ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മറ്റും പോകുന്നവര്‍ അവിടെ പെര്‍മനന്റ് റെസിഡന്‍സ് നേടിയെടുക്കാനായി പല തരികിട പരിപാടികളും നടത്താറുണ്ട്. അതില്‍ തന്നെ ഏറ്റവും മുന്തിയതാണ് വ്യാജവിവാഹങ്ങള്‍. തദ്ദേശീയരായ യുവതികളെ പണം നല്കി വിവാഹം കഴിച്ച ശേഷം പിആര്‍ കിട്ടുമ്പോള്‍ ഡൈവോഴ്സ് ചെയ്യുന്നതാണ് ഈ കലാപരിപാടി. ഇത് നടത്തിക്കൊടുക്കുന്ന സംഘങ്ങളും പലയിടത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടനിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയ ബ്രിട്ടീഷ് പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ നിരവധി സംഘങ്ങള്‍ കുടുങ്ങുകയും ചെയ്തു.
എന്നാല്‍ അടുത്തിടെ, സ്വന്തം ഭാര്യയെ കാശുവാങ്ങി ഇന്ത്യക്കാരന് കല്യാണം കഴിച്ചുകൊടുത്ത സ്ലോവാക്യന്‍ യുവാവ് അറസ്റ്റിലയാതോടെ, വ്യാജവിവാഹങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുന്നുവെന്ന വിവരമാണ് വെളിയില്‍ വരുന്നത്. വോള്‍വര്‍ഹാംപ്ടണില്‍നിന്നുള്ള മാര്ട്ടിന് കോവാക്കാണ് ഭാര്യ മാഴ്സല ബനാമോവയെ ലവ്പ്രീത് സിങ് എന്ന ഇന്ത്യക്കാരന് കല്യാണം കഴിച്ചുകൊടുത്തത്. സ്റ്റോക്ക്ടണിലെ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം. പരസ്പരം ആശയവിനിമയം നടത്താന്‍ പോലുമില്ലാത്ത പുതിയ ദമ്പതിമാരെക്കണ്ട് രജിസ്ട്രാര്‍ക്ക് തോന്നിയ സംശയമാണ് സംഭവത്തിന്റെ കള്ളിപൊളിച്ചത്. രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോം ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണം നടത്തുകയായിരുന്നു.
അന്വേഷണം തുടങ്ങിയതോടെ, കോവാക്കും ബാനമോവയും 2016ല്‍ ഇംഗ്ലണ്ടില്‍നിന്ന് കടന്നു. വിചാരണാ വേളയില്‍ ഇരുവരും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍, ഇവരുടെ അസാന്നിധ്യത്തിലും ടീസൈഡ് കൗണ്ടി കോടതിയില്‍ വിചാരണ തുടര്‍ന്നു. കോവാക്കിനും ബാനമോവയ്ക്കും രണ്ടര വര്‍ഷം വീതം തടവുശിക്ഷ വിധിച്ചു. വിചാരണയ്ക്ക് കൃത്യമായി ഹാജരായ ലവ്പ്രീത് സിങ്ങിനും രണ്ടരവര്‍ഷം ജയില്‍ ശിക്ഷ നേരിടണം.
കോവാക്കിനെ കഴിഞ്ഞ ഡിസംബറില്‍ യൂറോപ്യന്‍ അറസ്റ്റ് വാറണ്ടിന്റെ സഹായത്തോടെ ബ്രിട്ടീഷ് പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ജര്‍മനിയില്‍ തടവിലാക്കിയ ഇയാളെ പിന്നീട് ബ്രിട്ടനിലേക്ക് കൊണ്ടുവന്നു. നോട്ടീസ് നല്‍കിയിട്ടും രാജ്യം വിട്ടുപോയതിന് നാലുമാസം കൂടുതല്‍ കോവാക് തടവുശിക്ഷ അനുഭവിക്കണം. കോവാക്കിനെ മാര്‍ച്ച് 21ന് ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നു. മാര്‍ച്ച് 23ന് അറസ്റ്റിലായ ബാനമോവ ഇപ്പോഴും ജര്‍മനിയില്‍ കസ്റ്റഡിയിലാണ്.
മുമ്പും ക്രിമിനല്‍ സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് കോവാക്കും ബാനമോവയുമെന്ന് കോടതിയില്‍ പ്രോസിക്യൂഷന് ബോധിപ്പിച്ചു. നിയമലംഘനം നടത്തുകയും അതില്‍നിന്ന് രക്ഷപ്പെടാന്‍ രാജ്യം വിടുകയും ചെയ്തതിനാണ് കോവാക്കിനെ കൂടുതല്‍ നാളത്തേക്ക് ശിക്ഷിച്ചതെന്ന് ജഡ്ജി സ്റ്റീഫന്‍ ആഷ്റസ്റ്റ് പറഞ്ഞു. ബാനമോവയ്ക്കും സമാനമായ രീതിയില്‍ ശിക്ഷ ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
2012ലാണ് ലവ്പ്രീതും ബാനമോവയുമായുള്ള വ്യാജവിവാഹം നടന്നത്. രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരോടും സംസാരിക്കുമ്പോള്‍ അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് ഹോം ഓഫീസില്‍ രജിസ്ട്രാര്‍ ബോധിപ്പിച്ചു. കേസില്‍ അറസ്റ്റിലായ ലവ്പ്രീത് 2016 മുതല്‍ ജയിലിലാണ്. 2011ല്‍ വിസാ കാലാവധി തീര്‍ന്നെങ്കിലും ബ്രിട്ടനില്‍ തുടര്‍ന്ന ലവ്പ്രീത്, യൂറോപ്യന്‍ യൂണിയന് പൗരത്വമുള്ള ബാനമോവയെ വ്യാജവിവാഹം കഴിക്കുക വഴി അവിടെ തുടരാന്‍ വഴി തേടുകയായിരുന്നു. ഇത്തരത്തില്‍ നിരവധി ഇന്ത്യക്കാര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പെര്‍മെനന്റ് റസിഡന്‍സിന് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.