ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നാൽ രോഹിത് ശർമ & കോ എന്നായി മാറിയോ… മുഹമ്മദ് അസ്ഹറുദ്ദീൻ, സൗരവ് ഗാംഗുലി, എം.എസ്. ധോണി എന്നിവരെല്ലാം ക്യാപ്റ്റന്മാരായപ്പോൾ അങ്ങനെതന്നെ അല്ലായിരുന്നോ എന്നതും മറുചോദ്യം.
ടീം സെലക്ഷനിൽ എം.എസ്. ധോണിയും സൗരവ് ഗാംഗുലിയും ഇടപെട്ടതുപോലെ നിലവിൽ ഇന്ത്യൻ ക്യാപ്റ്റനായ രോഹിത് ശർമയ്ക്ക് റോളുണ്ടോ…? അതോ ബാഹ്യശക്തികൾ നിയന്ത്രിക്കുന്ന ക്യാപ്റ്റനാണോ രോഹിത് ശർമ…?
അയർലൻഡ് പര്യടനത്തിൽ ജസ്പ്രീത് ബുംറ കളിക്കുമോ എന്നറിയില്ലെന്ന് രോഹിത് ശർമ പറഞ്ഞതും കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞതും ഇതിനോട് ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നു ഇരുവരുടെയും പ്രതികരണങ്ങൾ.
ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരിലൊരാളായ വിരാട് കോഹ്ലിയെ പുറത്താക്കിയാണ് രോഹിത് ശർമയെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്. മൂന്ന് ഫോർമാറ്റിലുമായി 78 ശതമാനമാണ് ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെ വിജയം.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ എന്ന വിശേഷണം രോഹിത്തിന് ഉചിതം. എന്നാൽ, 2023 ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ പ്ലെയിംഗ് ഇലവൻ തെരഞ്ഞെടുപ്പിൽ വീഴ്ചവരുത്തി. ആർ. അശ്വിനെ പുറത്തിരുത്തിയത് ഇന്ത്യയുടെ തോൽവിക്കുതന്നെ കാരണമായതായി വിമർശകർ ചൂണ്ടിക്കാണിച്ചു.
തെറ്റ് ആവർത്തിക്കുന്നോ?
ഐസിസി ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ പ്ലേയിംഗ് ഇലവൻ തെരഞ്ഞെടുപ്പിലാണ് തെറ്റുപറ്റിയതെങ്കിൽ 2023 ഏകദിന ലോകകപ്പ് 15 അംഗ ടീം തെരഞ്ഞെടുപ്പിൽ പിഴച്ചോ…? ഇന്ത്യ x പാക്കിസ്ഥാൻ ഏഷ്യ കപ്പ് മത്സരം ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലെ 11 പേരുടെ ചിത്രം വെളിപ്പെടുത്തും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതുപോലെതന്നെ സംഭവിച്ചു. പാക്കിസ്ഥാനെതിരേ കളിച്ച 11 പേരെ ഉൾപ്പെടുത്തിയാണ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
പാക്കിസ്ഥാനെതിരേ ഇറങ്ങിയ 11 അംഗങ്ങൾക്കൊപ്പം മുഹമ്മദ് ഷമി, അക്സർ പട്ടേൽ, സൂര്യകുമാർ യാദവ്, പരിക്കേറ്റ് പുറത്തായിരുന്ന കെ.എൽ. രാഹുൽ എന്നിവർ കൂടി ചേരുന്നതാണ് ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീം. പാക്കിസ്ഥാനെതിരേ 48.5 ഓവറിൽ 266 റണ്സിന് ഇന്ത്യ പുറത്തായിരുന്നു എന്നും പേസ് ഓൾറൗണ്ടർ എന്ന പേരിൽ ഉൾപ്പെടുത്തിയ ഷാർദുൾ ഠാക്കൂർ മൂന്നു പന്തിൽ മൂന്ന് റണ്സ് മാത്രമാണ് എടുത്തതെന്നതും വിസ്മരിച്ചുകൂടാ…
അഗാർക്കറിന്റെ സേഫ് പ്ലേ
ചീഫ് സെലക്ടർ അജിത് അഗാർക്കറും രോഹിത് ശർമയും ചേർന്നാണ് ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റനെയും ബിസിസിഐയെയും പിണക്കാത്ത ടീം തെരഞ്ഞെടുപ്പാണ് അഗാർക്കർ നടത്തിയതെന്നു വ്യക്തം.
അങ്ങനെയാണ് കെ.എൽ. രാഹുൽ, ഷാർദുൾ ഠാക്കൂർ, സൂര്യകുമാർ യാദവ് എന്നിവർ ടീമിൽ ഉൾപ്പെട്ടതെന്നും സഞ്ജു സാംസണ്, പ്രസിദ്ധ് കൃഷ്ണ, ആർ. അശ്വിൻ, യുസ്വേന്ദ്ര ചാഹൽ എന്നിവർക്ക് ലോകകപ്പ് ടിക്കറ്റ് ലഭിക്കാതിരുന്നതെന്നും സംസാരമുണ്ട്.
ലോകകപ്പിൽ ഇന്ത്യയുടെ ഒന്നാം നന്പർ വിക്കറ്റ് കീപ്പറായി കെ.എൽ. രാഹുലായിരിക്കും എത്തുക. അങ്ങനെയെങ്കിൽ ഇഷാൻ കിഷൻ ഒഴുക്കിയ വിയർപ്പെല്ലാം വെറുതെയാകും.
ഈ വർഷം മാർച്ചിനുശേഷം ഏകദിന ക്രിക്കറ്റ് കളിക്കാത്ത താരമാണ് രാഹുൽ. ഏഷ്യ കപ്പ് നഷ്ടപ്പെട്ട സാഹചര്യത്തിൽ ലോകകപ്പിനു മുന്പ് ഓസ്ട്രേലിയയ്ക്കെതിരായ പരന്പരമാത്രമാണ് വിമർശകർക്കു മറുപടി നൽകാൻ രാഹുലിനു മുന്നിൽ ശേഷിക്കുന്നത്.
അഞ്ച് സ്പെഷലിസ്റ്റ് ബാറ്റർമാർ (രോഹിത്, കോഹ്ലി, ശുഭ്മാൻ, സൂര്യകുമാർ, ശ്രേയസ്), രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർമാർ (രാഹുൽ, ഇഷാൻ), രണ്ട് ഓൾ റൗണ്ടർമാർ (ഹാർദിക്, ജഡേജ), രണ്ട് ബൗളിംഗ് ഓൾ റൗണ്ടർമാർ (അക്സർ, ഷാർദുൾ) എന്നിങ്ങനെ ബാറ്റിംഗിന് ഊന്നൽ നൽകുന്ന സംഘമാണ് ഇന്ത്യക്കുള്ളത്. 15 അംഗ ടീമിൽ സ്പെഷലിസ്റ്റ് ബൗളർമാരായുള്ളത് നാലു പേർ (ഷമി, സിറാജ്, ബുംറ, കുൽദീപ്) മാത്രമാണ്.
ചരിത്രത്തിൽ ആദ്യമായി ഇന്ത്യ സ്വതന്ത്രമായി ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ഇതിൽകൂടുതൽ സേഫ് പ്ലേയ്ക്ക് അഗാർക്കറിനു സാധിക്കുമോ…? ഇല്ലെന്നു പറയേണ്ടിവരും…