ന്യൂഡൽഹി: 1987 ജൂലൈ ഒന്നിനു മുന്പ് ഇന്ത്യയിൽ ജനിച്ചവരും മാതാപിതാക്കൾ ആ തീയതിക്കു മുന്പ് ഇന്ത്യയിൽ ജനിച്ചവരുമായ എല്ലാവരും ഇന്ത്യൻ പൗരത്വമുള്ളവരാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അവർക്കു പൗരത്വ നിയമഭേദഗതിയെയോ ദേശീയ പൗരത്വ രജിസ്റ്ററിനെയോ (എൻആർസി) ഭയപ്പെടേണ്ടതില്ലെന്നു മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
ആസാമിൽ 1971 വർഷം അടിസ്ഥാനമാക്കിയത് ആസാം കരാറിൽ അങ്ങനെ വ്യവസ്ഥ ചെയ്തതുകൊണ്ടാണ്. ആസാമിലെ കാര്യവുമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ ഒന്നും താരതമ്യം ചെയ്യേണ്ടതില്ല.
പൗരത്വം ഇങ്ങനെ
2004ൽ ഭേദഗതി ചെയ്ത പൗരത്വ നിയമമനുസരിച്ച് താഴെപ്പറയുന്നവർക്കു സ്വാഭാവികമായി ഇന്ത്യൻ പൗരത്വമുണ്ട് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഒന്ന്: 1950 ജനുവരി 26നും അതിനുശേഷവും എന്നാൽ 1987 ജൂലൈ ഒന്നിനു മുന്പും ഇന്ത്യയിൽ ജനിച്ചവർ.
രണ്ട്: 1987 ജൂലൈ ഒന്നിനു മുന്പ് ഇന്ത്യയിൽ ജനിച്ച മാതാപിതാക്കളുടെ ഇന്ത്യയിൽ ജനിച്ച കുട്ടികൾ.
മൂന്ന്: 1987 ജൂലൈ ഒന്നിനും അതിനുശേഷവും എന്നാൽ, 2004 ഡിസംബർ മൂന്നിനു മുന്പ് ഇവിടെ ജനിച്ചവരുടെ മാതാപിതാക്കളിലാരെങ്കിലും ഇന്ത്യൻ പൗരത്വമുള്ളവരാണെങ്കിൽ ആ കുട്ടികൾ.
നാല്: 1992 ഡിസംബർ പത്തിനോ അതിനു ശേഷമോ ഇന്ത്യക്കു പുറത്തു ജനിച്ചവരുടെ മാതാപിതാക്കളിലാരെങ്കിലും ജനിച്ചത് ഇന്ത്യൻ പൗരത്വത്തോടുകൂടിയാണെങ്കിൽ ആ കുട്ടികൾ.
അഞ്ച്: 2004 ഡിസംബർ മൂന്നിനോ അതിനു ശേഷമോ ഇന്ത്യയിൽ ജനിക്കുകയും അവരുടെ മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരത്വമുള്ളവരായിരിക്കുകയും അല്ലെങ്കിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വമുണ്ടാകുകയും മറ്റേ ആൾ നിയമവിരുദ്ധ കുടിയേറ്റക്കാരിൽ പെടാതിരിക്കുകയും ചെയ്താൽ ആ കുട്ടികൾ.
ബുദ്ധിമുട്ടിക്കില്ല
പൗരത്വം തെളിയിക്കാൻ മാതാപിതാക്കളുടെയോ അവരുടെ മാതാപിതാക്കളുടെയോ ജനനസർട്ടിഫിക്കറ്റും മറ്റും ചോദിച്ച് ആരെയും ബുദ്ധിമുട്ടിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. ആസാമിൽ 1971നു മുന്പുള്ള രേഖകൾ ആവശ്യപ്പെട്ടതു വേറെ സാഹചര്യത്തിലാണെന്നു മന്ത്രാലയം വിശദീകരിച്ചു.
നിരക്ഷരർക്ക് രേഖകളില്ലെങ്കിൽ സാക്ഷികളെ ഹാജരാക്കാം. പ്രാദേശിക സമുദായം നൽകുന്ന രേഖകളും സമർപ്പിക്കാം.
സ്വന്തം ജനനത്തീയതിയും ജനന സ്ഥലവും തെളിയിക്കുന്ന രേഖകളേ പൗരത്വത്തിനു വേണ്ടൂ. ഇതിനു വേണ്ട രേഖകളുടെ വിശദമായ പട്ടിക പിന്നീടു പുറത്തുവിടും.