ബ്രെക്‌സിറ്റിനു ശേഷം ശരിക്കും ലോട്ടറിയടിച്ചത് തൊഴില്‍ അന്വേഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ! ബ്രിട്ടീഷ് പാര്‍ലമെന്റ് പുറത്തിറക്കിയ വൈറ്റ് പേപ്പറില്‍ പറയുന്ന കാര്യങ്ങള്‍ ഇന്ത്യക്കാരുടെ മനം കുളിര്‍പ്പിക്കുന്നത്…

ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ പ്രധാന സംഭവങ്ങളിലൊന്നായി മാറിയ ബ്രെക്‌സിറ്റിനു ശേഷം യുകെ ഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന വിസ- കുടിയേറ്റ നയങ്ങള്‍ ഏത് വിധത്തിലായിരിക്കുമെന്ന് വിശദീകരിക്കുന്ന വൈറ്റ് പേപ്പര്‍ ബുധനാഴ്ച പാര്‍ലമെന്റില്‍ പുറത്തിറക്കി. വൈറ്റ് പേപ്പറില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമാണ് കോളടിച്ചിരിക്കുന്നത്. അതായത് ബ്രെക്‌സിറ്റാനന്തര ബ്രിട്ടന്‍ തൊഴിലന്വേഷകരായ ഇന്ത്യക്കാര്‍ക്ക് വമ്പന്‍ ലോട്ടറിയാവുമെന്ന വിവരമാണ് പുറത്തു വരുന്നത്. തൊഴിലിടങ്ങളില്‍ സ്വന്തം രാജ്യത്തെ പൗരന്മാര്‍ എന്നതിലുപരി കഴിവിന് പ്രധാനം നല്‍കുന്നതാണ് ഇന്ത്യക്കാര്‍ക്ക് ഗുണകരമായി ഭവിക്കുന്നത്.

കഴിവിനെ മാത്രം അടിസ്ഥാനമാക്കിയുള്ള യുകെയുടെ ഭാവി ഇമിഗ്രേഷന്‍ സിസ്റ്റം ഹൗസ് ഓഫ് കോമണ്‍സിന്റെ മേശപ്പുറത്ത് വച്ചിരിക്കുന്ന ഹോം സെക്രട്ടറി സാജിദ് ജാവിദാണ്. ഇത് പ്രകാരം ലോകത്തിലെവിടെ നിന്നും യുകെയിലേക്കെത്തുന്ന ഉയര്‍ന്ന കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്ക് യാതൊരു വിധത്തിലുള്ള പരിധിയും ഏര്‍പ്പെടുത്തില്ല. ഇതിന് പുറമെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിനുള്ള പോസ്റ്റ്-സ്റ്റഡി വര്‍ക്ക് ഓഫറിംഗുകളും മെച്ചപ്പെട്ടുന്നതായിരിക്കും. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ട്രാന്‍സിഷന്‍ പിരിയഡിന് ശേഷം 2021 ഡിസംബര്‍ മുതലായിരിക്കും പുതിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നത്.

മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുകെയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിച്ചതിന് ശേഷമായിരിക്കും പുതിയ കുടിയേറ്റ നിയമങ്ങള്‍ നടപ്പിലാക്കുന്നത്. യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോയതിന് ശേഷം യൂറോപ്യന്മാര്‍ക്ക് ഇവിടേക്കുള്ള ഫ്രീ മൂവ്‌മെന്റിന് അറുതി വരുകയും അതിന് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള ഒരു കുടിയേറ്റ വ്യവസ്ഥ നടപ്പിലാകുമെന്നുമാണ് പുതിയ നയം വെളിപ്പെടുത്തുന്ന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വെളിപ്പെടുത്തിയിരിക്കുന്നത്.

പുതിയ നയത്തിലൂടെ ലോകത്തിലെമ്പാടുമുള്ള ഏറ്റവും കഴിവുറ്റ കുടിയേറ്റക്കാരെ യുകെയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പുതിയ നയം വിശദീകരിക്കവെ ജാവിദ് വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് വര്‍ഷത്തില്‍ 20,700 സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് മാത്രമേ വിസ അനുവദിക്കാവൂ എന്ന പരിധിയുണ്ട്. എന്നാല്‍ പുതിയ നയം നടപ്പിലായാല്‍ ഈ പരിധി ഉണ്ടാവില്ല. ഇന്ത്യയില്‍ നിന്നുമുള്ള ഐടി പ്രഫഷണലുകള്‍, ഡോക്ടര്‍മാര്‍, എന്നിവര്‍ക്ക് ഏറെ ഗുണകരമാവും ഇത്.

ഏത് സ്‌കില്‍ ലെവലിലുമുള്ള വര്‍ക്കര്‍മാര്‍ക്കും 12 മാസം ദൈര്‍ഘ്യമുള്ള വിസ റൂട്ട് ടെംപററി പിരിയഡിലേക്ക് അനുവദിക്കാനും നീക്കമുണ്ട്. ഇത് താല്‍ക്കാലിക ജോലിക്കായി വിദേശികളെ കൊണ്ട് വരാനാഗ്രഹിക്കുന്ന ബിസിനസുകള്‍ക്ക് പ്രയോജനപ്പെടും. ഈ റൂട്ടിലൂടെ എത്തുന്നവര്‍ക്ക് തങ്ങളുെ കുടുംബാംഗങ്ങളെയും കൊണ്ട് വരാന്‍ സാധിക്കും. പുതിയ പ്ലാനുകളെ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രി സ്വാഗതം ചെയ്തിട്ടുണ്ട്.

ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുമുള്ള സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ മൂല്യത്തെ മാനിക്കുന്ന നയമാണിതെന്നും സിഐഐ പ്രതികരിക്കുന്നു. എല്ലാ മാസ്റ്റേര്‍സ് സ്റ്റുഡന്റ്‌സിനും ബാച്ചലേര്‍സ് സ്റ്റുഡന്റ്‌സിനും യുകെയിലെ പഠിപ്പിന് ശേഷം ആറ് മാസത്തെ പോസ്റ്റ് സ്റ്റഡി ലീവ് നല്‍കുമെന്ന വാഗ്ദാനവും പുതിയ ഇമിഗ്രേഷന്‍ നയത്തിന്റെ ഭാഗമായുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ബ്രെക്‌സിറ്റിന് ശേഷം കൂടുതലായി ആകര്‍ഷിക്കുന്നതിന് വേണ്ടിയാണിത്. ബ്രെക്‌സിറ്റ്‌
ബ്രിട്ടന് ഗുണകരമായാലും ദോഷകരമായാലും ഇന്ത്യക്കാര്‍ക്ക് നേട്ടം മാത്രമേയുള്ളൂ എന്ന് സാരം.

Related posts