ഗോഹട്ടി: ഇന്ത്യന്‍ ഫുട്ബോള്‍ ടീം വീണ്ടും പോരാട്ട വേദിയില്‍. 2022 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതയ്ക്കുള്ള ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഒമാനെതിരേ ഇറങ്ങും. ഗോഹട്ടിയില്‍ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പിനൊപ്പം ഏഷ്യന്‍ കപ്പിനുള്ള യോഗ്യതയും കൂടിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഈ മത്സരം കഴിഞ്ഞ് യോഗ്യതയില്‍ ഇന്ത്യ എവേ മത്സരത്തില്‍ 10-ാം തീയതി ഖത്തറിനെ നേരിടും.
പുതിയ പരിശീലകന് ഇഗര്‍ സ്റ്റിമാച്ചിനു കീഴില്‍ ഇന്ത്യ പുതിയ ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ്. പ്രധാന കളിക്കാരെയെല്ലാം ഉള്‍പ്പെടുത്തിയാണ് അദ്ദേഹം ദേശീയ ക്യാംപ് നടത്തിയത്. സ്റ്റിമാച്ചിനു കീഴില്‍ ഇന്ത്യ അഞ്ചു കളിയില്‍ ഒരു ജയവും ഒരു സമനിലയും മൂന്നു തോല്‍വിയിലുമാണ്. കിംഗ്സ് കപ്പില്‍ തായ്ലന്ഡിനെതിരേയായിരുന്നു ഏക ജയം. ടീമിലുള്ള പല കളിക്കാര്‍ക്കും കിംഗ്സ് കപ്പിലും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും അവസരം ലഭിച്ചിരുന്നു.
ഗ്രൂപ്പ് ഇയില്‍ ഇന്ത്യക്കും ഒമാനും പുറമെ ഖത്തര്‍, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് ടീമുകളാണുള്ളത്. അഫ്ഗാനും ബംഗ്ലാദേശും റാങ്കിംഗില്‍ താഴെയാണ്. ഗ്രൂപ്പിലെ കരുത്തരാണ് ഖത്തറും ഒമാനും. ഇതില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറാണ് ഏറ്റവും വലിയ എതിരാളികള്‍. ഇതുകൊണ്ട് തന്നെ ഖത്തറിനെതിരേയുള്ള മത്സരത്തിനു മുമ്പ് ഒമാനെതിരേ ജയിച്ച് ആത്മവിശ്വാസം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
നിലവില്‍ 103-ാം റാങ്കിലാണ് ഇന്ത്യ. ഗ്രൂപ്പുകളിലെ മികച്ച രണ്ടാം സ്ഥാനക്കാര്‍ക്കും ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ കടക്കാനാകും. ഇതുകൊണ്ട് തന്നെ വിജയംതന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഫിഫ റാങ്കിംഗില്‍ ഒമാന്‍ 87-ാം സ്ഥാനത്താണ്. ഒമാനാണ് കരുത്തരെങ്കിലും ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം വിജയമാക്കാനാണ് സുനില്‍ ഛേത്രിയും കൂട്ടരും ശ്രമിക്കുക.
എഎഫ്സി ഏഷ്യന്‍ കപ്പിനു മുമ്പ് നടന്ന സൗഹൃദ മത്സരത്തിലാണ് ഇന്ത്യയും ഒമാനും അവസാനമായി ഏറ്റുമുട്ടിയത്. ആ മത്സരം ഗോള്‍രഹിത സമനിലയാകുകയായിരുന്നു. ഇത്തവണ ഇരുടീമും പുതിയ പരിശീലകര്‍ക്കു കീഴില്‍ പുതിയ തന്ത്രങ്ങളുമായാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. ഒമാനാണെങ്കില് പുതിയ പരിശീലകന് എര്വിന് കോമാന്റെ കീഴില്‍ കളിച്ച മൂന്നു കളിയിലും ജയിച്ചിട്ടുണ്ട്. ശാരീരികമായ കരുത്തും ഒപ്പം മധ്യനിരയിലെ മികവുമാണ് ഒമാനെ ഇന്ത്യയില്‍നിന്ന് വ്യത്യസ്തരാക്കുന്നത്.
2018 ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യ ഒമാനോട് രണ്ടു മത്സരങ്ങളിലും തോറ്റിരുന്നു. ടീമെന്ന നിലയില്‍ ഒരുമിച്ചും പേടിക്കാതെയും കളിച്ചാല്‍ ഇന്ത്യക്ക് ഒമാനെ തോല്‍പ്പിക്കാനാകുമെന്ന് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു പറഞ്ഞു.
നേർക്കുനേർ
ഇന്ത്യ ഒമാൻ
103 ഫിഫ റാങ്ക് 87
00 ജയം 07
03 സമനില 03