത്പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ പരിശീലകനായി ദ്രാവിഡിനോട് തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായ വി.വി.എസ്. ലക്ഷ്മണ്, ദ്രാവിഡിനു പകരമെത്തുമെന്ന് കരുതിയെങ്കിലും അദ്ദേഹത്തിനും താത്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ.