ഫ്രാൻസീസ് മാത്യു
അദ്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകത്തേക്കാണ് ഈ പാർക്കിന്റെ വാതിലുകൾ തുറക്കുന്നത്. ലോകമെങ്ങുംനിന്ന് ആളുകൾ ഇവിടേക്ക് എത്തുന്നു. 1981-ൽ സിമന്റ് ക്വാറിയിൽനിന്ന് ഡൈനോസർ മുട്ടകളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയതോടെയാണ് റയോലി ഡൈനോസറുകളുടെ സ്ഥാനമായി തിരിച്ചറിയപ്പെട്ടത്. 87-ൽ ധോലിഡൻഗ്രിയിൽനിന്നു കണ്ടെടുത്ത സൗരോപോഡ് മുട്ടകളുടെ ഒരു ഫോസിൽ ലോകശ്രദ്ധ ആകർഷിച്ചു.
മിഷിഗണ് സർവകലാശാലയിലെ പ്രഫ. ജെഫ്റി വിൽസണ് നീണ്ട വർഷങ്ങളിലെ പരിശോധനകളുടെ ഫലമായി ഡൈനോസർ മുട്ടകളിന്മേൽ 3.5 മീറ്റർ നിളമുള്ള വലിയൊരു പാന്പു ചുറ്റി വളഞ്ഞു കിടന്നിരുന്നതായും ഒരു മുട്ടവിരിഞ്ഞ് കുഞ്ഞു പുറത്തുവന്നിരുന്നതായും കണ്ടെത്തി. അടയിരിക്കാത്ത ഡൈനോസറുകളുടെ മുട്ട വിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ പാന്പുകൾ എത്തുമായിരുന്നു എന്നും പെട്ടെന്നുണ്ടായ ചെളിവെള്ളത്തിന്റെ കുത്തിയൊഴുക്കിൽപ്പെട്ടുണ്ടായതാണ് ഈ ഫോസിൽ എന്നും 2010-ൽ തിരിച്ചറിഞ്ഞത് ശാസ്ത്രലോകത്തിനു കൗതുകമായി. അഗ്നിപർവതങ്ങളും മലവെള്ളത്തിന്റെ കുത്തിയൊഴുക്കുമാണ് ഈ ഭാഗങ്ങളിലെ ഡൈനോസറുകളുടെ അന്ത്യത്തിനു നിദാനമായത്.
വഴിയോരക്കാഴ്ചകൾ
ബാലസിനോറിൽനിന്നു റയോലിയിലേക്കുളള യാത്രാവേളയിൽ റോഡിന് ഇരുവശവും ചിതറി വീണ ഉരുളൻ പാറക്കുന്നുകളുടെ നീണ്ട നിരകൾ കാണാം. അന്പരപ്പിക്കുന്ന കാഴ്ചകൾ. ഒരു വശത്തെ കല്ലുകളെല്ലാം കരിഞ്ഞിരിക്കുന്നു. ഈ ഭാഗത്തു കൂടിയാണ് ലാവാപ്രവാഹം ഉണ്ടായത്. കിലോമീറ്ററുകൾ മാറി താഴ്വാരത്ത് ഡൈനോസർ ഹാച്ചറികളും അനവധി ഡൈനോസറുകളും അതിൽ പെടുകയായിരുന്നു. നൂറുകണക്കിന് ഹെക്ടർ സ്ഥലത്ത് ലാവ ഒഴുകിയ ഭാഗങ്ങൾ അടുത്തടുത്ത പാറകളായി കാണപ്പെടുന്നു. പുഴയുടെ സാന്നിദ്ധ്യമോ മറ്റോ കൊണ്ടാകാം 72 ഏക്കർ സ്ഥലത്ത് ലാവാപ്രവാഹം മന്ദഗതിയിലായി ഡൈനോസറുകൾ ശിലകളുടെ ഭാഗമായിരിക്കുന്നു. (അടുത്തായി പുഴ ഒഴുകിയ ലക്ഷണമുണ്ട്).
ഫോട്ടോകളിൽ ഇവ 3ഡി പോലെ വ്യക്തമാണ്. അസ്ഥികളുടെ ആകൃതിയും മജ്ജയും കൊട്ടുന്പോഴുണ്ടാകുന്ന ശബ്ദവ്യത്യാസവും പാറകളിൽ ഇവ തിരിച്ചറിയാൻ പര്യാപ്തമാണ്. പലതും രക്തവർണ്ണത്തിൽതന്നെ. ഒന്നിൽ നീണ്ട കൂർത്ത പല്ലാണ്. ചിതറിത്തെറിച്ച എല്ലിൻകഷണങ്ങളും മാംസക്കഷണങ്ങളും രക്തവർണ്ണങ്ങളിൽ മറ്റൊരു പാറയിൽ ദൃശ്യമാണ്. മുൻകാലും പിൻകാലും വ്യക്തമാക്കുന്ന ഉടൽതന്നെയുണ്ട് ഒന്നിൽ. ഇതിൽ വയറിന്റെ ഭാഗം അറ്റുപോയിരിക്കുന്നു. തുടയിലെ ത്വക്ക് പുറവും അകവും വ്യക്തമാക്കുന്നു. മറ്റൊന്നിൽ തുടയെല്ല് പതിഞ്ഞിരിക്കുന്നു. മറിഞ്ഞുകിടക്കുന്ന ഒരു മൃഗത്തിന്റെ നട്ടെല്ല് ചുവന്ന നിറത്തിൽ കാണാം. ഇനിയുമൊന്നിൽ തല വ്യക്തമാകുന്നുണ്ട്. ഗർഭസ്ഥശിശുവുളള വയർ വ്യക്തമാക്കുന്ന ഫോസിലാണ് അടുത്ത ലാവാശിലയിൽ തെളിഞ്ഞു നില്ക്കുന്നത്. ഇവയെല്ലാം ചേർത്തുവായിച്ചാൽ ഉടമകളുടെ ആകൃതിയും വലുപ്പവും ഇനവും ജീവിതരീതികളും മനസ്സിലാക്കാനാകും. ഇവിടം മാംസഭുക്കുകളുടെ താമസസ്ഥലമായിരുന്നിരിക്കണം.
ഡൈനോസർ ഹാച്ചറിയും ഇവിടെനിന്നു ഏറെ ദൂരത്തല്ല. മുട്ടയിടുന്ന വേളയിൽ മാംസഭുക്കുകൾ ഇവയെ ശല്യപ്പെടുത്തിയിരുന്നില്ലെന്ന് ഇതിൽനിന്നു വ്യക്തമാണ്.ഗോളാകൃതിയിലും 53 സെ മീ അണ്ഡാകൃതിയിലുമുളള ഡൈനോസർ മുട്ടകളുണ്ട്. ഇന്നത്തെ പക്ഷികളെക്കാൾ കൂടുതൽ മുട്ടകളിടുന്നവയായിരുന്നു അന്നത്തെ ഡൈനോസറുകളും ഉരഗങ്ങളും പക്ഷികളും. മുട്ടകളോടൊപ്പം അടയിരിക്കുന്ന പക്ഷികളുടെ ഫോസിലുകൾ വിദേശങ്ങളിൽ കണ്ടെടുത്തിട്ടുണ്ട്. ചില ഡൈനോസറുകൾ ദഹനത്തിന് വിഴുങ്ങിയ കല്ലുകൾ മുട്ടകളായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട്.
ഡൈനോസറുകളുടെ ഫോസിലുകൾ തിരിച്ചറിയാൻ റയോലിയിലെ ഗ്രാമീണർക്കറിയില്ല. മസാല പൊടിക്കുവാൻ ഉപയോഗിച്ചിരുന്ന ചെറിയ ഇനം ഡൈനോസർ മുട്ട ഒരു വീട്ടമ്മയുടെ പക്കൽനിന്നു അടുത്ത കാലത്തു കണ്ടെടുക്കുകയുണ്ടായി. “മസാല മുട്ട’ എന്നു പേരു പറഞ്ഞ് സ്ഥലമുടമസ്ഥ ഇത് സന്ദർശകരെ കാണിക്കാറുണ്ട്.
ഇൻഡ്രോഡ നാഷണൽ പാർക്ക്
കച്ച്, ബാലസിനോർ ഭാഗങ്ങളിൽനിന്നു ശേഖരിച്ചിട്ടുളള ഡൈനോസർ ഫോസിലുകൾ ഗാന്ധി നഗറിലെ ഇൻഡ്രോഡ ഡൈനോസർ ആൻഡ് ഫോസിൽ പാർക്കിൽ സൂക്ഷിച്ചിട്ടുണ്ട്. നാഷണൽ പാർക്കിന്റെ ആദ്യഭാഗമാണ് ഡൈനോസറുകൾക്കായി നീക്കിവച്ചിട്ടുള്ളത്. ഡൈനോസറുകളുടെയും ജലജീവികളുടെയും വൃക്ഷങ്ങളുടെയും ഫോസിലുകൾ ചെറിയൊരു കെട്ടിടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. മുട്ടകളും അസ്ഥികളും തിരിച്ചറിയാനായി ഡൈനോസറിന്റെ ചിത്രങ്ങളും ഒപ്പമുണ്ട്. ഫോസിലുകളിൽ പലതും കല്ലിൽ പൊതിഞ്ഞ അവസ്ഥയിലാണ്. പന്ത്രണ്ട് മുട്ടകളുളള ഒരു ഫോസിൽ വെയിലും മഴയും ഏറ്റ് തുറസായ സ്ഥലത്തിരിക്കുന്നു. കച്ച് ജില്ലയിലെ ഫത്തേഗഡിൽനിന്നു ലഭിച്ചിട്ടുളള കാല്പാടുകൾ പതിഞ്ഞ ശിലകളും പ്രദർശനത്തിനുണ്ട്. ഒർണിത്തോപ്പോഡ്, തെറോപ്പോഡ്, സൗരോപ്പോഡ് എന്നിവയെ കാല്പാടുകൾ നോക്കി തിരിച്ചറിയാനാകും.
പാർക്കിലെ മുളങ്കാടുകൾക്കിടയിൽ നിൽക്കുന്ന ഡൈനോസർ പ്രതിമകൾ ആകർഷകമാണ്. റൊഡീനിയ മുതലുളള സൂപ്പർ ഭൂഖണ്ഡങ്ങളും മനുഷ്യന്റെ പരിണാമവും ഈ പാർക്കിൽ ചിത്രീകരിച്ചിട്ടുണ്ട്. നാനൂറ് ഹെക്ടർ വിസ്തൃതിയുളള നാഷണൽ പാർക്കിലെ കാടുകളിൽ മയിൽ, കേഴമാൻ, കുരങ്ങ്, പന്നി എന്നിവ സ്വതന്ത്രമായി വിഹരിക്കുന്നു. ബ്ലാക്ക് ബക്ക്, മാൻ, പക്ഷി, പാന്പ് തുടങ്ങിയവയുടെ സംഘങ്ങൾ കാഴ്ചബംഗ്ലാവിലാണ്. ഒൗഷധച്ചെടികളുളള ബൊട്ടാണിക്കൽ ഗാർഡനും പാർക്കിന്റെ ഭാഗമായുണ്ട്. ഏറ്റവും പിന്നിൽ 22 മീറ്റർ നീളമുളള നീലത്തിമിംഗലത്തിന്റെ അസ്ഥികൂടവും.
ഡക്കാൻ പീഠഭൂമി ഡൈനോസറുകളെ കൈവിട്ടെങ്കിലും നർമദാ, ഗോദാവരി നദികൾ അവയ്ക്കു പുനർജന്മം നല്കിയതുപോലെ തോന്നും ഡൈനോസറുകളെ തേടിയുളള ഇൻഡ്യൻ ഗോണ്ട്വന യാത്രയിൽ.
മഹാമരണം
അൻപതുകോടി വർഷങ്ങൾക്കിടയിൽ ഭൂമിയിലുണ്ടായ അഞ്ചു മഹാദുരന്തങ്ങളിൽ ജൈവലോകത്തിന് ഏറ്റവും ആഘാതം സൃഷ്ടിച്ചത് 25.2 കോടി വർഷങ്ങൾക്കു മുൻപ് ആരംഭിച്ച് അറുപതു ലക്ഷം വർഷമെങ്കിലും ആവർത്തിച്ചു നിന്ന “മഹാമരണ’കാലമാണ്. കടലിലെ ഏതാണ്ടു മുഴുവനും കരയിലെ മുക്കാൽ ഭാഗവും ജീവജാലങ്ങൾ അന്യംനിന്നുപോയി. പ്രാണി വർഗങ്ങൾപോലും തുടച്ചു നീക്കപ്പെട്ട മറ്റൊരു ദുരന്തം ചരിത്രത്തിലില്ല. പുതുതായി ജന്മം കൊണ്ട ഇനങ്ങളും ദുരന്തങ്ങളുടെ ആവർത്തനങ്ങളിൽ ഇല്ലാതായി.
വൃക്ഷങ്ങൾ വാഴുന്ന കരയായിരുന്നു അന്നത്തെ മഹാഭൂഖണ്ഡം. ചൂടും വെളിച്ചവും ഇന്നത്തേതിലും അല്പം കുറവായിരുന്നതിനാൽ ഇടതിങ്ങാതെ വൃക്ഷങ്ങൾ സ്വതന്ത്രമായി വളർന്നിരുന്നു. അവയ്ക്കിടയിൽ മറ്റു സസ്യങ്ങൾ ഇല്ലാതിരുന്നതിനാൽ ജന്തുക്കൾക്ക് തടസമില്ലാതെ സഞ്ചരിക്കുവാനും കഴിഞ്ഞിരുന്നു.
ഇരുപത്തിനാലരക്കോടി വർഷങ്ങൾക്കു മുൻപ് മണ്ണിൽ പിച്ചവച്ചു തുടങ്ങിയ ഒരിനം ജന്തുക്കൾ ജൂറാസിക് കാലഘട്ടത്തിൽ വൃക്ഷങ്ങളോളം വലുതായി. ജൈവലോക കാലഘട്ടം തെരയേണ്ടത് അവരിലൂടെയാണ്. ഡൈനോസറുകൾക്ക് (24.7കോടി) മുൻപ്, ഡൈനോസർ കാലം (24.7-6.5), ഡൈനോസറുകൾക്കുശേഷം (6.5-2.5) എന്ന് ജൈവകാലഘട്ടത്തെ തിരിക്കാം. ആധുനിക മനുഷ്യർ ജന്മമെടുത്തിട്ട് ഇരുപതു ലക്ഷം വർഷങ്ങളെ ആയിട്ടുള്ളൂ എങ്കിലും പൂർവികരേക്കൂടി ഉൾപ്പെടുത്തി രണ്ടരക്കോടി ബിസി മുതൽ മനുഷ്യകാലഘട്ടമായി കരുതാം.
ഗോണ്ട്വന
അൻപതുകോടി വർഷം മുൻപ് ദക്ഷിണാർധത്തിൽ രൂപപ്പെട്ട ആ മഹാ ഭൂഖണ്ഡത്തിന് ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ എഡ്വേർഡ് സൂസി സംസ്കൃത വാക്കായ “ഗോണ്ട്വന’യെന്നാണ് പേര് ചൊല്ലിയത്. ഗോണ്ട്വനയുടെ പ്ലേറ്റുകൾ ഇളകി വേർപെടുന്പോൾ അവയിലെല്ലാം യാത്രക്കാരായി പലയിനം ഡൈനോസറുകളുമുണ്ടായിരുന്നു. ഇൻഡ്യൻ ഗോണ്ട്വന പതിനൊന്നുകോടി വർഷങ്ങൾക്കു മുൻപ് സ്വതന്ത്രമായി യാത്ര ആരംഭിച്ചിട്ടുണ്ടാവണം. ലൗറേഷ്യ ഗോണ്ട്വന പ്ലേറ്റുകളിലെ യാത്രക്കാരെല്ലാം പക്ഷെ പുതിയ വൻകരകൾ കൈവശപ്പെടുത്താനാകാതെ അന്യംനിന്നുപോവുകയാണുണ്ടായത്.
മുതല തുടങ്ങിയ വിരലിലെണ്ണാവുന്നവ മാത്രമാണ് ഉൽക്കകളുടെയും അഗ്നിപർവതങ്ങളുടെയും വെള്ളപ്പൊക്കത്തിന്റെയും ആ കാലഘട്ടം അതിജീവിച്ചത്. എങ്കിലും പ്ലേറ്റുകൾക്കു മൂടാനാവാതെ ആറരക്കോടി വർഷങ്ങൾക്കുശേഷം ഫോസിലുകളിലൂടെ ലോകമെങ്ങും ഡൈനോസറുകൾ പുനർജനിച്ചു. കളിപ്പാട്ടങ്ങളിലൂടെ ഇന്നത്തെ കുട്ടികൾക്കും അവർ സുപരിചിതരാണ്.
1842 ലാണ് ആധുനിക ലോകം ഇവരെ പേർ ചൊല്ലി വിളിച്ചത്. 1859 ൽ ഫ്രാൻസിലും, 69-ൽ ഫിലിപ്പിൻസിലും മുട്ടകൾ ലഭിച്ചെങ്കിലും മംഗോളിയയിൽനിന്നു 1920ൽ ലഭിച്ച മുട്ടകളിൻമേൽ നടത്തിയ പഠനങ്ങളിലാണ് ഇവ ഡൈനോസറുകളുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലൊക്കെ ഇതിനോടകം തന്നെ ഡൈനോസർ അസ്ഥികൂടങ്ങളും എല്ലുകളും കണ്ടെത്തിയിരുന്നു. ഖനനമേഖലകളിൽ നിന്നുകൂടി കണ്ടെത്തൽ വാർത്തകൾ വന്നു ുടങ്ങി. തുടർന്ന് ഫോസിലുകൾക്കായി ശാസ്ത്രജ്ഞർക്കിടയിൽ മത്സരമായി. ഡൈനോസറുകളുടെ ധാരാളം ഫോസിലുകൾ കണ്ടെടുക്കാനിടയാക്കിയ ഈ മത്സരത്തെ “ബോണ്വാർ ’ എന്നാണ് വിളിക്കുന്നത്.
വർഷങ്ങൾ കോടിക്കണക്കിൽ
6.6 കോടി വർഷങ്ങൾക്കു മുൻപുണ്ടായ ഉൽക്കാപതനങ്ങളിലും അഗ്നിപർവതങ്ങളിലും ജലപ്രളയങ്ങളിലും പെട്ട് അന്ത്യം സംഭവിച്ച ഇന്ത്യൻ ഗോണ്ട്വന യാത്രക്കാരിൽ ഏറെയും ഡക്കാൻ ട്രാപ്പുകളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാവണം. യൂറേഷ്യയിലുറയ്ക്കുന്പോൾ പാറകളും കാല്പാടുകളും അസ്ഥിപഞ്ജരങ്ങളും മുട്ടകളും ഭക്ഷിച്ചു ബാക്കി വന്ന കുറേ വൃക്ഷങ്ങളും മാത്രമായിരുന്നു ഡൈനോസർ ഓർമകളായി ഇന്ത്യൻപ്ലേറ്റിൽ അവശേഷിച്ചിരുന്നത്. 360 കോടി വർഷം പഴക്കമുളള കുറേ പാറകൾ ഒഡീഷ സംസ്ഥാനത്ത് കാണാനാകും. മഹാരാഷ്ട്ര – തെലുങ്കാന അതിർത്തി പ്രദേശത്തുനിന്ന് സൗരോപോഡുകൾ ഭക്ഷിച്ച വൃക്ഷഭാഗങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്.
കാഷ്മീർ സൻസ്കർ താഴ്വരയിൽനിന്നു ലഭിച്ചിട്ടുളള ട്രൈലോബൈറ്റുകളുടെ ഫോസിലുകൾ ഹിമാലയം രൂപപ്പെടുന്നതിന് മുൻപ് സമുദ്രനിരപ്പിനടിയിലായിരുന്നു എന്ന കണ്ടെത്തലിന് ബലമേകുന്നു. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നാണ് ഡൈനോസറുകളുടെ പല്ല്, അസ്ഥി, മുട്ട എന്നിവ ഏറെയും കണ്ടെടുത്തിട്ടുളളത്. ഗുജറാത്തിലെ കച്ച് ജില്ലയിൽ ഉൽക്കകളിൽ കാണുന്ന ഇറിഡിയം എന്ന ലോഹത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഡൈനോസറുകളുടെ പലവിധ ഫോസിലുകൾ ഈ ഭാഗങ്ങളിൽനിന്നു ലഭിച്ചിട്ടുണ്ട്. 1300 കിമി നീളമുളള നർമ്മദ നദിയിൽ വെള്ളം താഴുന്പോൾ ഡൈനോസറുകളുടെ അസ്ഥികളും മുട്ടകളും കണ്ടെടുത്തിരുന്നു. മധ്യപ്രദേശിൽ ഡൈനോസർ മുട്ടകൾ ആരാധിക്കുന്നവരും ഉണ്ടത്രേ!
തെലുങ്കാനയിലെ പൊഞ്ചപ്പള്ളി ഗ്രാമത്തിൽനിന്നു 59-61 ൽ ശേഖരിക്കപ്പെട്ടതാണ് സസ്യഭുക്കുകളായ ബാരപ്പ സോറസിന്റെ അസ്ഥികൾ. ജലപ്രളയത്തിൽ മരണപ്പെട്ടതിനാലാകാം ഇവയുടെ ഭാരമുള്ള അസ്ഥികൾ മാത്രമാണ് അവശേഷിച്ചിരുന്നത്.1980-84 കാലത്ത് ജബൽപൂർ മുതൽ ഗുജറാത്തിലെ ഖേദജില്ലയുൾപ്പെടെയുളള ഭാഗങ്ങളിൽനിന്നം ലഭിച്ച അസ്ഥിക്കഷണങ്ങൾ 2003ൽ അമേരിക്കൻ ശാസ്ത്രജ്ഞരുടെ സാന്നിധ്യത്തിൽ കൂട്ടി യോജിപ്പിച്ചപ്പോൾ 6.9 കോടി വർഷകാലത്ത് ജീവിച്ചിരുന്ന ഒരിനം ഡൈനോസർ രൂപം ലഭ്യമായി. തലയിൽ കിരീടം പോലെ കൊന്പുളള ഈ മാംസഭുക്കുകൾ ‘രാജസോറസ് നർമദൻസിസ്’ എന്ന പേരിൽ അറിയപ്പെടുന്നു. നദിയും തടാകവും പച്ചപ്പുൽമേടുകളുമുണ്ടായിരുന്ന ഡക്കാൻ പീഠഭൂമിഭാഗങ്ങളിൽ കഴിഞ്ഞവയാണ് ഈ ഡൈനോസർ ഇനങ്ങൾ.
മറ്റു രാജ്യങ്ങളിലെപ്പോലെ ഇൻഡ്യയിലും 1882ൽ ബ്രിട്ടീഷുകാർ വലിയൊരു എല്ലിൻ കഷണം കണ്ടെത്തി സൂക്ഷിച്ചിരുന്നെങ്കിലും കോൽക്കത്ത ജിയോളജിക്കൽ സർവേ ഹെഡ് ആഫീസിൽ 2012 ഏപ്രിൽ വരെ ഡൈനോസറിന്റെതെന്നറിയാതെ അതു പൊടിപിടിച്ചു കിടക്കുകയായിരുന്നു. എന്തായാലും ഈ ജൂറാസിക് പാർക്കിലെ കാര്യങ്ങൾ പറഞ്ഞാൽ തീരില്ല. കണ്ടുതന്നെ തീർക്കണം.