പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിലെ മാലിന്യപ്രശ്നത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് മന്ത്രിയുടെ നിര്‍ദേശം. മന്ത്രി എ.സി. മൊയ്തീനാണ് പഞ്ചായത്ത് വാര്‍ഷിക പദ്ധതി സമര്‍പ്പണ യോഗത്തില്‍ വച്ച് ജില്ലാകളക്ടര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
വര്‍ഷങ്ങളായി ജനങ്ങൾ ഉന്നയിക്കുന്ന മാലിന്യപ്രശനത്തിന് ഇതുവരേയും പരിഹാരം കണ്ടെത്താന്‍ നാവിക അധികൃതര്‍ക്കായിട്ടില്ലെന്നും ആറായിരത്തോളം പേര് താമസിക്കുന്ന അക്കാഡമി പ്രദേശത്തെ മാലിന്യങ്ങള്‍ ജനവാസകേന്ദ്രത്തിന് സമീപമുള്ള കേന്ദ്രത്തിലാണ് എത്തുന്നതെന്നും രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദന് യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്കരണ സംവിധാനം ഫലപ്രദമല്ലാത്തതിനാല്‍ മലിന ജലമൊഴുകിയെത്തി കിണറുകളിലെ കുടിവെള്ളം പോലും മലിനമായി. ഖരമാലിന്യ പ്രശ്നത്തിനും സംസ്കരണ സംവിധാനമില്ലെന്നും ഇതിനെല്ലാം പരിഹാരം കാണണമെന്നും ഇദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇക്കാര്യങ്ങളില്‍ അന്വേഷണം നടത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചത്.
സ്വയം പര്യാപ്തമായിരുന്ന ഒരുനാടിനെ ഒട്ടേറെ പ്രതീക്ഷയോടെ നാവിക അക്കാഡമിക്കായി വിട്ടുകൊടുത്ത ജനങ്ങള്‍ മൂന്നര പതിറ്റാണ്ടിന് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നിരാശയിലാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.വി. ഗോവിന്ദൻ പത്രക്കുറിപ്പില്‍ അറിയിച്ചു.
ശുചീകരണത്തിനായി നാവിക അക്കാഡമി പ്രദേശത്ത് ചില സ്ത്രീകള്‍ക്ക് ജോലിയുണ്ടെന്നതൊഴിച്ചാല് മറ്റൊരു ഗുണവും അക്കാഡമി കാരണം നാടിനില്ല. മാലിന്യപ്രശ്നത്തില്‍ സമരങ്ങള്‍ നടന്നപ്പോള്‍ മുഖ്യമന്ത്രി പയ്യന്നൂരിലെത്തി ബന്ധപ്പെടവരുമായി ചര്‍ച്ചകള്‍ നടത്തി.
ഇതേ തുടര്‍ന്ന് നാല് പുതിയ പ്ലാന്റുകള്‍ സ്ഥാപിച്ച് മാലിന്യങ്ങളുടെ വികേന്ദ്രീകരണത്തിലുടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാക്കാമെന്ന് നാവിക അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മാത്രമല്ല ടെൻഡര്‍ നടപടി പോലുമായില്ല.കോളിഫോം ബാക്റ്റീരിയയുടെ അളവ് 1100നും മുകളിലാണെന്ന് ജലത്തിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അനുഭവം ഇവിടേയുമുണ്ടാകാമെന്ന അവസ്ഥയാണുള്ളതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ വിശദീകരിക്കുന്നു.