യുക്രൈനില് റഷ്യ ആക്രമണം തുടരുന്ന സാഹചര്യത്തില് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ഊര്ജ്ജിതമായി തുടരുകയാണ്.
ഇതിനോടകം നാട്ടിലെത്തിയ വിദ്യാര്ഥികളില് പലരും വളര്ത്തു മൃഗങ്ങളെയും ഒപ്പം കൂട്ടിയാണ് മടങ്ങിയെത്തിയത്.
ഇപ്പോള് പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം ബങ്കറില് കഴിയുന്ന ആന്ധ്രാപ്രദേശ് സ്വദേശിയായ ഡോക്ടറുടെ വാര്ത്തയാണ് വ്യാപകമായി പ്രചരിക്കുന്നത്.
യുക്രൈനിലെ വീടിന്റെ ബങ്കറില് പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം തുടരാനാണ് ഡോക്ടറുടെ തീരുമാനം.
വളര്ത്തുമൃഗങ്ങളെ ഉപേക്ഷിച്ച് മടങ്ങാന് തയ്യാറല്ല ഡോക്ടര് കുമാര് ബന്ദി. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ തണുകു പട്ടണമാണ് ഡോക്ടറുടെ സ്വദേശം.
യുക്രൈനിലെ ഡോണ്ബാസിലാണ് ഡോക്ടര് താമസിക്കുന്നത്. കീവില് നിന്ന് 850 കിലോമീറ്റര് അകലെയാണ് സ്ഥലം.
നിരവധി ഇന്ത്യന് വിദ്യാര്ഥികളെ അതിര്ത്തിയില് എത്തിക്കുന്നതില് നിര്ണായക പങ്കാണ് ഡോക്ടര് വഹിക്കുന്നത്.
യുക്രൈനില് റഷ്യ ആക്രമണം ആരംഭിച്ചപ്പോള് യൂട്യൂബര് കൂടിയായ ഡോക്ടര് പുള്ളിപ്പുലിക്കും കരിമ്പുലിക്കുമൊപ്പം നില്ക്കുന്ന വീഡിയോ യൂട്യൂബില് അപ്ലോഡ് ചെയ്തിരുന്നു.
വളര്ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന് മനസിലാത്തത് കൊണ്ട് ഇവിടെ തന്നെ തുടരുന്നതായും അദ്ദേഹം അറിയിച്ചു.
15 വര്ഷം മുന്പ് മെഡിസിന് പഠനത്തിനായാണ് കുമാര് യുക്രൈനില് എത്തിയത്. പഠനം പൂര്ത്തിയാക്കിയ ശേഷം കുമാര് അവിടെ തന്നെ പ്രാക്ടീസ് തുടരുകയാണ്.