ന്യൂഡൽഹി: രാജ്യാന്തരവില വർധിച്ചെന്ന ന്യായം പറഞ്ഞ് എണ്ണകന്പനികൾ പാചകവാതകവില വീണ്ടും കൂട്ടുന്നു. സബ്സിഡിയില്ലാത്ത 19 കിലോയുടെ ഗാർഹികേതര എൽപിജി സിലിണ്ടറിന് 100 രൂപയോളം വർധിപ്പിക്കുമെന്നാണു സൂചന.
ജൂൺ ഒന്നിനാണ് പുതിയ വില പ്രാബല്യത്തിലാകുക.സബ്സിഡിയില്ലാത്ത ഗാർഹികേതര 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1167.50 രൂപയാണ് ഇപ്പോഴത്തെ വില. സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം സിലിണ്ടറിന് ഡൽഹിയിൽ 650.50 രൂപ നൽകണം. സബ്സിഡിക്കു ശേഷം ഗാർഹിക 14.2 കിലോഗ്രാം സിലിണ്ടറിന് ഡൽഹിയിൽ വേണ്ടത് 491.21 രൂപ.
പെട്രോൾ, ഡീസൽ വിലകൾ ദിവസവും മാറ്റുന്പോൾ പാചകവാതകവില മാസംതോറുമാണ് മാറ്റുന്നത്. കർണാടക തെരഞ്ഞെടുപ്പിന്റെ പേരിൽ 20 ദിവസത്തോളം ഇന്ധനവില മരവിപ്പിച്ചു നിർത്തി. അതിനുശേഷം വിലവർധന പുനരാരംഭിച്ചു. ഇന്നലെ തുടർച്ചയായ 13-ാം ദിവസവും വില കൂട്ടി.
ഇതോടെ 13 ദിവസംകൊണ്ട് പെട്രോൾ വില ലിറ്ററിന് 3.62 രൂപ മുതൽ 3.65 രൂപവരെ വർധിച്ചു. ഡീസലിലെ വർധന 3.22 രൂപ മുതൽ 3.26 രൂപ വരെയാണ്.