ദില്ലി:പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും ഇന്ത്യ-പാക് ബന്ധം വളരെ മോശമായ നിലയിലാക്കിയിരിക്കുകയാണ്. ഈ അവസരത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുകയാണ് ഒരു ഇന്ത്യ-പാക് വിവാഹം. ഇന്ത്യന്‍ യുവാവും പാക്കിസ്ഥാന്‍ യുവതിയും പഞ്ചാബിലെ പട്യാലയില്‍ വച്ചാണ് വിവാഹിതരായത്. ഹരിയാന സ്വദേശിയായ പര്‍വീന്ദര്‍ സിംഗ് (33) ആണ് പാക് യുവതിയായ കിരണ്‍ സര്‍ജിത് കൗറിനെ (27) വിവാഹം ചെയ്തത്.
നേരത്തെ, ഫെബ്രുവരി 23ന് പട്യാലയില്‍ വിവാഹം നടത്താനാണ് ഇരുവരുടെയും കുടുംബങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് ബന്ധത്തിലുണ്ടായ ഉലച്ചില്‍ തടസമായി മാറി. ഇതോടെ ഈ വ്യാഴാഴ്ച മാത്രമാണ് കിരണിന് വിവാഹത്തിനായി ഇന്ത്യയില്‍ എത്തിച്ചേരാനായത്.ഹരിയാനയില്‍ നിന്ന് പര്‍വീന്ദറും കുടുംബവും ശനയാഴ്ച പാട്യാലയില്‍ എത്തി. 2014ലാണ് ഇരുവരും കണ്ടു മുട്ടുന്നത്.
തുടര്‍ന്ന് പ്രണയത്തിലായ പര്‍വീന്ദറും കിരണും 2016ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി പര്‍വീന്ദര്‍ പാക് വിസയ്ക്ക് അനുമതി തേടിയെങ്കിലും ലഭിച്ചില്ല. ഇതോടെയാണ് കിരണിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. അങ്ങനെ ഏറെ കാത്തിരിപ്പിനു ശേഷം 45 ദിവസത്തെ സന്ദര്‍ശക വിസ ലഭിച്ചതോടെ ഇരുവരുടെയും വിവാഹത്തിന്റെ തടസങ്ങള്‍ മാറി. വിവാഹിതയായതോടെ ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷിക്കാനാണ് കിരണിന്റെ തീരുമാനം.