കിംബെര്‍ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ പെണ്‍പുലികളുടെ ആഫ്രിക്കന്‍ ഗര്‍ജനം തുടരുന്നു. ഐസിസി വിമന്‍ ചാമ്പ്യന്‍ഷിപ്പ് ഏകദിന പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഉജ്വല വിജയം.
178 റണ്‍സിനാണ് ഇന്ത്യ വിജയസോപാനമേറിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മിന്നും ബാറ്റിംഗ് പ്രകടനം നടത്തിയ സ്മൃതി മന്ദാനയാണ് ജയം അനായാസമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലും ഒറ്റയാള്‍ പ്രകടനത്തിലൂടെ മന്ദാന ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
ഓപ്പണറായിറങ്ങി 44-ാം ഓവര്‍ വരെ ക്രീസില്‍നിന്ന മന്ദാനയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ ഉയര്‍ത്തിയത് 303 റണ്‍സ് വിജയലക്ഷ്യമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തു.
129 പന്തില്‍ 14 ബൗണ്ടറിയും ഒരു സിക്സുമടക്കം 135 റണ്‍സാണ് മന്ദാന അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞു. 30.5 ഓവറില്‍ 124 റണ്‍സിന് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ അവസാന നാലു വിക്കറ്റുകള്‍ 14 റണ്‍സെടുക്കുന്നതിനിടെ, നിലംപൊത്തി. മന്ദാനയാണ് മാന്‍ ഓഫ് ദ മാച്ച്.
മന്ദാന എല്ലാ താരങ്ങള്‍ക്കൊപ്പവും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഹര്‍മന്‍പ്രീതിനൊപ്പം സെഞ്ചുറി (134) കൂട്ടുകെട്ടും സ്മൃതി പടുത്തുയര്‍ത്തി ഒന്നാം വിക്കറ്റില്‍ പൂനം റാവത്തിനൊപ്പവും (56) രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിതാലി രാജിനൊപ്പവും ആയിരുന്നു അര്‍ധസെഞ്ചുറി കൂട്ടുകെട്ട്. മന്ദാനയുടെ മൂന്നാം ഏകദിന സെഞ്ചുറിയാണിത്. മന്ദാന പുറത്തായശേഷം അഞ്ചാം വിക്കറ്റില്‍ തകര്‍ത്തടിച്ച ഹര്‍മന്‍പ്രീത് കൗര്‍-വേദ കൃഷ്ണമൂര്‍ത്തി സഖ്യവും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (61) തീര്‍ത്തു.
69 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 55 റണ്‍സാണ് ഹര്‍മന്‍പ്രീത് നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വേദ കൃഷ്ണമൂര്‍ത്തി ഇന്ത്യന്‍ സ്കോര്‍ 300 കടത്തി. 33 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ വേദ 51 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി റെയ്സീബ് എന്ടോസഖെ, സ്യൂന്‍ ലൂസ്, മസബാട ക്ലാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഓപ്പണര്‍ ലിസെല്ലെ ലീ (73) മാത്രമാണ് പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയുടെ ഒമ്പതു ബാറ്റ്സ്വുമണ്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഇന്ത്യക്കു വേണ്ടി പൂനം യാദവ് 7.5 ഓവറില്‍ 24 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് സ്വന്തമാക്കി. അതിനിടെ, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളര്‍ ജുലന് ഗോസ്വാമി ഏകദിനക്രിക്കറ്റില്‍ 200 വിക്കറ്റ് എന്ന സുവര്‍ണ നേട്ടം കൊയ്തു. 2002ല്‍ അരങ്ങേറിയ ജുലന് 166 മത്സരങ്ങളില്‍നിന്നാണ് 200 വിക്കറ്റ് സ്വന്തമാക്കിയത്. പരമ്പരയില്‍ ഇനി ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. പത്തിനാണ് അത്.
ആദ്യ ഏകദിനത്തിലും ഇന്ത്യക്കായിരുന്നു വിജയം. ആ മത്സരത്തില്‍ മന്ദാന 84 റണ്‍സ് നേടിയിരുന്നു. മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമല്‍സരം 88 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 213 റണ്‍സെടുത്ത ഇന്ത്യ 43.2 ഓവറില്‍ ദക്ഷിണാഫ്രിക്കയെ 125ന് പുറത്താക്കിയാണ് വിജയം പിടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ സ്മൃതി മന്ദാനയുടെയും ക്യാപ്റ്റന്‍ മിതാലി രാജിന്റെയും (45) പ്രകടനമാണ് ഇന്ത്യക്കു കരുത്തായത്. ലോകകപ്പിനു ശേഷം ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഒരു പരമ്പരയില്‍ കളിക്കുന്നത്.
കേപ്ടൗണ്‍: പുരുഷടീമും ദക്ഷിണാഫ്രിക്കയിൽ തകർപ്പൻ പ്രകടനം തുടരുന്നു. നായകന് വിരാട് കോഹ്ലിയുടെ ബാറ്റ് വീണ്ടും ഗർജിച്ചപ്പോൾ കേപ്ടൗണ്‍ ഏകദിനത്തില്‍ ഇന്ത്യക്കു 124 റൺസിന്റെ കൂറ്റൻ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 179 റൺസിന് എല്ലാവ രും പുറത്തായി. ഇതോടെ ആറ് മത്സര പരന്പരയിൽ ഇന്ത്യ 3-0നു മുന്നിലെത്തി. കോഹ്ലി മാൻ ഓഫ് ദ മാച്ചായി.
160 റണ്‍സ് നേടി പുറത്താകാതെനിന്ന വിരാട് കോഹ്ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യക്കു കരുത്തായത്. 119 പന്തില്‍നിന്നു സെഞ്ചുറി തികച്ച കോഹ്ലി 159 പന്തില്‍നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്സറുകളുമടക്കമാണ് 160 റണ്‍സ് നേടിയത്. ഓപ്പണര്‍ ശിഖര്‍ ധവാനും ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിനെ തച്ചുടച്ചു. ധവാന് 63 പന്തില്‍ 76 റണ്‍സ് നേടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് ധവാന് അര്‍ധസെഞ്ചുറി നേടുന്നത്. ധവാന്- കോഹ്ലി കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് അടിച്ചുകൂട്ടി. ദക്ഷിണാഫ്രിക്കയ്ക്കായി പാര്‍ട്ട് ടൈം സ്പിന്നര്‍ ജെ.പി.ഡുമിനി രണ്ടു വിക്കറ്റ് നേടി.
രോഹിത് ശര്‍മ(0), രഹാനെ(11), ഹാര്‍ദിക്(14), ധോണി(10), കേദാര്‍ യാദവ്(1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റ്സ്മാന്മാരുടെ സംഭാവന. പിരിയാത്ത ഏഴാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറി(16) നൊപ്പം കോഹ്ലി 67 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ 300 കടത്തി. കരിയറിലെ 34-ാം ഏകദിന സെഞ്ചുറിയാണ് കോഹ്ലി കേപ്ടൗണില്‍ കുറിച്ചത്. 49 സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡ് കോഹ്ലിക്കു മുന്നില്‍ ശേഷിക്കുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യയെ വിജയത്തിലേക്കു നയിച്ച കോഹ്ലി, രണ്ടാം മത്സരത്തില്‍ പുറത്താകാതെനിന്നിരുന്നു. മൂന്നു മത്സരങ്ങൾക്കിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. അതുപോലെ നായകനെന്ന നിലയിൽ കോഹ്ലിയുടെ 12-ാം സെഞ്ചുറി കൂടിയാണിത്. 22 സെഞ്ചുറിയുള്ള റിക്കി പോണ്ടിംഗും 13 സെഞ്ചുറിയുള്ള എ.ബി. ഡിവില്യേഴ്സുമാണ് ഇക്കാര്യത്തിൽ മുന്നിൽ.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിലെ ഹഷിം അംലയുടെ വിക്കറ്റ് നഷ്ടപ്പെട്ടു. ഒരു റണ്ണെടുത്ത അംലയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന നായകൻ മാർക്രാമും ഡുമിനിയും ചേർന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റി. എന്നാൽ, കുൽദീപിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് മാർക്രാം പുറത്തായതോടെ ദക്ഷിണാഫ്രിക്ക തളർന്നു. മഹേന്ദ്രസിംഗ് ധോണിയുടെ 400-ാമത്തെ ഇരയായിരുന്നു മാർക്രാം. പിന്നെയെല്ലാം ചടങ്ങുമാത്രമായി. ജെ.പി. ഡുമിനി 51 റൺസ് നേടി ടോപ് സ്കോററായി. ഇന്ത്യക്കു വേണ്ടി ഒരിക്കൽക്കൂടി ചാഹലും കുൽദീപും (നാലു വിക്കറ്റ് വീതം) തിളങ്ങി.