ശ്രീനഗര്‍: വിഘടനവാദത്തിന്റെ പേരും പറഞ്ഞ് ഇനി കാഷ്മീര്‍ താഴ് വരയില്‍ തോക്കെടുക്കുന്നവരെ കാണുന്നിടത്തു വച്ച് തന്നെ തീര്‍ക്കുമെന്ന് കരസേന. കാഷ്മീരിനെ മോചിപ്പിക്കുമെന്ന് മുദ്രാവാക്യം മുഴക്കുന്ന ഭീകരര്‍ക്ക് കീഴടങ്ങാനുള്ള അവസാന അവസരമാണിതെന്നും സൈന്യം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ കാഷ്മീരിലെ വിഘടനവാദത്തെ പൂര്‍ണമായും തുടച്ചു നീക്കാനുള്ള ഉറച്ചനടപടികളിലേക്ക് കേന്ദ്രസര്ക്കാന് നീങ്ങുകയാണെന്ന വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്.
കാഷ്മീരിലെ സേനാ ചുമതലയുള്ള ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ കെജെഎസ് ധില്ലന് നടത്തിയ പത്ര സമ്മേളനം ഇതിനെ ശരിവയ്ക്കുന്നതായിരുന്നു. ആയുധം വച്ച് കീഴടക്കിയില്ലെങ്കില്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നാണ് ധില്ലന് നല്കിയ മുന്നറിപ്പ്. വിഘടനവാദവും പാകിസ്ഥാന് അനുകൂല നിലപാടും സ്വീകരിക്കുന്നവര്‍ക്ക് ഇത് അവസാന അവസരമാണെന്നാണ് ലഫ്റ്റനന്റ് ജനറല്‍ കൂടിയായ ധില്ലന് വ്യക്തമാക്കിയത്.
പുല്‍വാമ ആക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലന് പറഞ്ഞു. ജമ്മുകാഷ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീവ്രവാദികള്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്.
ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ റഷീദ് ഖാസി ഉള്‍പ്പെടെ മൂന്നു ഭീകരരെ കഴിഞ്ഞദിവസം സൈന്യം വെടിവെച്ചു കൊന്നിരുന്നു. മൂന്നുപേരും പാകിസ്ഥാന് പൗരന്മാരാണ്. ഇന്നലെ നടത്തിയ ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാലു സൈനികരും മരിച്ചിരുന്നു.കാഷ്മീര്‍ ജനതിയിലെ ഒരു വിഭാഗം തീവ്രവാദത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ഏറെക്കാലമായി പാക് അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
അതിര്‍ത്തി കടന്നെത്തുന്ന ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്നതും താമസ സൗകര്യം ഒരുക്കുന്നതും ഇത്തരക്കാരാണ്. ഇത്തരം കുടുംബങ്ങളിലെ ബാലന്മാരും യുവാക്കളും ഭാവിയില്‍ ഭീകര സംഘടനയില്‍ അംഗമാവുന്ന പ്രവണതയാണുള്ളത്. ഇങ്ങനെ ഏതെങ്കിലും യുവാക്കള്‍ ഭീകരപ്രവര്ത്തനത്തിനിറങ്ങി പുറപ്പെട്ടാല്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളൂ എന്ന അന്ത്യശാസനയാണ് ഇപ്പോള്‍ സൈന്യം നല്‍കിയിരിക്കുന്നത്.
കാഷ്മീര്‍ താഴ് വരയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു സൈനീകനീക്കം. പുല്‍വാമ സംഭവത്തിനു ശേഷം ഇവിടെ സന്ദര്‍ശിച്ച കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞത് പാകിസ്ഥാന്റെ പണം വാങ്ങി ഇന്ത്യയിലിരുന്ന് ഇന്ത്യയ്ക്കെതിരേ പണിയെടുക്കുന്ന നേതാക്കളെ കരുതിയിരിക്കണമെന്നാണ്.
ഇതിനു തൊട്ടു പിന്നാലെ കാഷ്മീരിലെ പല വിഘടനവാദി നേതാക്കളുടെയും സെക്യൂരിറ്റി കേന്ദ്രം പിന്‍വലിക്കുകയും ചെയ്തു.പിന്നെ തിരിച്ചടിക്കാന്‍ സൈന്യത്തിന് സമ്പൂര്‍ണ അധികാരം നല്‍കുകയും ചെയ്തു. വിഘടന വാദത്തിന് മക്കളെ ഇറക്കി വിടുന്ന അമ്മമാരോട് ഇനി അങ്ങനെ ചെയ്താല്‍ ദുഖിക്കേണ്ടി വരുമെന്നും സൈന്യം താക്കീത് നല്‍കിയിട്ടുണ്ട്.
ഇനി മുതല്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് പാകിസ്ഥാനു വേണ്ടി മുദ്രാവാക്യം മുഴക്കാനോ ആയുധമെടുത്ത് തെരുവില്‍ ഇറങ്ങാനോ ആരെയും അനുവദിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് സൈന്യം നല്‍കുന്നത്.