ന്യൂഡല്‍ഹി: ആദ്യന്തം ആക്രമിച്ചു കളിച്ച ഇന്ത്യ വരുത്തി യ പിഴവുകളുണ്ടാക്കിയ വിടവിലൂടെ അടിച്ച രണ്ടു ഗോളുകളില്‍ കൊളംബിയയ്ക്കു ജയം. അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പ് എയിൽ എണ്‍പതാം മിനിറ്റില്‍ ഇന്ത്യ എതിരാളിയെ സമനിലയില്‍ പിടിച്ചു കെട്ടിയ കളിയില്‍ തൊട്ടടുത്ത നിമിഷം മറുപടി ഗോളടിച്ചാണ് കൊളംബിയ വിജയം കൈക്കലാക്കിയത്.
സഞ്ജീവ് സ്റ്റാലിന്റെ കോര്‍ണര്‍ ക്രോസില്‍ ജീക്സണ് തനൗജം ആണ് ഇന്ത്യക്ക് വേണ്ടി ലോകകപ്പിലെ ആദ്യ ഗോള്‍ നേടിയത്. സമനില ഗോളിന്റെ ആവേശം തീരും മുമ്പേ കൊളംബിയ തിരിച്ചടിച്ചു. ബോക്സിലെ വിടവ് മുതലെത്ത് കൊളമ്പിയക്ക് വേണ്ടി ജുവാന്‍ പെനലോസ തന്റെ രണ്ടാം ഗോളും നേടി. ചരിത്രത്തില്‍ ആദ്യമായി ലോകകപ്പിനിറങ്ങിയ ഇന്ത്യക്ക് ഇതോടെ പുറത്തേക്കുള്ള വഴി തെളിയുകയാണെന്നു പറയാം. അവസാന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.
ഒറ്റ ഗോളില്‍ ആരവം
അമേരിക്കയോട് തോറ്റതിന്റെ പ്രതികാരം കൊളംബിയയുടെ നെഞ്ചില്‍ തീര്ക്കുമെന്നുറപ്പിച്ചായിരുന്നു ആദ്യ പകുതിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം. ഗാലറിയില്‍ കണ്ണുംനട്ട് കാത്തിരുന്ന ക്യാപ്റ്റന്‍ അമര്‍ജിത് കിയാമിന്റെ അമ്മ ആശാംഗ്ബി ദേവിയുടെ പ്രാര്‍ഥനകളും അച്ഛനെപ്പോലെ കളത്തിന് പുറത്ത് അക്ഷമ കാട്ടി നിന്ന കോച്ച് നോര്ട്ടന് ഡി മാറ്റോസിന്റെ നിയന്ത്രണവും പക്ഷേ വിജയത്തിലേക്കുള്ള തുണയായില്ല. പിറന്ന മണ്ണില്‍ വിജയ ഗോളടിച്ച് വന്ദേമാതരം കുറിക്കുകയെന്ന ഇന്ത്യന്‍ സ്വപ്നം ഇന്നലെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സഫലമാകാതെ പോയപ്പോഴും തങ്ങളുടെ പ്രിയ താരങ്ങളുടെ മികച്ച പ്രകടനങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍ ജയ് വിളിച്ചു.
കളം പിടിച്ച കളി
തുടക്കത്തില്‍ കളം പിടിച്ചു കളിച്ചുതുടങ്ങിയ കൊളംബിയയെ ചടുല നീക്കത്തോടെയാണ് ഇന്ത്യ നേരിട്ടു തുടങ്ങിയത്. ഒന്നാം മിനിറ്റില്‍ കൊളംബിയയ്ക്ക് കിട്ടിയ ത്രോ ഇന്ത്യന്‍ ഗോളി ധീരജ് തന്റെ കൈകളില്‍ ഭദ്രമാക്കി. ഇടത് വിംഗിലും മധ്യനിരയിലും ഒരു പോലെ സാന്നിധ്യമറിയിച്ചു മലയാളി താരം രാഹുല്‍ നിറഞ്ഞു നിന്നു.
കളിയുടെ എട്ടാം മിനിറ്റ് തൊട്ട് കൃത്യമായ അത്മവിശ്വാസത്തോടെ കളം നിറയുന്ന ഇന്ത്യന്‍ താരങ്ങളെയാണ് കണ്ടത്. 15-ാം മിനിറ്റില്‍ കൊളംബിയന്‍ മുഖത്ത് ഇന്ത്യയുടെ ആദ്യ വിരട്ടല്‍. നിന്‍തോയിംഗാന്‍ബ മെയ്തി കൊളംബിയന്‍ പ്രതിരോധം മറികടന്ന് നല്കിയ പാസില്‍നിന്ന് അഭിജിത് സര്‍ക്കാര്‍ എടുത്ത ഷോട്ട് കൊളംബിയന്‍ ഗോളി കെവിന് മിയര്‍ തടുത്തെങ്കിലും ഇന്ത്യന്‍ ടീമിന്റെ മികച്ചൊരു പ്രകടനത്തിന്റെ ദൃശ്യമായി അത്.
ധീരനായി ധീരജ്
ഇന്ത്യന്‍ ഗോളി ധീരജിന്റെ ധീരമായ സേവുകള്‍ തന്നെയാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്. ആദ്യ പകുതിയില്‍ കൊളമ്പിയ തൊടുത്ത മൂന്നു ക്ലിയര്‍ ഷോട്ടുകള്‍ തട്ടിയിട്ടും കൈയിലൊതുക്കിയുമായിരുന്നു ധീരജിന്റെ പ്രകടനം. 41-ാം മിനിറ്റിലെ സേവില്‍ പരിക്കായിരുന്നു ധീരജിന് നേരിടേണ്ടി വന്നത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയെ ധീരജ് മറ്റൊരു സേവ് കൂടി നടത്തി ഇന്ത്യയുടെ നില ഭദ്രമാക്കി.
45-ാം മിനിറ്റില്‍ മലയാളി താരം രാഹുലിന്റെ ബൂട്ടില്‍ നിന്നു പറന്ന ഷോട്ട് കൊളംബിയന്‍ പോസ്റ്റില്‍ തട്ടി നിര്‍ഭാഗ്യ ലാന്‍ഡിംഗ്. എങ്കിലും മികച്ച ഷോട്ട് എന്നു തന്നെ പറയാം. കൊളംബിയന്‍ പ്രതിരോധത്തെ മറികടന്നു കിട്ടിയ ക്രോസില്‍ നിന്നാണ് രാഹുല്‍ ഷോട്ടെടുത്തത്. മൂന്നു മിനിറ്റ് കൂട്ടിച്ചേര്‍ത്ത ആദ്യപകുതി അവസാനിക്കുമ്പോള്‍ കളിയുടെ ആദ്യഭാഗം ഇന്ത്യ മുറിച്ചെടുത്തു സ്വന്തമാക്കി എന്നു തന്നെ പറയാം.
കൈവിട്ട രണ്ടാംപകുതി
കളിയുടെ രണ്ടാം പകുതിയിലേക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ കൂട്ടത്തില്‍ പൊക്കക്കാരനായ റഹിം അലിയുടെ തോളത്ത് കൈയിട്ടാണ് കോച്ച് മാറ്റോസ് വന്നത്. 49-ാം മിനിട്ടില്‍ ഇന്ത്യയുടെ ഗോള്‍ വല കുലുക്കി ജുവാന്‍ പെനലോസ കൊളംബിയയ്ക്കു വേണ്ടി ആദ്യ ഗോള്‍ നേടി. വലത് വിംഗില്‍ ലഭിച്ച പന്ത് ഇന്ത്യയുടെ സഞ്ജീവ് സ്റ്റാലിനെ വെട്ടിച്ചാണ് ജുവാന്‍ ഗോളാക്കി മാറ്റിയത്. 50-ാം മിനിറ്റില്‍ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമം കൊളംബിയന്‍ പോസ്റ്റിനു പുറത്തേക്കു പോയി.
ഇക്കളിയിലും തിളങ്ങി രാഹുല്‍
മലയാളി താരം രാഹുല്‍ ഇത്തവണയും ടീമില്‍ ഇടം പിടിച്ചപ്പോള്‍ മധ്യനിരയ്ക്കും പ്രതിരോധത്തിനും ഇടയില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന കോമള്‍ തട്ടാലിനെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. രാഹുൽ മികച്ച ഫോമിലായി രുന്നു. അമേരിക്കയ്ക്കെതിരായ കഴിഞ്ഞ കളിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത അനികേത് ജാദവും ഇന്നലെ പകരക്കാരുടെ നിരയിലായിരുന്നു. കോമളിന് പകരം ജീക്സണ് സിംഗ് തൗന്ജാമും അനികേതിന് പകരം റഹിം അലിയും ഇറങ്ങി.
സെബി മാത്യു