ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഒരു കള്ളനുണ്ടെന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. എന്നാൽ, സംഗതി സത്യമാണ്. കള്ളന്റെ പരിപാടി പണമോ ആഡംബര വസ്തുക്കളോ മോഷ്ടിക്കുകയല്ല. മറിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെയും ഉപനായകൻ രോഹിത് ശർമയുടെയും ബാറ്റുകളാണ് തട്ടിയെടുക്കുന്നത്.
കപ്പലിലെ ആ കള്ളൻ മറ്റാരുമല്ല യുസ്വേന്ദ്ര ചാഹലാണ്. ഒരു സ്വകാര്യ ടെലിവിഷൻ പരിപടിയിൽ ചാഹൽതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബാറ്റിംഗ് കഴിവ് അനുസരിച്ചാണ് ഓരോ കളിക്കാർക്കും ബാറ്റുകൾ നൽകുക. അതിൽ ഏറ്റവും കുറവ് ഭാരമുള്ള ബാറ്റ് ആരുടേതാണെന്നാണ് നോക്കും. എന്നിട്ട് ആ ബാറ്റാകും ഞാൻ ഉപയോഗിക്കുക. ഇപ്പോൾ ടീം അംഗങ്ങൾക്ക് അറിയാം, ഭാരം കുറവുള്ള ബാറ്റുണ്ടെങ്കിൽ അത് ഞാൻ എടുക്കുമെന്ന്- ചാഹൽ പറഞ്ഞു.
ഇത്തരത്തിൽ പരിശീലന സമയത്തും കളിയുള്ള സമയത്തും കോഹ്ലിയുടെയും രോഹിത്തിന്റെയും ബാറ്റുകൾ എടുക്കാറുണ്ടെന്നും ചാഹൽ പറഞ്ഞു. ഇന്ത്യൻ സ്പിൻ യന്ത്രമായ ചാഹൽ ബാറ്റ്സ്മാനായാണ് തന്റെ കരിയർ തുടങ്ങിയത്.