ബർലിൻ: അദ്ഭുതം കൂറിയ ചെറിയ കണ്ണുകളുമായി വലിയ ലോകത്തെ നോക്കിക്കാണുന്ന ഇന്ത്യയിൽ പിറന്ന മാനുഷിയെന്ന അദ്ഭുത പെണ്‍കുഞ്ഞ് അതിജീവിച്ചതിന്റെ കഥ ജർമൻ മാധ്യമങ്ങളിൽ വലിയ വാർത്തയായി.
മാനുഷി അതിജീവിച്ചത് അവളുടെ മാതാപിതാക്കൾക്ക് ഇപ്പോഴും വിശ്വാസമായിട്ടില്ല. എങ്കിലും കണ്ണെഴുതി പൊട്ടുതൊട്ട് പുത്തനുടുപ്പുമിട്ട് കണ്മുന്നിൽ ചെറുപുഞ്ചിരിയോടെ കിടക്കുന്ന മാനുഷിയെന്ന പിഞ്ചോമനയെ കാണുന്പോൾ മാതാപിതാക്കളുടെ സന്തോഷം വർണിക്കാനാവുന്നില്ല. ജനിച്ച് ഏഴ് മാസത്തെ ക്ലിനിക്കിലെ വാസത്തിനുശേഷം മാനുഷിയിപ്പോൾ വീട്ടിൽ സുഖമായി കഴിയുകയാണ്.
2017 ജൂണ്‍ 15 നാണ് മാനുഷിക്കു വേണ്ടിയുള്ള യുദ്ധം വൈദ്യശാസ്ത്രം തുടങ്ങിയത്. ഗർഭത്തിന്റെ 20 ആഴ്ചയിൽ അമ്മയ്ക്ക് ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടു. അതിനാൽ ഗർഭപിണ്ഡത്തിന് മതിയായ രക്തം അമ്മയ്ക്കു നൽകാനായില്ല. അമ്മയെ രക്ഷിക്കാൻ ഡോക്ടർമാർ തീരുമാനിച്ചു.
സിസേറിയനിലൂടെ പെണ്‍കുട്ടിയെ പുറത്തെടുത്തു. എന്നാൽ അമ്മയുടെ ജീവനു വേണ്ടിയുള്ള തീരുമാനം പെണ്‍കുട്ടിയുടെ ജീവനു ഭീഷണിയായി. യഥാർഥത്തിൽ 400 ഗ്രാം മാത്രം തൂക്കവും 21.8 സെന്റീ മീറ്ററോളം നീളവുമുള്ള (ഒരു ബാർ ടോപ്പിനേക്കാൾ അൽപ്പം നീളം) കുട്ടിയുടെ ജീവനുവേണ്ടി പോരാടി.
ശ്വാസോച്ഛാസം പോലും ശരിക്കും നടത്താൻ കഴിയാതിരുന്ന കുട്ടിയെ എല്ലാ പ്രകൃതി നിയമങ്ങൾക്കും എതിരായി ഡോക്ടർമാർ പോരാടി. മാനുഷിയെ ഞങ്ങൾ അല്ല, ദൈവം രക്ഷിച്ചു. കുഞ്ഞിനു ജീവിക്കാനുള്ള ചാൻസ് 0.5% വരെയായിരുന്നെങ്കിലും എല്ലാം അതിജീവിച്ചു. കുഞ്ഞിനു വേണ്ടതൊക്കെയും ട്യൂബുകളിലൂടെ നൽകിയിരുന്നു.
വിവാഹം കഴിച്ചിട്ട് 35 വർഷമായെങ്കിലും മാതാപിതാക്കൾക്ക് ഒരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യം ഇപ്പോൾ മാനുഷിയിലൂടെയാണ് കൈവന്നത്. നോർത്ത് ഇന്ത്യയിലാണ് ഇവർ താമസിക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ